സിബിഐ അന്വേഷണത്തിനുള്ള പൊതുഅനുമതി റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍. കേന്ദ്ര അന്വേഷണ ഏജന്‍സി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതോടെ സംസ്ഥാനത്തെ കേസുകളില്‍ അന്വേഷണം നടത്താനുള്ള സിബിഐ അംഗീകാരം റദ്ദായി.
മൈസൂരു മുഡ ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അന്വേഷണം നടത്തണമെന്ന പ്രത്യേക കോടതി വിധിക്ക് പിന്നാലെയാണ് സുപ്രധാന നീക്കം. ബിജെപി തീരുമാനം അനുസരിച്ച് പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്ന സിബിഐ നിലപാട് വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് സംസ്ഥാന നിയമമന്ത്രി എച്ച് കെ പാട്ടീല്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള മുഡ കേസിലെ അന്വേഷണവുമായി അനുമതി നിഷേധിക്കലിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ അംഗീകരിക്കില്ല. മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതിക്കേസില്‍ മന്ത്രിസഭയും ജനങ്ങളും അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിബിഐക്ക് കൈമാറിയ പല കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. പല കേസുകളും അനിശ്ചിതമായി നീളുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പശ്ചിമ ബംഗാള്‍, തമിഴ‌്നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സിബിഐ അന്വേഷണ അനുമതി റദ്ദാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.