
തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യെ 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തു. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന മൊഴിയെടുപ്പ് അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു. ഇന്ന് രാവിലെ 11:30ഓടെ ആസ്ഥാനത്തെത്തിയ വിജയ്‌യുടെ മൊഴിയെടുപ്പ് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആരംഭിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് നടപടികൾ പൂർത്തിയായത്. ദുരന്തവുമായി ബന്ധപ്പെട്ട 35 പ്രധാന ചോദ്യങ്ങളാണ് സിബിഐ വിജയ്‌ക്ക് മുന്നിൽ വെച്ചത്. സെപ്റ്റംബർ 27ന് നടന്ന റാലിയിൽ പങ്കെടുക്കാൻ വിജയ് ഏഴ് മണിക്കൂറോളം വൈകിയത് എന്തുകൊണ്ട്, സ്ഥലത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ ക്രമീകരണങ്ങൾ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വന്ന വീഴ്ചകൾ എന്നിവയെക്കുറിച്ചായിരുന്നു പ്രധാനമായും സിബിഐ ചോദിച്ചറിഞ്ഞത്. ദുരന്തത്തിൽ സർക്കാരിനും പൊലീസിനും വീഴ്ച പറ്റിയെന്ന വിജയ്‌യുടെ മുൻപത്തെ ആരോപണങ്ങൾക്കുള്ള തെളിവുകളും അന്വേഷണ സംഘം ആരാഞ്ഞു.
സാധാരണഗതിയിൽ ഉന്നത വ്യക്തികളെ ചോദ്യം ചെയ്യുമ്പോൾ സിബിഐ നടപടികൾ വിഡിയോയിൽ ചിത്രീകരിക്കാറുള്ളതാണെങ്കിലും വിജയ്‌യുടെ കാര്യത്തിൽ അത് ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ഒരു രാഷ്ട്രീയ പാർട്ടി അധ്യക്ഷൻ കൂടിയായ വിജയ്‌യുടെ മൊഴിയെടുപ്പിൽ എന്തുകൊണ്ടാണ് ഈ നടപടി ഒഴിവാക്കിയത് എന്നതിൽ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. മൊഴിപ്പകർപ്പ് വിജയ്‌യുടെ അഭിഭാഷകർ വിശദമായി പരിശോധിച്ച ശേഷം അതിൽ ഒപ്പിട്ടാണ് അദ്ദേഹം ആസ്ഥാനത്തുനിന്ന് പുറത്തിറങ്ങിയത്. ഇന്നത്തെ മൊഴിയെടുപ്പോടെ ആദ്യഘട്ടം പൂർത്തിയായതായാണ് സൂചന. അതിനാൽ നാളെ വീണ്ടും ചോദ്യം ചെയ്യലുണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിജയ് നൽകിയ മൊഴികൾ വിശകലനം ചെയ്ത ശേഷം കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ വീണ്ടും വിളിച്ചുവരുത്തിയേക്കാം. നാളെ വൈകുന്നേരമാകും അദ്ദേഹം ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങുക. വിജയ് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാകും കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് സിബിഐ കടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.