
കരൂര്‍: കരൂര്‍ ടിവികെ പ്രചരണറാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 40ആയി. പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് അൽപ്പസമയം മുൻപ് മരിച്ചത്. ഇയാൾ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.111 ഓളെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരിൽ 39 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. വിജയ്‌യുടെ സംസ്ഥാന പര്യടനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാലിയില്‍ പങ്കെടുത്തയാള്‍ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ടിവികെ സമ്മേളനത്തിനിടെ പരിക്കേറ്റ കണ്ണൻ എന്നയാൾ ആണ് ഹർജിക്കാരൻ. ഹര്‍ജി കോടതി അടിയന്തരമായി പരിഗണിക്കും.
മരിച്ചവരിൽ പത്ത് പേർ കുട്ടികളാണ്. പതിനാണ് സ്ത്രീകളും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിത്തുടങ്ങി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കമുള്ളവർ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടന്‍ വിജയ്‌ക്കെതിരെയും കേസെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.