ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന് വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച സൈനികരുടെ എണ്ണം നാലായി. 48 മണിക്കൂറിലേറെയായി തുടരുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ ചുമതലയുള്ള കമാന്റിങ് ഓഫിസർ കേണൽ മൻപ്രീത് സിങ്, ആർമി മേജർ ആശിഷ് ധോനാക്, ജമ്മു കശ്മീർ ഡിഎസ്‌പി ഹുമയുൺ ഭട്ട്, റൈഫിൾമാൻ രവികുമാർ തുടങ്ങിയവരാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പിന്നാലെ ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം ഊർജിതമാക്കിയിരുന്നു. കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനാക് എന്നിവരുടെ സംസ്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജന്മനാട്ടിൽ നടത്തി. ഡിഎസ്‌പി ഹുമയൂൺ ഭട്ടിന്റെ ഖബറടക്കം വ്യാഴാഴ്ച നടന്നിരുന്നു.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു ലഷ്കർ ഇ ത്വയ്ബയാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. യുദ്ധസമാനമായ ആയുധശേഖരമാണ് ഇവരുടെ പക്കലുള്ളതെന്നും സൈന്യം പറയുന്നു. ഭീകരരുടെ താവളം കണ്ടെത്താനായി ഡ്രോണുകൾ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. ഭീകരർ ഉണ്ടെന്നു തോന്നുന്ന പ്രദേശങ്ങളിൽ ഷെല്ലുകൾ പ്രയോഗിക്കുന്നുണ്ട്.
ബാരാമുള്ള ജില്ലയില്‍ നിന്ന് ലഷ്കര്‍ സംഘടനയുമായി ബന്ധമുള്ള രണ്ടുപേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സായിദ് ഹസൻ മല്ല, മുഹമ്മദ് ആരിഫ് ചന്ന എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് രണ്ട് ഗ്ലോക്ക് പിസ്റ്റളുകള്‍, രണ്ട് പിസ്റ്റള്‍ മാഗസിനുകള്‍, രണ്ട് പിസ്റ്റള്‍ സൈലൻസറുകള്‍, അഞ്ച് ചൈനീസ് ഗ്രനേഡുകള്‍, 28 ലൈവ് പിസ്റ്റള്‍ റൗണ്ടുകള്‍ തുടങ്ങിയവ കണ്ടെടുത്തു.
English Summary: Kashmir encounter ; One more soldier killed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.