7 December 2025, Sunday

Related news

December 1, 2025
November 29, 2025
November 28, 2025
November 24, 2025
November 24, 2025
November 23, 2025
November 22, 2025
November 21, 2025
November 20, 2025
November 17, 2025

കർണാടക ജാതിസർവേ; സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി, സർവേ തുടരും

Janayugom Webdesk
ബംഗളൂരു
September 26, 2025 9:20 am

കർണാടക സർക്കാർ ആരംഭിച്ച സാമൂഹിക‑സാമ്പത്തിക സർവേ (ജാതിസർവേ) തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കർണാടക ഹൈക്കോടതി തള്ളി. സർവേയിൽ ഇടപെടാൻ കാരണമൊന്നും കാണുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, സർവേ തുടരാൻ അനുമതി നൽകി. ചീഫ് ജസ്റ്റിസ് വിഭു ബഖ്‌റു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. രാജ്യവൊക്കലിഗ സംഘ, അഖില കർണാടക ബ്രാഹ്മണ മഹാസഭ, അഖില കർണാടക വീരശൈവ‑ലിംഗായത്ത് മഹാസഭ എന്നിവയുൾപ്പെടെയുള്ള സമുദായ സംഘടനകൾ നൽകിയ പൊതുതാത്പര്യ ഹർജികളാണ് കോടതി പരിഗണിച്ചത്. സർവേ താത്കാലികമായി തടയുന്നതിനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

ശേഖരിക്കുന്ന ഡാറ്റകൾ പുറത്താകില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു. സർവേയിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്ന കാര്യം വിജ്ഞാപനം ചെയ്യണമെന്നും നിർദേശിച്ചു. താത്പര്യമുണ്ടെങ്കിൽ മാത്രം പങ്കെടുത്താൽ മതിയെന്നും കോടതി വ്യക്തമാക്കി. സർവേയിലെ ഡാറ്റകൾ സ്വകാര്യമായി സൂക്ഷിക്കുന്നത് ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികൾ വിവരിച്ച് വെള്ളിയാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി പിന്നാക്കവിഭാഗ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാക്കവിഭാഗ കമ്മിഷന്റെ മേൽനോട്ടത്തിലാണ് സർവേ നടത്തുന്നത്. സർവേയിൽ ഒരു വിവരവും നിർബന്ധമായി ആരും നൽകേണ്ടതില്ലെന്നകാര്യം എന്യൂമറേറ്റർമാരെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഓരോ സമുദായങ്ങൾക്കും അവരുടെ പ്രാതിനിധ്യം ശരിയായരീതിയിൽ ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് സർവേ നടത്തുന്നതെന്ന് പിന്നാക്കവിഭാഗ കമ്മിഷൻ കോടതിയെ അറിയിച്ചു. സർവേയിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കേണ്ടതില്ലെന്ന് എന്യൂമറേറ്റർമാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി. അതേസമയം, ഈ സർവേയെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.