
ഭരണഘടനയുടെ പിതാവായ ബി ആർ അംബേദ്കർ ഒരിക്കൽ പറഞ്ഞു, വീരാരാധന ഭക്തരുടെ മനോവീര്യം കെടുത്തുന്നതും രാജ്യത്തിന് അപകടകരവുമാണ്. മതത്തിന് മാത്രമല്ല, സിനിമയ്ക്കും ആളുകളെ വീരാരാധനയിലേക്ക് നയിക്കാൻ കഴിയും. തമിഴ്‌നാട്ടിൽ സിനിമാ താരങ്ങൾക്ക് ദൈവതുല്യമായ സ്ഥാനമുണ്ട്. ഈ ‘ഫാൻ കൾച്ചർ’ തലമുറകളായി രാഷ്ട്രീയ പ്രവേശനത്തിനുള്ള എളുപ്പവഴിയായി അവിടെ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന്, അതിന്റെ രൂപം മാറിയിരിക്കുന്നു. ഇപ്പോൾ അതൊരു വൈകാരിക ചൂഷണമായി മാറിയിരിക്കുന്നു.
‘ഫാൻ ക്ലബ്ബ് രാഷ്ട്രീയം’ അപകടകരമാണ്. താരങ്ങളെ ആരാധിക്കുന്നവർക്ക്, അവർ അവതരിപ്പിക്കുന്ന രാഷ്ട്രീയത്തിന് ആഴത്തിലുള്ള വിശകലനമോ, സാമൂഹിക പ്രതിബദ്ധതയോ ആവശ്യമില്ല. അവരുടെ ‘തലൈവന്റെ’ (നായകന്റെ) വാക്കുകൾ വേദവാക്യമാണ്. രാഷ്ട്രീയ പാർട്ടികൾ ഈ വീരാരാധനയെ ജനകീയ ബദലിനെതിരെ ഉപയോഗിക്കുന്നു. സാധാരണക്കാരന്റെ യഥാർത്ഥ പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹിക അസമത്വം എന്നിവ ചർച്ച ചെയ്യുന്നതിനു പകരം, താരത്തിന്റെ വ്യക്തിപ്രഭാവവും വൈകാരിക പ്രകടനങ്ങളും കൊണ്ട് ജനങ്ങളെ മയക്കി, അടിസ്ഥാനപരമായ ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റുന്നു. ഇത് വലത് രാഷ്ട്രീയത്തിന്റെ ക്ലാസിക് തന്ത്രമാണ് — ചിന്തയെ മരവിപ്പിക്കുക, വികാരങ്ങളെ ആളിക്കത്തിക്കുക.
കരൂരിൽ സംഭവിച്ചത് ഈ രാഷ്ട്രീയ കപടതയുടെ ദാരുണമായ ഫലമാണ്. ഒരു വശത്ത്, വലിയ താരപരിവേഷം ഉപയോഗിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നവർ, ‘ജനസേവനം’ ആണ് തങ്ങളുടെ ലക്ഷ്യം എന്ന് പ്രഖ്യാപിക്കുന്നു. മറുവശത്ത്, തങ്ങളുടെ താരപരിവേഷം മാത്രം ഉപയോഗിച്ച്, വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ, ആസൂത്രണമോ ഇല്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാരെ അപകടത്തിലേക്ക് തള്ളിവിടുന്നു. 41 പേരുടെ മരണം സംഭവിച്ചിട്ടും, വിജയ് എന്ന ‘താരം’ പുലർത്തുന്ന അപകടകരമായ നിസംഗതയും കേവലം ഖേദപ്രകടനങ്ങളിൽ ഒതുങ്ങുന്ന പ്രതികരണങ്ങളും ഇവരുടെ യഥാർത്ഥ ലക്ഷ്യം ജനസേവനമല്ല, മറിച്ച് അധികാരക്കൊതി മാത്രമാണെന്ന് തെളിയിക്കുന്നു. ഇത് ജനാധിപത്യത്തിന്റെ അടിത്തറയായ, പൗരബോധമുള്ള മനുഷ്യനെ ഇല്ലാതാക്കുന്നു.
ചോദ്യം ചെയ്യുന്നതിന് പകരം ആരാധിക്കുന്ന ഒരു ജനതയെയാണ് താരരാഷ്ട്രീയം സൃ ഷ്ടിക്കുന്നത്. വലത് രാഷ്ട്രീയം നിലനില്‍ക്കുന്നത് താരാരാധനയുടെ മാസ്മരികതയിലാണ്. തിക്കിലും തിരക്കിലും പെട്ട് മരിച്ചത് അധികവും സാധാരണക്കാരാണ്. ഒരു സൂപ്പർതാരത്തിന്റെ പ്രഭാവത്തിൽ വീണുപോയ പാവപ്പെട്ടവരാണ്. പൊതുബോധത്തെ താരങ്ങളുടെ രാഷ്ട്രീയ നാടകങ്ങളിലേക്ക് തിരിച്ചുവിട്ട്, യഥാർത്ഥ വീഴ്ചകളെയും നയപരമായ പാളിച്ചകളെയും മൂടിവയ്ക്കാൻ ഇത് വലതുരാഷ്ട്രീയത്തിന് സഹായകമാകുന്നു.
ഒരുകാലത്ത് എംജിആറിനെ വെള്ളിത്തിരയില്‍ ദരിദ്രരുടെ സംരക്ഷകനായി ചിത്രീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത്, ആത്യന്തികമായി രാഷ്ട്രീയാധികാരം നേടിയത് അടിച്ചമർത്തപ്പെട്ട ജനങ്ങളല്ല എന്ന കാര്യം മറക്കരുത്. വിജയ് ഉള്‍പ്പെടെ അധികാരം സ്വപ്നം കാണുന്ന നടന്മാര്‍ രാഷ്ട്രീയത്തെ ഒരു സിനിമാ പദ്ധതി പോലെയാണ് കാണുന്നത്. “നമുക്ക് യുദ്ധത്തിന് പോയി വിജയികളാകാം” എന്ന രീതിയിലായിരുന്നു വിജയ് യുടെ ആഹ്വാനങ്ങള്‍. മികച്ച നേതാക്കൾ രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ജയിക്കാൻ വേണ്ടി മാത്രമല്ല. ജനസേവനമായിരുന്നു മുൻഗണന, തെരഞ്ഞെടുപ്പ് വിജയങ്ങളും തോൽവികളും രണ്ടാം സ്ഥാനത്താണ്. എന്നാൽ താരങ്ങളുടെ പ്രസംഗത്തിൽ ജനസേവനത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ല. ഭരണത്തിലുള്ളവരും പ്രതിപക്ഷത്തുള്ളവരുമായ എല്ലാവരെയും ഒരുപോലെ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് കയ്യടി നേടുകയായിരുന്നു.
ദ്രാവിഡ രാഷ്ട്രീയത്തിന് ന്യൂനതകളുണ്ടെങ്കിലും, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് തമിഴ്‌നാടിനെ വേറിട്ട് നിർത്തുന്നത് ഈ പ്രത്യയശാസ്ത്രമാണ്. ദ്രാവിഡ രാഷ്ട്രീയത്തെ നശിപ്പിച്ചുകൊണ്ട് മാത്രമേ തങ്ങളുടെ വർഗീയ രാഷ്ട്രീയം സംസ്ഥാനത്ത് വേരൂന്നാൻ കഴിയൂ എന്ന് ബിജെപി വിശ്വസിക്കുന്നു. വിജയ്‌യെ പോലുള്ളവര്‍ ഒരുക്കുന്ന കളം തങ്ങളുടെ വർഗീയ രാഷ്ട്രീയത്തിന് വളക്കൂറുള്ളതായിരിക്കുമെന്ന് അവര്‍ക്കറിയാം. ജനങ്ങൾ താരങ്ങളെ ആരാധിക്കുന്നതിന് പകരം, തങ്ങളുടെ രാഷ്ട്രീയ നേതാക്കൾക്ക് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ കാര്യങ്ങളിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ചോദ്യം ചെയ്യണം.
കരൂരിലെ ദുരന്തം ഒരു മുന്നറിയിപ്പാണ്: വികാരങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ഈ ‘ഹീറോ കൾച്ചർ’, ഒടുവിൽ ജനങ്ങളുടെ ജീവനെടുക്കുന്ന ദുരന്തങ്ങളിൽ കലാശിക്കുന്നു. നിയമവാഴ്ചയെയും സാമൂഹിക നീതിയെയും ഉയർത്തിപ്പിടിക്കുന്ന ഒരു യഥാർത്ഥ ജനകീയ രാഷ്ട്രീയത്തിന് വേണ്ടി ശബ്ദമുയർത്തേണ്ടിയിരിക്കുന്നു. ഇതൊരു കേവലം ക്രമസമാധാന പ്രശ്നമായി തള്ളിക്കളയാനാവില്ല. ഇതിനു പിന്നിൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ വേരൂന്നിക്കൊണ്ടിരിക്കുന്ന, വീരാരാധനയെ മുതലെടുക്കുന്ന ഒരു കപടമായ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ദുർഗന്ധമുണ്ട്. ഉണരേണ്ടത് ജനതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.