22 January 2026, Thursday

Related news

January 2, 2026
December 29, 2025
December 21, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 14, 2025
November 30, 2025
November 24, 2025

കരിപ്പൂരും അഡാനിക്ക്? റണ്‍വേയുടെ നീളം വെട്ടിച്ചുരുക്കുമെന്ന് കേന്ദ്ര ഭീഷണി

കെ രംഗനാഥ്
തിരുവനന്തപുരം
July 12, 2023 9:04 pm

കേരളത്തെ സമ്മര്‍ദത്തിലാക്കി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഗൗതം അഡാനിക്ക് കൈമാറാന്‍ കേന്ദ്ര നീക്കമെന്നു സൂചന. കരിപ്പൂരിലെ റണ്‍വേയുടെ നീളം വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് കാണിച്ച് കേന്ദ്ര സിവില്‍ വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് കത്തയച്ചു. റണ്‍വേയുട നീളം കൂട്ടുന്നതിനാവശ്യമായ ഭൂമി ഏറ്റെടുത്തു നല്കുന്നതില്‍ ഇനി കാലതാമസമുണ്ടായാല്‍ ചെറുവിമാനങ്ങള്‍ മാത്രം ഇറങ്ങും വിധത്തില്‍ റണ്‍വേയുടെ നീളം വെട്ടിക്കുറയ്ക്കുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. കരിപ്പൂരില്‍ മൂന്നുവര്‍ഷം മുമ്പ് വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി വന്‍ ദുരന്തമുണ്ടായതിനു പിന്നാലെ നിയോഗിച്ച വിദഗ്ധസമിതിയാണ് നീളം കൂട്ടണമെന്നും റണ്‍വേയുടെ ഇരുവശങ്ങളിലുമുള്ള സുരക്ഷാ മേഖലയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കണമെന്നും ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഇതിനാവശ്യായ ഭൂമി ഏറ്റെടുത്തു നല്കുണമെന്നും കേന്ദ്രം ആവശ്യപ്പെട്ടുവരികയായിരുന്നു. ഭൂമി ഏറ്റെടുത്തു കൈമാറിയില്ലെങ്കില്‍ റണ്‍വേയുടെ നീളം കുറച്ച് സുരക്ഷിതമേഖലയുടെ വീതികൂട്ടുമെന്നുമാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യ തന്നെ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഓര്‍മ്മിപ്പിക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിന് സങ്കീര്‍ണവും ദീര്‍ഘവുമായ നടപടിക്രമങ്ങളാണുള്ളത്. അടിസ്ഥാനവില നിര്‍ണയിക്കുന്ന നടപടികള്‍ ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച ഡപ്യൂട്ടി കളക്ടറുടെ ഓഫിസില്‍ നടന്നുവരുന്നതേയുള്ളു. ഇതിന് സര്‍ക്കാരിന്റെ അനുമതി ലഭിക്കാന്‍ രണ്ടുമാസമെങ്കിലും വേണ്ടിവരും. പിന്നീട് സര്‍വേ നടത്തി ഏറ്റെടുക്കപ്പെടുന്ന ഭൂമിയുടെ ഉടമകളായ കുടുംബങ്ങളുമായി വിപണിവിലയുടെ അടിസ്ഥാനത്തില്‍ പുതുക്കിയ വില നിര്‍ണയിക്കാന്‍ പല തവണ ചര്‍ച്ചകള്‍ നടത്തേണ്ടിവരും. ഇക്കാര്യത്തില്‍ ധാരണയായാല്‍ മാത്രമേ ഭൂമി ഏറ്റെടുത്ത് കൈമാറാനാവൂ.
ഈ നടപടിക്രമങ്ങളിലെ നൂലാമാലകള്‍ കേന്ദ്രത്തിനും അറിയാത്തതല്ല. ഈ സങ്കീര്‍ണതകള്‍ക്കിടയില്‍ ഭൂമി ഏറ്റെടുക്കലിന് കേന്ദ്ര മന്ത്രിതന്നെ ഇടപെട്ട് സമ്മര്‍ദം ചെലുത്തുന്നതിനുപിന്നില്‍ ദുരുദ്ദേശമാണ് ആരോപിക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ അഡാനി പോര്‍ട്ട്സിലെ ഉന്നതതല സംഘങ്ങള്‍ കരിപ്പൂര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനത്തെക്കുറിച്ച് പഠനം നടത്തിയതായി വിമാനത്താവള ജീവനക്കാര്‍ പറയുന്നു. ഈ സന്ദര്‍ശനങ്ങളും കേന്ദ്രമന്ത്രിയുടെ ധൃതിപിടിച്ചുള്ള കത്തും കൂട്ടിവായിക്കേണ്ടതാണ്. നടപടിക്രമങ്ങള്‍ പാലിച്ച് ഭൂമി ഏറ്റെടുത്ത് കൈമാറാന്‍ എട്ടു മാസമെങ്കിലും വേണ്ടിവരും.
ഭൂമി ഏറ്റെടുത്തില്ലെന്ന പഴി സര്‍ക്കാരിനുമേല്‍ ചാരി റണ്‍വേയുടെ നീളം കുറച്ച് സുരക്ഷിതമേഖലയുടെ വീതി കൂട്ടാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. റണ്‍വേയുടെ നീളം കുറച്ചാല്‍ വീതിയേറിയ വന്‍ വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വീസ് നടത്താനാകാതെ വരും. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടിയുംവരും. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൗകര്യം ഇല്ലാതാകുന്നതോടെ ഗള്‍ഫ് വിമാനക്കമ്പനികള്‍ കരിപ്പൂരിനെ ഒഴിവാക്കും. ഇത് ഗള്‍ഫ് പ്രവാസികളുടെ യാത്രാദുരിതം പതിന്മടങ്ങ് വര്‍ധിപ്പിക്കും. ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിച്ച് കരിപ്പൂര്‍ നഷ്ടത്തിലാണ് പറക്കുന്നതെന്ന കണക്കുകള്‍ നിരത്തി വിമാനത്താവളം അഡാനിക്ക് കൈമാറാനുള്ള ആസൂത്രിതതന്ത്രമാണ് കേന്ദ്രം പയറ്റുന്നതെന്ന് അതോറിറ്റി വൃത്തങ്ങള്‍ തന്നെ പറയാതെ പറയുന്നു.

eng­lish sum­ma­ry ; Karipur too for Adani? Cen­ter threat­ens to cut length of runway

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.