സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിനെ കരകയറ്റാനും വിശ്വാസ്യത തിരിച്ച് പിടിക്കാനും പാക്കേജുമായി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി. നാളെ മുതൽ 50,000 രൂപ മുതല്‍ ഒരു ലക്ഷം വരെയുള്ള, കാലാവധി പൂർത്തീകരിച്ച നിക്ഷേപകർക്കും നവംബർ 11 മുതൽ 50,000 രൂപ വരെയുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപകർക്കും നിക്ഷേപം പൂർണമായി പിൻവലിക്കാനും പുതുക്കാനും കഴിയും. നവംബർ 20ന് ശേഷം ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലുമുളള സേവിംഗ്സ് ബാങ്ക് നിക്ഷേപകർക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്ന് 50,000 രൂപ വരെ പിൻവലിക്കാൻ അനുവദിക്കും. ഡിസംബർ 1 മുതൽ ഒരു ലക്ഷം രൂപയ്ക്ക് മേൽ നിക്ഷേപമുള്ള കാലാവധി പൂർത്തികരിച്ച നിക്ഷേപങ്ങൾക്ക് നിക്ഷേപതുകയുടെ നിശ്ചിത ശതമാനവും പലിശയും അനുവദിക്കാനും പലിശ കൈപ്പറ്റി നിക്ഷേപം പുതുക്കുവാനും അനുമതി നൽകും.
ഈ പാക്കേജ് അനുസരിച്ച് ആകെയുള്ള 23688 സേവിംഗ്സ് ബാങ്ക് നിക്ഷേപകരിൽ 21190 പേർക്ക് പൂർണ്ണമായി തുക പിൻവലിക്കുവാനും ബാക്കിയുള്ള 2448 പേർക്ക് ഭാഗികമായി തുക പിൻവലിക്കാനും കഴിയും. ആകെയുള്ള 8049 സ്ഥിര നിക്ഷേപകർക്ക് 3770 പേർക്ക് നിക്ഷേപവും പലിശയും പൂർണ്ണമായി പിൻവലിക്കാനും ബാക്കി വരുന്ന കാലാവധി പൂർത്തീകരിച്ച നിക്ഷേകർക്ക്ഭാഗികമായി നിക്ഷേപവും പലിശയും നൽകുവാനും ഈ പാക്കേജിലൂടെ കഴിയും. കാലാവധി പൂർത്തിയാക്കിയ 136 കോടി നിക്ഷേപത്തിൽ 79 കോടിയും തിരിച്ച് നൽകും.
ഇതിനാവശ്യമായ പണം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം, സഹകരണ വികസന ക്ഷേമനിധി ബോർഡ്, ബാങ്കിന് കേരള ബാങ്കിലും മറ്റിതര സഹകരണ മേഖലയിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കൽ, വായ്പ കുടിശ്ശിക പിരിച്ചെടുക്കൽ എന്നിവയിലൂടെയാണ് കണ്ടെത്തുകയെന്ന് കമ്മിറ്റി കൺവീനർ പി കെ ചന്ദ്രശേഖരൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ബാങ്കിൽ നിലവിലുള്ള വായ്പ 381 കോടി രൂപയാണ്. ഇതിന്റെ പലിശ ഇനത്തിൽ 128 കോടി രൂപയുണ്ട്. മൊത്തം ലഭിക്കാനുള്ളത് 509 കോടി രൂപയാണ്. ഡിസംബർ 31ന് മുൻപ് ചുരുങ്ങിയത് 50 കോടി വായ്പ തിരിച്ചടവാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കുടിശ്ശിക പലിശയിൽ ആകർഷകമായ ഇളവുകളും അനുവദിക്കുന്ന പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കരുവന്നൂർ ബാങ്കിന് മാത്രമായി സർക്കാർ അനുവദിച്ചിട്ടുണ്ട്.
ബാങ്ക് പ്രതിസന്ധിയിലായതിന് ശേഷം നിക്ഷേപവും പലിശയുമായി 76 കോടി നൽകി കഴിഞ്ഞു. വായ്പ കുടിശ്ശിക 80 കോടി തിരിച്ചടവും വന്ന് കഴിഞ്ഞു. 10 ലക്ഷം രൂപ വരെയുള്ള സാധാരണ വായ്പയും 8 ശതമാനം പലിശ നിരക്കിൽ സ്വർണ്ണ പണയ വായ്പയും ബാങ്ക് നൽകി വരുന്നുണ്ട്. ചെറുകിട കച്ചവടക്കാർക്ക് ദിവസ അടവ് വ്യവസ്ഥയിലുള്ള വായ്പയും കുടുംബശ്രീ വഴിയുള്ള പ്രത്യേക വായ്പകളും വരും മാസങ്ങളിൽ ആരംഭിക്കും. ബാങ്ക് തിരിച്ച് വരവിന്റെ പാതയിലാണെന്നും പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ കഴിയുമെന്നും കൺവീനർ വ്യക്തമാക്കി. കമ്മിറ്റി അംഗങ്ങളായ പി പി മോഹൻദാസ്, എ എം ശ്രീകാന്ത് എന്നിവരും വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു. വാര്‍ത്താസമ്മേളനത്തിന് മുൻപായി ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോന്റെ രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം കമ്മിറ്റി കൺവീനർ ഏറ്റുവാങ്ങി.
English Summary: Karuvannur Bank is on the path of return; Investors can withdraw money from tomorrow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.