22 December 2024, Sunday
KSFE Galaxy Chits Banner 2

കര്‍മ്മമാണ് യുവത്വം

അജിത് കൊളാടി
വാക്ക്
December 4, 2021 6:30 am

ജീവിതത്തിന്റെ അതിര്‍ത്തി എവിടെ അവസാനിക്കുന്നുവോ, അവിടെ മാത്രമെ കര്‍മ്മവും സംസ്‌കാരവും അവസാനിക്കൂ. സാഹിത്യ കലാ പ്രതിഭാസങ്ങളെപോലെ രാഷ്ട്രീയാദി പ്രവര്‍ത്തനങ്ങളെയും ഉള്‍പ്പെടുത്തുന്ന പ്രതിഭാസമാണ് കര്‍മ്മത്തിലൂന്നിയ സംസ്‌കാരം. അനന്യമായ പ്രതിഭാവൈശിഷ്ട്യങ്ങളോടെയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. ധൈര്യം, വീര്യം, നിഷ്ഠ, പ്രതിബദ്ധത എന്നിവയെല്ലാം മനുഷ്യപ്രകൃതിയുടെ ചില ഗുണങ്ങളോ, വശങ്ങളോ ആണ്. ആ ഗുണങ്ങള്‍ ശക്തിധര്‍മ്മങ്ങളുമാണ്. സ്വാഭാവിക പ്രക്രിയയിലൂടെ ഇവ ഒരു പൂവിന്റെ സൗരഭ്യംപോലെ, അല്ലെങ്കില്‍ പുഴയുടെ ഒഴുക്കുപോലെ എല്ലായിടത്തും വ്യാപിക്കുന്നു. ഇവയെ അനന്തമായി വളര്‍ത്തുക യുവത്വത്തിന്റെ പ്രാഥമിക കടമയാണ്. ഒരു നായകന്റെ പ്രയാണം ഏറ്റെടുക്കുന്നതിനായി വേണ്ടത് വിശിഷ്ടമായ പ്രകൃതിഗുണങ്ങളാണ്. ഒരു സന്ദര്‍ഭത്തോട് ഒരാള്‍ പ്രതികരിക്കുന്ന രീതിയാണ് നായകന്റെ പ്രകൃതിഗുണത്തെ നിര്‍ണയിക്കുന്നത്. സാഹചര്യങ്ങള്‍ മാറുമ്പോഴും സമചിത്തത കൈവെടിയാതെയുള്ള സമീപനം, നിതാന്ത ജാഗ്രത, ഔത്സുക്യം, ആത്മധൈര്യം, ആശയ വിനിമയം നടത്താനുള്ള കഴിവ്, ആശയ പ്രതിബദ്ധത, സാമൂഹ്യ പ്രതിബദ്ധത എന്നിവയെല്ലാം നായകനുള്ള സവിശേഷതകളാണ്. യുവത്വം നേതൃത്വമാകണം. ഒരു വീരനായകന്റെ പ്രതിഭ, വ്യക്തിത്വത്തിനുള്ളില്‍ ഒളിഞ്ഞുകിടപ്പുണ്ട്. ജീവിതത്തിലുടനീളം പ്രതിഭാവിലാസത്തിന്റെ പുഷ്പിക്കലാണ് ഒരു വീരനായകന്റെ യഥാര്‍ത്ഥ കര്‍മ്മം. അത്തരം യുവതീയുവാക്കളെയാണ് ലോകം കാത്തിരിക്കുന്നത്. മഹാഭാരതകഥ മുഴുവന്‍ രാഷ്ട്രീയം ആണ്. രാഷ്ട്രീയ ജീവിതത്തിന്റെ പരാജയം സംഭവിക്കുമ്പോള്‍ അതിനെ നന്നാക്കാന്‍ മൂല്യോദ്ധാരണം നടത്തേണ്ട ചുമതല യുവാക്കള്‍ക്കാണ്. മഹാഭാരതത്തിലെ കുരുക്ഷേത്രഭൂമി കര്‍മ്മഭൂമിയുടെ പ്രതീകമാണ്. തുടക്കത്തില്‍ തന്നെ അര്‍ജുന്‍ അകര്‍മ്മണ്യതയില്‍ പ്രവേശിച്ചു. അകര്‍മ്മണ്യത എന്നു വച്ചാല്‍, എന്തുചെയ്യണമെന്ന് തീരുമാനിക്കാതെ ശങ്കയില്‍ കഴിയലാണ്. യുവത്വം അങ്ങനെ ആകരുത്. തീരുമാനം എടുക്കലും നടപ്പാക്കലുമാണ് ജീവിതം. അര്‍ജുനവിഷാദം എന്നത് തീരുമാനമെടുക്കാത്തവന്റെ വിഷാദമാണ്. ഇന്ത്യ ഇന്നും ഈ രോഗത്തിന്റെ പിടിയിലാണ്. വിഷാദരോഗത്തിനടിമയായ അര്‍ജുനനെ ഉദ്ധരിക്കാന്‍ ഗീതോപദേശം ഉണ്ടാകുന്നു. ‘സേനയോരുഭയോര്‍ മദ്ധ്യേ’ രഥം നിര്‍ത്താന്‍ ആവശ്യപ്പെട്ട അര്‍ജുനന്‍, രഥം സേനകള്‍ക്ക് നടുവില്‍ നിര്‍ത്തിയപ്പോള്‍ ചുറ്റുംനോക്കി. ചുറ്റുമുള്ളവരെ കണ്ട് പരിഭ്രാന്തനായി, ഭയമായി, സ്‌നേഹവുമായി. കനത്ത സമ്മര്‍ദ്ദത്തിലായി. തീരുമാനമെടുക്കാനാകാതെ മോഹാലസ്യപ്പെട്ടു. യുദ്ധം ചെയ്യണമോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സാധിച്ചില്ല അര്‍ജുനന്. തീരുമാനമെടുക്കാന്‍ കഴിവുള്ളവരാകണം എന്നും യുവത്വം. അര്‍ജുനവിഷാദരോഗം പിടികൂടരുത്. ഈ രാജ്യത്ത് ഇപ്പോഴും നമ്മള്‍ ജീവിക്കുന്നത് ‘സേനയോരുഭയോര്‍ മദ്ധ്യേ’ ആണ്. ആരുടെ കൂടെ നില്‍ക്കണം എന്നതാണ് ചോദ്യം. വര്‍ഗീയ മതമൗലികവാദികളുടെ കൂടെയോ, മതേതരവാദികളുടെ കൂടെയോ സഹിഷ്ണുതയുടെയോ അസഹിഷ്ണുതയുടെയോ സ്‌നേഹത്തിന്റെയോ വിദ്വേഷത്തിന്റെയോ സത്യത്തിന്റെയോ അസത്യത്തിന്റെയോ? ഇങ്ങനെ പല ചോദ്യങ്ങളും ഉയരുന്നു. മഹാഭാരതത്തിലെ ഉത്തരനെ പോലെ പേടിച്ചോടരുത്. പേരുകേട്ടാല്‍ എല്ലാറ്റിനും ഉത്തരം ഉണ്ട് എന്നു കരുതും. പേരിലല്ല മഹിമ, കര്‍മ്മത്തിലാണ്. അതാണ് യുവത്വം.


ഇതുകൂടി വായിക്കാം; എത്രയെത്ര സ്വാതന്ത്ര്യ ദിനങ്ങൾ


തീരുമാനമെടുക്കാത്തവര്‍ നശിക്കും ഭഗവദ് ഗീതയും പറയുന്നു. ‘സംശയാത്മാ വിനശ്യതി.’ ഇന്ത്യ തീരുമാനമെടുക്കാതെ ഇന്ന് നശിച്ചുകൊണ്ടിരിക്കുന്നു. ഫാസിസ്റ്റുകളുടെ താണ്ഡവത്തിനെതിരെ അസന്ദിഗ്ധമായ പ്രതിരോധം തീര്‍ക്കലാണ് യുവത്വത്തിന്റെ കര്‍മ്മം. നിസംഗരായി ഇരിക്കുമ്പോള്‍ അത് യുവത്വമല്ലാതായി തീരുന്നു. ഇന്നത്തെ ഇന്ത്യയിലെ ഭരണാധികാര വര്‍ഗത്തിന് മനുഷ്യരെ ഒന്നായി കാണാന്‍ പറ്റില്ല. തന്റെ ആശ്രിതരുടെയും സുഹൃദ്വലയത്തെയും ബന്ധുമിത്രാദികളെയും മാത്രം കാണുന്നവരുടെ മനസാണ് അവരുടേത്. അതാണ് അവരുടെ ലോകം. വലിയ മനുഷ്യലോകം അവര്‍ക്കില്ല. വിശാലലോകം കാണുന്നവരാണ് യുവാക്കള്‍. നിരന്തരം മനുഷ്യനെ ഒന്നായി കാണാന്‍ പ്രവര്‍ത്തിക്കണം. കര്‍മ്മത്തിന്റെ മുന്നില്‍ പക്ഷപാതം പിടിച്ചവരെ പോലെ ഇരിക്കാന്‍ പാടില്ല. കര്‍മ്മമാണ് യുവത്വം. ഇന്ന് ഭരണാധികാരികളുടെ പ്രവൃത്തികള്‍ ജനദ്രോഹപരമാണ്. മനുഷ്യ വിരുദ്ധതയാണ് അവര്‍ നടപ്പിലാക്കുന്നത്. അത്തരം തീരുമാനങ്ങള്‍ക്കെതിരെ ഉയര്‍ത്തെഴുന്നേല്‍ക്കലാണ് യൗവനം ചെയ്യേണ്ടത്. മഹാഭാരതത്തില്‍ മുന്നോട്ടു പോക്കിന്റെ പര്യായമായി യൗവനത്തെ പറയും. യൗവനം നഷ്ടപ്പെടുമ്പോള്‍ പൃഥ്വി എല്ലാ അശാന്തിയുടെയും ദുഃഖത്തിന്റെയും ഇരിപ്പിടമാകും, അതനുവദിക്കരുത്. യുവത്വം എന്നത് ഒരു മാനസികാവസ്ഥയാണ്. അത് സചേതനമായി നിലനിര്‍ത്തണം. വ്യാസന്‍ നമ്മുടെ മുന്നില്‍ അവസാനമായി അവശേഷിപ്പിക്കുന്നത്, ഗതയാമമായ ഒരു രാഷ്ട്രത്തിന്റെ സമ്പൂര്‍ണമായ നാശത്തിന്റെ തേങ്ങലാണ്. അത് വരാനിരിക്കുന്ന തലമുറകള്‍ സ്വന്തം രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ കണ്ടെത്തുമ്പോള്‍ വ്യാസഭാരതം ജീവന്‍ വയ്ക്കുന്നു. ഇവിടെ ബാബറി മസ്ജിദ് വീണപ്പോഴും മതകലാപങ്ങള്‍ ഉണ്ടാകുമ്പോഴും ദളിത് പീഡനങ്ങള്‍ നടക്കുമ്പോഴും സ്ത്രീകളെ നിരന്തരം ആക്രമിക്കുമ്പോഴും കുട്ടികള്‍ പീഡിക്കപ്പെടുമ്പോഴും നോട്ടു നിരോധനം നടന്നപ്പോഴും മഹാമാരിക്കാലത്ത് ആയിരക്കണക്കിന് തൊഴിലാളികള്‍ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കേണ്ടി വന്നപ്പോഴും മൂലധനശക്തികളുടെ വളര്‍ച്ച അനുസ്യൂതം ഉണ്ടാകുമ്പോഴും അസന്ദിഗ്ധമായ സമരം നടത്തുന്ന ധീര കര്‍ഷകരില്‍ എഴുന്നൂറോളം പേര്‍ മരിച്ചു വീണപ്പോഴും അധികാരികള്‍ കര്‍ഷകരുടെ നേര്‍ക്ക് കാര്‍ കയറ്റി അവരുടെ ജീവന്‍ എടുത്തപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോഴും രാഷ്ട്രപിതാവായ മഹാത്മാഗാന്ധി നിരന്തരം വധിക്കപ്പെടുമ്പോഴും എങ്ങും ജനാധിപത്യ ധ്വംസനം നടക്കുമ്പോഴും ഇന്ത്യക്ക് യൗവനം നഷ്ടപ്പെട്ടു. അതാണ് ഫാസിസ്റ്റ് മൂലധനശക്തികള്‍ക്കാവശ്യം. കാലം സ്തംഭിച്ചു നില്‍ക്കുന്നു. അത്തരമൊരു കാലത്തെ ചലിപ്പിക്കുന്നവരാണ് യുവാക്കള്‍. അതിന് ഹൃദയഭിത്തികളെ മാറ്റണം. നമ്മുടെ രാഷ്ട്രം പ്രാചീനയുഗത്തിലെ ഒരു സ്തബ്ധ വര്‍ഷത്തില്‍ പക്ഷാഘാതം സംഭവിച്ചെന്നപോലെ ഇരിക്കാന്‍ പാടില്ല. ചിന്താദാരിദ്ര്യം അനുവദിക്കരുത്. സര്‍ഗാത്മകമായ യുവത്വം സമൂഹത്തിന്റെ ചാലകശക്തിയാണ്. പ്രാകൃതാശയങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ യൗവനം നിലനിര്‍ത്തണം. ഇന്ത്യയില്‍ ഇന്ന് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ വിരുദ്ധ, മുതലാളിത്ത വിരുദ്ധ സമരങ്ങള്‍ വിജയിച്ചേ മതിയാകൂ. അതിന് വര്‍ഗീയശക്തികള്‍, മത രാഷ്ട്രീയശക്തികള്‍, വികൃതവും വിഷലിപ്തവുമാക്കുന്ന മനുഷ്യരുടെ സ്വകാര്യ ജീവിതപ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ഒരു ജൈവ രാഷ്ട്രീയസമീപനം യുവാക്കള്‍ വളര്‍ത്തണം. ഇവിടെ ഫാസിസ്റ്റുകള്‍ ദേശീയ വികാരം രൂപപ്പെടുത്തുന്നു. മോഡി രക്ഷകനായി മാറുന്ന ദേശീയ വികാരം. ദളിത് ന്യൂനപക്ഷ പീഡനവും ജിഎസ്ടി നടപ്പാക്കലും പെട്രോള്‍-ഡീസല്‍ വര്‍ധനയും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കലും കോവിഡ്കാലത്തെ മഹാദുരിതവും ഇതെല്ലാം മൂടിപ്പോകത്തക്കവിധത്തിലാണ് ഇന്ത്യയുടെ ഭാവി എന്ന ദേശീയവാദികളുടെ മുദ്രാവാക്യം പ്രചരിപ്പിക്കപ്പെടുന്നു. സത്യം തുറന്നു കാട്ടണം യുവാക്കള്‍.


ഇതുകൂടി വായിക്കാം; ഇനി യുവതീമുന്നേറ്റത്തിന്റെ നാളുകൾ


ഇവിടെ യഥാര്‍ത്ഥത്തില്‍, ന്യൂനപക്ഷങ്ങള്‍, അടിച്ചമര്‍ത്തപ്പെട്ട ജാതികള്‍, പിന്നാക്ക വിഭാഗക്കാര്‍, സ്ത്രീകള്‍, ആദിവാസികള്‍ തുടങ്ങി ബഹുഭൂരിപക്ഷം വരുന്ന കീഴാള ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തി അമര്‍ച്ച ചെയ്യപ്പെടുകയാണ്. അവരുടെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഒരു കപട ദേശീയ വികാരം സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ ജനതയെ സ്തംഭിപ്പിക്കുന്ന ഒരു പ്രതീതി ഇവിടെ ഫാസിസ്റ്റുകള്‍ സൃഷ്ടിച്ചു. അതിനെതിരെ ജ്വലിക്കുന്ന ജ്വാലയാണ് യഥാര്‍ത്ഥ യുവത്വം. ഇന്നത്തെ ഭരണാധികാരികള്‍ പല മേഖലകളിലും അധികാരം പ്രയോഗിക്കുന്നു. വിശ്വാസത്തിന്റെയും പഴയ ചിന്തകളുടെയും അടിസ്ഥാനത്തില്‍ ഏറ്റവും താഴെ നിന്ന് ജനങ്ങളെ ഉണര്‍ത്തുന്നു. മതം, രാജ്യം, സംസ്‌കാരം എല്ലാം രക്ഷിക്കാന്‍ ഓരോരുത്തരും മുന്നോട്ടു വരണം എന്നാണ് സംഘപരിവാര്‍ പറയുന്നത്. കപട ദേശീയത വ്യാപകമാകുന്നു. ഇങ്ങനെ ജനങ്ങളെ ഗഹനമായി പിടികൂടുന്ന രാഷ്ട്രീയ പ്രതിഭാസമാണ് ഫാസിസം. ഇതിനെ സര്‍ഗാത്മക യുവത്വം പ്രതിരോധിക്കണം. ഒരു കാര്യം ഓര്‍ക്കുക. ഫാസിസ്റ്റ് രാഷ്ട്രീയബോധത്തില്‍ ഏതെങ്കിലും ഒരു നേതാവിനോ, ബിംബത്തിനോ, സ്വയം അടിമപ്പെടുന്നതില്‍ ജനങ്ങള്‍ക്ക് ആഹ്ലാദമാണ്. ജനങ്ങള്‍ സ്വയം അടിമത്തം ആഗ്രഹിക്കുന്നു. മാനസിക അടിമത്തത്തെ പുല്‍കുന്നു. സര്‍ഗാത്മകതയുടെ പ്രതീകമായ യുവത്വം അടിമത്തത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കണം. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം മുതലായ ആദര്‍ശങ്ങള്‍ നക്ഷത്രങ്ങളെപോലെ പരിഭ്രമണം ചെയ്യുന്ന ക്ഷീരപഥമാണ് നമ്മുടെ ഭരണഘടന. ഇന്ന് ആ ഭ്രമണപഥത്തില്‍ നിന്ന് അവയെല്ലാം ഭ്രംശിപ്പിച്ച് അനീതി മണ്ഡലങ്ങളാക്കി മാറ്റുന്നു അധികാര കേന്ദ്രങ്ങളും സമ്പത്തിന്റെ കോട്ടകളും. അവരുടെ ആഭിചാര പ്രക്രിയകള്‍ക്ക് എതിരെ അഹോരാത്രം പോരാടുന്നവരാണ് യുവജനത. യഥാര്‍ത്ഥ മതത്തിന്റെ സ്‌നേഹമാര്‍ഗം വെടിഞ്ഞ് അന്യവിരോധം മതമാക്കിയ ഒരു രാഷ്ട്രീയ കക്ഷി, വ്യാജ ഭക്തി ഉണ്ടാക്കുന്ന തീവ്രവികാരങ്ങളെ ആയുധമാക്കുന്നത് വെറും ചിത്തഭ്രമത്തിന്റെ ലക്ഷണമാണ്. ഏതു മതമൗലികവാദ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ആപല്‍ക്കരമാണ്. അചഞ്ചലമായ പോരാട്ടം അതിനെതിരെ നടത്തേണ്ടത് യുവാക്കളാണ്. സബര്‍മതി ആശ്രമത്തിന്റെ കണ്ണില്‍ നിന്ന് ഒലിച്ചു താഴുന്ന കണ്ണീര്‍ തുള്ളികള്‍ മണ്ണില്‍ അലിഞ്ഞ് ഇല്ലാതാവുകയില്ല. ആ കണ്ണീരിന്റെ വേദനയറിഞ്ഞ്, മതേതര ഇന്ത്യക്കു വേണ്ടി അസന്ദിഗ്ധമായ പോരാട്ടം നടത്തുകയാണ് യുവത്വത്തിന്റെ ഉത്തരവാദിത്തം. ഫാസിസ്റ്റുകള്‍ക്ക് ഭൂരിപക്ഷത്തെ രാഷ്ട്രീയ ഭൂരിപക്ഷത്തില്‍ നിന്ന് വര്‍ഗീയ ഭൂരിപക്ഷത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇവിടത്തെ ഒരു വലിയ പ്രശ്‌നം. ഡോ. ബി ആര്‍ അംബേദ്കര്‍ പറഞ്ഞത് ഓര്‍ക്കുക. ‘ഇന്ത്യയില്‍ എന്നെങ്കിലും ഒരു ഹിന്ദു രാഷ്ട്രവാദം ഉയര്‍ന്നാല്‍, ഹിന്ദു ഭൂരിപക്ഷ ഭരണമുണ്ടായാല്‍ അതായിരിക്കും ഇന്ത്യ നേടുന്ന ഏറ്റവും വലിയ ദുരന്തം.’ ആ ദുരന്തമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. അദ്ദേഹം വീണ്ടും പറഞ്ഞു, ”ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തില്‍ അനിവാര്യമെന്ന് ഞാന്‍ കരുതുന്ന ഒന്നുണ്ട്. ഭൂരിപക്ഷത്തിന്റെ ഭീകരവാഴ്ച ന്യൂനപക്ഷത്തിന്നു മുകളില്‍ ഉണ്ടാകാതിരിക്കണം. ഭൂരിപക്ഷ ഭരണം നടക്കുമ്പോഴും ന്യൂനപക്ഷത്തിന്നു സുരക്ഷിതത്വം അനുഭവപ്പെടണം’. ഇവിടെ ഇന്നതുണ്ടോ? ജനാധിപത്യം എല്ലാവര്‍ക്കും തുല്യനീതിയും തുല്യ അവകാശവും നല്‍കണം. യുവാക്കളുടെ ദൗത്യം അത് നേടിയെടുക്കലാണ്.


ഇതുകൂടി വായിക്കാം; ജനാധിപത്യം കാത്തുരക്ഷിക്കാൻ പോരാടാം


മാക്കെവെല്ലി എഴുതി, ‘അധികാരം നിലനിര്‍ത്താന്‍ നിങ്ങള്‍ ലജ്ജാഹീനരാകണം. ആദര്‍ശങ്ങളില്‍ നിന്നും ധാര്‍മ്മികതകളില്‍ നിന്നും മുക്തരാകണം. അധികാരികള്‍ കാപട്യക്കാരും ഭീരുക്കളും അത്യാര്‍ത്തിക്കാരുമാകണം’. ഈ പറഞ്ഞതൊക്കെ ഇവിടെ കാണാം. ഇത്തരക്കാര്‍ക്കെതിരെ യൗവനം ഉണരണം. യൗവനത്തിന്റെ ആന്തര സംക്രമണം പുരാണങ്ങളില്‍ കാണാം. ആ യൗവനം സ്വാതന്ത്ര്യത്തിന്റേതാണ്. ഫാസിസ്റ്റുകള്‍ സ്വാതന്ത്ര്യം എന്ന് നെറ്റിയില്‍ ഒട്ടിച്ചു വച്ച് സങ്കുചിതത്വത്തിന്റെ ഗുഹാന്തരങ്ങളിലേക്ക് പോകുന്നു. അത് ദേശവഞ്ചനയാണ്. ഭരണകര്‍ത്താക്കള്‍ പാരതന്ത്ര്യത്തിന്റെ പാതാളങ്ങളിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നു. അതിനെതിരെ പ്രതിരോധം തീര്‍ക്കലാണ് യൗവനം. നുണകളും പ്രഹസനങ്ങളും നമ്മുടെ രാഷ്ട്രീയ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന പ്രവണതകളെ നിരന്തരം എതിര്‍ക്കണം. ജീവിതകാലം മുഴുവന്‍ നുണകളില്‍ ചെലവഴിക്കേണ്ടി വരുന്ന ഫാസിസ്റ്റ്, മൂലധനശക്തികളുടെ രീതിയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ യുവജനതക്കേ കഴിയൂ. ധീരനായകരാകണം യുവജനത. അവര്‍ കാലത്തിന്റെ വഴിത്താരകളില്‍ സ്വന്തം കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കണം. വീരസാഹസ പന്ഥാവുകളിലെ നാഴികക്കല്ലുകളായി ആ കാലടിപ്പാടുകളെ നോക്കിക്കാണാന്‍ അവര്‍ തലമുറകളെ പ്രചോദിപ്പിക്കണം. ജീവിതത്തെ, ചിന്തകളെ നിരന്തരം നവീകരിക്കണം. നായികാനായകന്മാര്‍ വരികയും പോവുകയും ചെയ്യും. നക്ഷത്രങ്ങള്‍ മിന്നും പൊലിയും. എന്നാലും ധീരോദാത്തതയുടെ, വിശ്വാസ്യതയുടെ, മനുഷ്യസ്‌നേഹത്തിന്റെ, അനീതിക്കും അധര്‍മ്മത്തിനും അസഹിഷ്ണുതക്കും എതിരായ സന്ധിയില്ലാ പോരാട്ടങ്ങളുടെ ഉരകല്ലുകള്‍ ഒരിക്കലും മാറുകയില്ല. അതാണ് യുവത്വത്തിന്റെ കര്‍മ്മം. സത്യസന്ധമായ ചരിത്രം മനുഷ്യകുലത്തിന്റെ നിലനില്പിന്റെയും മുന്നോട്ടു പോക്കിന്റെയും അടിത്തറയാണ്. അതിനെ പഠിച്ച്, ഇന്നലെകളുടെ അനുഭവങ്ങളുടെ ഓജസും തേജസും അറിഞ്ഞ്, അതിന്റെ മൂല്യങ്ങള്‍ മനസിലാക്കി, വര്‍ത്തമാനകാലത്ത് നൂതനചിന്തകളിലൂടെ യുവജനതയെ മുന്നോട്ടു നയിക്കുമ്പോള്‍, മനുഷ്യസ്‌നേഹത്തിന്റെ പരിമളം പടര്‍ത്തുമ്പോള്‍, മനുഷ്യനെ ഒന്നായി കാണുമ്പോള്‍ അത് ഒരു വലിയ സംസ്‌കാരമായി മാറുന്നു. കര്‍മ്മത്തിന്റെ സംസ്‌കാരം. ആ കര്‍മ്മം നിര്‍വഹിക്കുന്ന സര്‍ഗാത്മക പ്രതിഭാസമാണ് യുവജനത.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.