സ്നേഹമേ തൂവൽ പോലെ വന്നു നീ തഴുകവേ
പാവമെൻ ജന്മം വീണ്ടും തളിർക്കാൻ തുടങ്ങിയോ?
സ്നേഹലോലനാം നിന്റെ ലാളനമേൽക്കുന്നേരം
പൂർവ്വപുണ്യംപോലെന്റെ മാനസം തുടിച്ചുവോ?
എത്രനാളാശിച്ചു ഞാനെത്തുവാൻ കിനാവിന്റെ
പട്ടുനൂൽ കൊരുത്തൊരാ കൺകളെ ചുംബിക്കുവാൻ
എത്രമേൽ നുകർന്നാലും തീരാത്ത മധുവുമായ്
എത്രയോ ജന്മങ്ങളിൽ തിരഞ്ഞേ തളർന്നവൾ
ശോണമാഹൃദന്തത്തിൻ നെഞ്ചിടിപ്പുകൾ തോറും
കോറിയിട്ടതെന്താമോ, കേൾക്കവേ തിരഞ്ഞീലാ
സാന്ദ്രതാരംപോൽ മെല്ലെ വിടരും കൺകൾ തോറും
വിരിഞ്ഞതെന്താണാവോ, കണ്ടിട്ടുമറിഞ്ഞീലാ
അത്രമേലാശിച്ചതാണാ ദിവ്യനിമിഷത്തിൻ
സ്വർഗവാതിലിൻ ചാരെ ഞാനെത്തിനിൽക്കുന്നേരം
പാവനപ്രേമത്തിന്റെ ദീപനാളത്തിൻ ചാരെ
ഞാനെത്തുവതും കാത്തു നീയങ്ങനിരിപ്പതും
കിനാവിൻനനവുള്ള വിരലാൽ പിടിച്ചു നീ
പതിയേ, നിലാവിന്റെ കുളിർത്ത ശയ്യയ്ക്കുള്ളിൽ
കിടത്തേ, ചുരക്കുമെൻ കരളിൻ ദുഃഖങ്ങളെ
കനിവിന്നൊരുമ്മയാൽ നീ തൊട്ടു മാറ്റുന്നതും
മരവിച്ചൊടുങ്ങുവാൻ കിടന്ന ദാഹങ്ങളെ
വേനൽ മഴപോലൊലിച്ചെത്തി നീ പുനർജനിപ്പിക്കെ
കരയാൻ കണ്ണീരില്ലാ, ചിരിക്കാൻ മറന്നുപോയ്
സുഖദമാവേശത്തിൻ തിരയിൽ നനയവേ
മതിയാവില്ലാ ദേവാ, നിനക്കായ് ജനിച്ചവൾ
പഥിക, നിരാധാര, നിരർഥസങ്കല്പത്തിൽ
വെറുതേമുഴുകുവോൾ, മൗനത്തിന്നാരാധിക
എങ്കിലും ദേവാ നീയാം മധുരം കൊതിപ്പവൾ
കൺകളെ ഉറക്കാതെ വന്നെത്തുമുഷസിന്റെ
പുഞ്ചിരിക്കുള്ളിൽ കത്തും ലജ്ജതൻ കിരണമെൻ
മന്ദഹാസത്തെക്കൂടി തൊട്ടെടുത്തുണർത്തവേ
കണ്ണുകൾ വിടർത്തി ഞാൻ നിന്നെ നോക്കീടുന്നേരം
വെളുത്ത ചിറകിന്റെ തുമ്പിലെ തൂവൽ മാത്രം
പൊഴിച്ചുപോയെന്നോ നീ, ഞാനേതുമറിഞ്ഞീലാ
ചില നിനവിൻ ക്ഷതങ്ങളെൻ ചുറ്റിലുമിതൊക്കെയും
സത്യമായിരുന്നുവോയെന്നു ശങ്കിക്കുന്നേരം
നിറയും കണ്ണാൽതന്നെയർച്ചിക്കാം ദേവാ നിന്റെ
നടയിലവസാന ജീവന്റെ കർപ്പൂരങ്ങൾ
എരിയട്ടൊടുങ്ങട്ടെ, സൗമ്യഗന്ധവും പരക്കട്ടെൻ
മൃതിയാം മണാളനേ, കൈക്കൊള്ളുകീ കർപ്പൂരത്തെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.