കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരോടും ജനങ്ങളോടും നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. വിദ്വേഷത്തിന്റെ വിപണി പൂട്ടി, സ്നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുൽ പ്രതികരണമറിയിച്ചത്. ജനങ്ങള്‍ക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകുമെന്ന് രാഹുൽ പറഞ്ഞു. ആദ്യ ക്യാബിനറ്റ് യോഗത്തിൽ പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയത്. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവര്‍ത്തിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ വിജയത്തില്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. കര്‍ണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസ് വിജയിച്ചു, പ്രധാനമന്ത്രി നരേന്ദ്രമോഡി പരാജയപ്പെട്ടുവെന്ന് മുതിര്‍ന്ന ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഹിതപരിശോധന പോലെയായിരുന്നു കര്‍ണാടകയില്‍ ബജെപിയുടെ പ്രചാരണം. അത് കര്‍ണാടക ജനത തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരായ മുദ്രാവാക്യം ജനം ഏറ്റെടുത്തുവെന്ന് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.
ദ്രാവിഡ മണ്ണില്‍ നിന്നും
ബിജെപിയെ തുടച്ചുനീക്കി:സ്റ്റാലിന്‍
ന്യൂഡല്‍ഹി: ദ്രാവിഡ മണ്ണില്‍ നിന്നും ബിജെപി തുടച്ചുമാറ്റപ്പെട്ടുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കോൺഗ്രസിനെ അഭിനന്ദിച്ച എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ തന്ത്രങ്ങൾ ഇനി പ്രവർത്തിക്കില്ലെന്ന് ബിജെപി ഇപ്പോൾ തിരിച്ചറിയണമെന്നും കൂട്ടിച്ചേര്‍ത്തു.
കർണാടകയിൽ മാറ്റത്തിന് അനുകൂലമായ ജനവിധി എഴുതിയ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് കര്‍ണാടക ആവര്‍ത്തിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
വർഗീയതയ്ക്കെതിരായ ജനവിധി: വി ഡി സതീശന്‍
കൊച്ചി: വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാട്ടം നടത്തുന്നവർക്ക് ആവേശം നൽകുന്ന ജനവിധിയാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വർഗീയതയ്ക്കും വിദ്വേഷത്തിനുമെതിരെ ചോദ്യങ്ങൾ ചോദിച്ചതിന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാനും ജയിലിൽ അടയ്ക്കാനും ശ്രമിച്ചതിനെതിരായ ജനവികാരം കൂടിയാണിതെന്നും സതീശന്‍ പറഞ്ഞു.
ബിജെപിയുടെ വന്‍ പരാജയം ജനാധിപത്യത്തിന്റെ വിജയം
തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ പരാജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍. പണാധിപത്യവും അധികാര ഗര്‍വും ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാൻ കഴിയുമെന്നു അഹങ്കരിച്ച സംഘ്പരിവാര്‍ ഏകാധിപതികളുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ബിജെപിയുടെ മോഡി ബ്രാൻഡെന്നത് വെറും ഊതിപ്പെരുപ്പിച്ച നീര്‍ക്കുമിളയാണെന്ന് ജനം വിധിയെഴുതിയെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയില്‍നിന്ന് ബിജെപിയെ പടിയടച്ച് പിണ്ഡംവയ്ക്കുകയും നരേന്ദ്രമോഡിയെ കെട്ടുകെട്ടിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതേതര വിശ്വാസികളുടെ ആവേശം ആകാശത്തോളം ഉയര്‍ത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. ബിജെപി അഴിമതിയിലൂടെ വാരിക്കൂട്ടിയ വമ്പിച്ച സാമ്പത്തികശക്തിയെ കോണ്‍ഗ്രസ് നേരിട്ടത് മതേതരത്വത്തില്‍ ഒരു തുള്ളിവെള്ളം ചേര്‍ക്കാതെയാണെന്നും സുധാകരന്‍ പറഞ്ഞു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ബിജെപിയുടെ രാഷ്ട്രീയത്തിന് കര്‍ണാടക ജനത ബാലറ്റിലൂടെ നല്‍കിയ ജനവിധി ജനാധിപത്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും പ്രതികരിച്ചു.
അതേസമയം, മുസ്ലിം സംവരണവും പിഎഫ്ഐ പ്രീണനവും ഉയർത്തിയാണ് ഇത്തവണ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളിലൂടെ പ്രൊപ്പഗണ്ട സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്. ഇത്തരം നെഗറ്റീവ് പ്രചരണത്തെ പ്രതിരോധിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രധാനമന്ത്രിക്ക് ഇതുപോലൊരു പതനം ഉണ്ടാകാനില്ല; എ കെ ആന്റണി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇതുപോലൊരു പതനം ഉണ്ടാകാനില്ലെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. ഇന്ത്യയിലെ മതേതര വോട്ടർമാർ ഒരുമിച്ച് നിന്നാൽ 2024ൽ മോഡി ഭരണത്തെ തൂത്തെറിയാൻ കഴിയും എന്ന സന്ദേശമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് മേൽ മതേതര ശക്തികൾ നേടിയ ചരിത്ര വിജയമാണിതെന്നും ആന്റണി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.