പല ആരാധനാലയങ്ങളിലും ഇന്നും നിലനിൽക്കുന്ന തികച്ചും പ്രാകൃതമായ ഒരു നേർച്ചയാണ് വെടി. ഒറ്റവെടി, ഇരട്ടവെടി, കൂട്ടവെടി എന്നിങ്ങനെ പാവം ഭക്തജനങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ചു വിവിധ വെടിവഴിപാടുകളുണ്ട്. അമ്പലപ്പറമ്പിൽ നടത്തിയിരുന്ന കഥാപ്രസംഗപരിപാടിക്കിടയ്ക്ക് കാഥികസാമ്രാട്ട് പ്രൊഫ. വി സാംബശിവൻ ഈ പ്രാകൃത നേർച്ചയെ നന്നായി പരിഹസിച്ചിരുന്നു. ഭക്തൻ ആവലാതി പറയുന്നതിനിടയ്ക്ക്, കുംഭകർണ്ണക്കുറുപ്പായ ദൈവം ഉറങ്ങിപ്പോകുന്നു. ദൈവത്തെ ഉണർത്തി ബാക്കി ആവലാതികൂടി പറയാൻ വേണ്ടിയാണ് ഇടയ്ക്കിടെ വെടി പൊട്ടിക്കുന്നതെന്നാണ് സാംബൻ പരിഹസിച്ചത്. ഭഗവാനുറക്കമാണല്ലോ… ഠോ… ഒറ്റവെടി… ഇരുപത്തഞ്ചു പൈസ.. ഭഗവാനുണർന്നു… പപ്പനാവൻ തന്റെ ആവലാതി പറഞ്ഞു… എന്റെ കൊച്ചിന്റെ… ഭഗവാനുറങ്ങി… ഠോ… വയറിളക്കം… പിന്നേം ഭഗവാനുറങ്ങി ഠോ… മാറിക്കിട്ടണേ… ഠോ… എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ദൈവത്തെ ഇടയ്ക്കിടെ വെടിവച്ചുണർത്തി പറയണം. വേദിക്കനുസരിച്ചു ഭക്തരുടെ ആവശ്യങ്ങൾക്ക് അദ്ദേഹം മാറ്റം വരുത്തുമായിരുന്നു. സദസ്യർ പൊട്ടിച്ചിരിച്ചും കയ്യടിച്ചും ഈ പരിഹാസം, വെടി വഴിപാടുള്ള അമ്പലപ്പറമ്പിൽ ഇരുന്നുതന്നെ ആസ്വദിച്ചു. കുറെ ആളുകളുടെ മനസിൽ ഇതിന്റെ അർത്ഥശൂന്യത തറച്ചിട്ടുണ്ടാകും. അവർ ദൈവത്തെ വെടിവച്ചിടുന്നതിൽ നിന്നും പിന്തിരിഞ്ഞിട്ടുമുണ്ടാകും. എന്നാൽ ഈ പ്രാകൃത നേർച്ച ഇപ്പോഴും തുടരുന്നു എന്നതാണ് സാക്ഷരകേരളത്തിന്റെ മുഖത്തുള്ള മാലിന്യം.
ശബ്ദമുണ്ടാക്കി മൃഗങ്ങളെയും പക്ഷികളെയും അകറ്റാമെന്നത് നമ്മുടെ പൂർവികരുടെ ആദ്യത്തെ കണ്ടെത്തലുകളിൽ ഒന്നാണ്. മൃഗങ്ങളും പക്ഷികളും ശബ്ദത്താൽ പ്രസാദിച്ച് ഉപദ്രവിക്കാത്തതാണെന്നു ഏതോ വഴിത്തിരിവിൽ വച്ച് മനുഷ്യർ വിചാരിച്ചിട്ടുണ്ടാകും. കബന്ധ മാതൃകയിലുള്ള അമ്പലക്കൊടിപോലെ ഒരു പക്ഷേ ഈ ഭയാനകശബ്ദവും ഒരു അടയാളമായി മാറിയിട്ടുണ്ടാകും. ഭരണിത്തെറിക്കും മനുഷ്യത്തൂക്കത്തിനും എതിരെയൊക്കെ കേരളത്തിൽ സമരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രാകൃത വെടിവയ്പ് ഇപ്പോഴും തുടരുകയാണ്. സർക്കാർ ആണെങ്കിൽ ദേവസ്വങ്ങൾക്കുള്ള വമ്പൻ വരുമാനമാർഗം എന്ന നിലയിൽ ഈ പ്രാകൃത ആചാരം അനുവദിച്ചിട്ടുമുണ്ട്. ശബരിമലയിലൊക്കെ വമ്പൻ തുകയ്ക്കാണല്ലോ വെടിവയ്ക്കാനുള്ള അവകാശം ലേലത്തിൽ പോകുന്നത്.
നിയമമനുസരിച്ച് ആരാധനാലയങ്ങൾ ആശുപത്രിപോലെ ശബ്ദരഹിതമേഖലയാണ്. അവിടെ വലിയ മുഴക്കങ്ങൾ ഉണ്ടാക്കാൻ പാടില്ല. പല ആരാധനാലയങ്ങളിലും ഈ വ്യവസ്ഥലംഘിച്ചു ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ചോദിക്കാനും പറയാനും ആളുള്ളിടത്ത് ശബ്ദം കുറച്ചും പ്രവർത്തിപ്പിക്കുന്നു. ഭക്തിക്ക് വേണ്ട സമാധാന അന്തരീക്ഷത്തെ കുറിച്ചൊക്കെ വിവരമുള്ള സ്വാമിമാർ പോലും പറഞ്ഞിട്ടുണ്ടെങ്കിലും വഞ്ചിപ്പെട്ടിയിൽ നോട്ടമുള്ള കമ്മിറ്റിക്കാർക്ക് അതൊന്നും ബാധകമല്ലല്ലോ. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ വെടിയും വെടിക്കെട്ടും അടക്കമുള്ള എല്ലാ കൊടുംമുഴക്കങ്ങൾക്കും ബാധകമാക്കേണ്ടതാണ്.
ശബരിമല, ഓച്ചിറ, കൊടുങ്ങല്ലൂർ തുടങ്ങിയ ക്ഷേത്രങ്ങളിൽ വിസ്തൃതമായ ചുറ്റുപ്രദേശം ഉള്ളതിനാൽ പരിസരവാസികൾക്കു ബുദ്ധിമുട്ടു ഉണ്ടാകില്ലായിരിക്കാം. എന്നാൽ ഭക്തരുടെ ഏകാഗ്രത എന്നൊന്നുണ്ടെങ്കിൽ അതിനെ ഭഞ്ജിക്കുമല്ലോ. വെടിക്ക് പരമപ്രാധാന്യമുള്ള ചില തെരുവോരക്ഷേത്രങ്ങളുണ്ടാക്കുന്ന മലിനീകരണം വളരെ വലുതാണ്. യുദ്ധപ്രദേശത്തുകൂടി പോകുന്ന പ്രതീതിയാണ് അവിടെയുള്ളത്. വണ്ടിയോടിക്കുന്നവരുടെ ശ്രദ്ധയെ ഒരു ഞെട്ടലോടെ മാറ്റിമറിക്കാൻ ഈ വെടിയൊച്ചകൾ കാരണമാകും. ഒരിക്കൽ കുമിളിയിലെ ഒരു ക്ഷേത്രപരിസരത്ത് സായിപ്പിനോടൊപ്പം സൊറപറഞ്ഞിരുന്ന മദാമ്മ, വെടിമുഴക്കം കേട്ട് മലർന്നുവീണത് മറ്റു വിനോദസഞ്ചാരികൾ കണ്ടുഞെട്ടിയത് ഓർത്തുപോകുന്നു. അമ്പല പരിസരത്ത് താമസിക്കുന്ന കിടപ്പുരോഗികൾക്കും രണ്ടും മൂന്നും തവണ ഇൻസുലിൻ കുത്തിവയ്ക്കേണ്ടുന്ന പ്രമേഹരോഗികൾക്കും ഈ വെടിയൊച്ചകൾ ബുദ്ധിമുട്ടാണ്. പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ വെടിയൊച്ചകൾ ബുദ്ധിമുട്ടുണ്ടാക്കും.
പുറ്റിങ്ങൽ ഭഗവതിയെ കരുവാക്കി വെടിക്കെട്ടുനടത്തുകയും നൂറിലധികം ആളുകളെ കൊല്ലുകയും ചെയ്ത സംഭവത്തിന് ശേഷം വെടിക്കെട്ട് നടത്തുന്നതിന് ചില നിബന്ധനകൾ ഉണ്ടായിട്ടുണ്ട്. അതിനേക്കാൾ പ്രധാനം വെടിവഴിപാടും മറ്റും നിയമംമൂലം നിരോധിക്കുകയാണ്.
ഈ പ്രാകൃതാചാരം ഒരു പരിഷ്കൃതസമൂഹത്തിനു യോജിച്ചതേയല്ല. നരബലി, മൃഗബലി, പക്ഷിബലി ഇവയൊക്കെ നിരോധിച്ച സമൂഹമാണ് കേരളീയസമൂഹം. വളരെ അപൂർവമായി ഇവ ഇപ്പോഴും അരങ്ങേറുന്നെങ്കിലും നിയമപരമായി ഇത് കുറ്റകൃത്യം തന്നെയാണ്.
ശബരിമലയിൽ വെടിവഴിപാടിന് സമയക്ലിപ്തതയുണ്ട്. സന്താനസൗഭാഗ്യത്തിനായി സന്തതിയില്ലാത്ത മാളികപ്പുറത്തിനു വെടി നടത്തുന്ന ഭക്തജനങ്ങൾക്ക് ഒരിക്കൽ കൂടി സ്കൂളിൽ പോകാനുള്ള സൗകര്യം വേണ്ടതാണെന്നു പോലും തോന്നിപ്പോകും. ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാഭ്യാസവും പരീക്ഷയ്ക്ക് വേണ്ടിയല്ല അതെന്ന തിരിച്ചറിവും സമൂഹത്തിനു ഉണ്ടാകേണ്ടിയിരിക്കുന്നു. അവിടെ വെടി വഴിപാടുപോലെയുള്ള പ്രാകൃത ആചാരങ്ങൾക്ക് പ്രസക്തിയില്ലാതാകും. ഭാരവാഹികളുടെ കുടിലചിന്തകൾക്ക് കടിഞ്ഞാണിടാൻ വെടിവഴിപാട് നിരോധിക്കുന്നത് നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.