14 November 2024, Thursday
KSFE Galaxy Chits Banner 2

കര്‍ക്കടക തെയ്യങ്ങള്‍ വരവായ്

കെ വി പത്മേഷ്
കാസർകോട്
August 2, 2023 7:30 am

കര്‍ക്കടകത്തില്‍ ഉത്തരമലബാറിലെ വീടുകളില്‍ ആടിവേടന്‍ എത്തിത്തുടങ്ങി. കാസര്‍കോട്, കണ്ണൂര്‍, ജില്ലകളില്‍ കെട്ടിയാടുന്ന തെയ്യക്കോലമാണ് ആടിവേടന്‍. പതിവു തെറ്റിക്കാതെ ഈ കര്‍ക്കടകത്തിലും ഉത്തരമലബാറിന്റെ നാട്ടിടവഴികളിലൂടെ ആടിവേടനെത്തി. ഇല്ലായ്മയുടെ പഞ്ഞമാസക്കാലത്ത് പ്രകൃതിക്കും മനുഷ്യനും സംഭവിക്കുന്ന ദുരിതങ്ങളെ അകറ്റാനാണ് ശിവസങ്കല്‍പമായ വേടരൂപം വീടുകളിലെത്തുന്നത്. ആധിവ്യാധികളെ ആട്ടിയകറ്റുന്നതിനായി ഈ കുഞ്ഞ് തെയ്യക്കോലം ഒറ്റച്ചെണ്ടയുടെ താളത്തിനൊത്ത് ചുവടുവയ്ക്കുന്നു. കാസര്‍കോട്, കണ്ണൂര്‍, ജില്ലകളില്‍ ആചാരാനുഷ്ഠാനങ്ങളിലെ പരമമായ സാന്നിധ്യമാണ് ആടിയും വേടനും. പാശുപതാസ്ത്രത്തിനായി തപസുചെയ്ത അര്‍ജ്ജുനനെ പരീക്ഷിക്കാനായി ശിവന്‍ ആടി വേഷത്തിലെത്തിയെന്നതാണ് ഐതിഹ്യം. മലയന്‍, വണ്ണാന്‍ വിഭാഗങ്ങളില്‍ പെട്ട ആണ്‍ കുട്ടികളാണ് ഈ കോലം കെട്ടിയാടുന്നത്.

നാട്ടു വഴികളിലൂടെയും പാടവരമ്പിലൂടെയും എത്തുന്ന കർക്കടക തെയ്യങ്ങൾ വടക്കേ മലബാറിന്റെ മാത്രം പ്രത്യേകതയാണ്. ശിവൻ, പാർവതി, അർജുനൻ എന്നീ പുരാണ കഥാപാത്രങ്ങളെ അനുസ്‌മരിപ്പിച്ച് മൂന്നു തെയ്യങ്ങളാണ് പഞ്ഞ മാസമായ കർക്കടകത്തിലെ ആധികളും വ്യാധികളും ആടിയൊഴിപ്പിക്കാന്‍ വീടുകളിൽ എത്തുന്നത്. മലയൻ സമുദായക്കാർ ആടിവേടൻ (ശിവൻ) തെയ്യവും വണ്ണാൻ സമുദായക്കാർ വേടത്തി (പാർവതി) തെയ്യവും കോപ്പാള അഥവ നല്‍ക്കത്തായ സമുദായക്കാർ ഗളിഞ്ചൻ (അർജുനൻ) തെയ്യവുമാണ് കെട്ടിയാടുന്നത്. വീടുകളിലെത്തുന്ന തെയ്യത്തെ നിലവിളക്ക് തെളിയിച്ച് വരവേല്‍ക്കും. തുടര്‍ന്ന് തോറ്റം പാടിയതിനു ശേഷം കരിക്കട്ട ഉഴിഞ്ഞ ഗുരുശി വെളളം തെക്കോട്ട് ഒഴിക്കുന്നതോടെ ആധിവ്യാധികള്‍ വീട്ടില്‍ നിന്ന് ഒഴിഞ്ഞ് പോകുമെന്നാണ് വിശ്വാസം.
തെയ്യം എത്തിത്തുടങ്ങുന്ന ദിവസങ്ങൾക്ക് പ്രാദേശിക അടിസ്ഥാനത്തിൽ ചില മാറ്റമുണ്ട്. കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴയുടെ വടക്കുഭാഗത്ത് കാറഡുക്ക, മുളിയാർ, മുള്ളേരിയ, അഡൂർ, മാന്യ, പട്ല, ചെർക്കള, മല്ലം തുടങ്ങിയ പ്രദേശങ്ങളിൽ കർക്കടകം ഒന്നിനാണ് തെയ്യം ഇറങ്ങുക. എന്നാൽ പുഴയുടെ മറുകരയിൽ തെക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ 16 മുതലാണ് പുറപ്പാട്. സമുദായത്തിലെ കുട്ടികളാണ് കോലമണിയുക. 

വീടുകളിൽ നിന്ന് ദക്ഷിണയായി ലഭിക്കുന്ന പണം, അരി, പച്ചക്കറി, നെല്ല് തുടങ്ങിയവയാണ് ഇവരുടെ ചെറുവരുമാനം. കാസർകോട് ജില്ലയിലെ മാത്രം പ്രത്യേകതയാണ് കർക്കടകത്തിലെ ഗളിഞ്ചൻ തെയ്യം. കോപ്പാളർ കെട്ടുന്ന തെയ്യമാണ് ഗളിഞ്ചൻ തെയ്യം. കർണാടക സംസ്ഥാനത്തോടു ചേർന്നു നിൽക്കുന്ന ഭാഗങ്ങളിലാണ് ഈ തെയ്യം കണ്ടു വരുന്നത്.

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.