26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024

കവച് ലൈനുകള്‍ കടലാസില്‍; ട്രെയിന്‍ പാളംതെറ്റല്‍ തുടര്‍ക്കഥ

Janayugom Webdesk
ന്യൂഡല്‍ഹി
November 28, 2023 10:20 pm

റെയില്‍വേ അപകടങ്ങള്‍ കുറയ്ക്കാനുള്ള കവച് സംവിധാനം എന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. രാജ്യമാകെ കവച് സംവിധാനം ഒരുക്കി അപകടങ്ങള്‍ കുറയ്ക്കുമെന്ന മോഡി സര്‍ക്കാരിന്റെ വാഗ്ദാനം ഇതോടെ ജലരേഖയായി. ഈ വര്‍ഷം ഒക്ടോബര്‍ മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
കവച് സംവിധാനം ഏര്‍പ്പെടുത്തിയ പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നതിലെ വീഴ്ച റെയില്‍വേ പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടിലാണ് വിശദീകരിച്ചിരിക്കുന്നതെന്ന് ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 631 കിലോമീറ്റര്‍ ലൈനില്‍ കവച് സംവിധാനം ഒരുക്കാനുള്ള പദ്ധതിയില്‍ 10 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദി റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിന്‍ പ്രോട്ടക്ഷന്‍ സംവിധാനമാണ് കവച് എന്നറിയപ്പെടുന്നത്.
പുതിയ ലൈനുകളില്‍ കവച് സംവിധാനം ഏര്‍പ്പെടുത്താനുള്ള പദ്ധതിയാണ് റെയില്‍വേയുടെ പിടിപ്പുകേട് കാരണം മുടന്തി നീങ്ങുന്നത്. പുതിയ 186.65 കിലോമീറ്റര്‍ പാതയും ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള 1019.69 കിലോമീറ്ററും ബ്രോഡ്ഗേജിലേക്ക് മാറ്റുന്ന 96 കിലോമീറ്ററും പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്.
കവച് സംവിധാനം ഉറപ്പാക്കുന്നതിനുള്ള ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് റെയില്‍വേ മന്ത്രാലയം നല്‍കുന്ന വിശദീകരണം. രാജ്യമാകെ കവച് സംവിധാനം ഏര്‍പ്പെടുത്തി തീവണ്ടികളുടെ പാളം തെറ്റല്‍ അടക്കമുള്ള അപകടങ്ങള്‍ കുറയ്ക്കുമെന്ന മോഡി സര്‍ക്കാരിന്റെ വാഗ്ദാനമാണ് പാഴായത്. പാളം തെറ്റലും സിഗ്നലിങ് തകരാറും കാരണം നിരവധി തീവണ്ടി അപകടങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്. ഈവര്‍ഷം ഒ‍ഡിഷയിലെ ബാലാസോറില്‍ മൂന്നു തീവണ്ടികള്‍ കൂട്ടിയിടിച്ച് മൂന്നൂറോളം പേരാണ് മരിച്ചത്. അപകടങ്ങള്‍ തുടര്‍ക്കഥയായി മാറുമ്പോഴും ഇതിന് പരിഹാരമായി കൊണ്ടുവന്ന കവച് സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ റെയില്‍വേയും കേന്ദ്ര സര്‍ക്കാരും തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്.

മദ്യപാനം: കുടുങ്ങിയത് 995 ലോക്കോപൈലറ്റുമാര്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശ്വാസപരിശോധനയില്‍ കുടുങ്ങിയ ലോക്കോപൈലറ്റുമാരുടെ എണ്ണം 995. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പും യാത്രയ്ക്കിടയിലും നടത്തിയ ശ്വാസപരിശോധനയിലാണ് മദ്യപിച്ച് ട്രെയിന്‍ ഓടിക്കുന്നവര്‍ പിടിയിലായത്. റെയില്‍വേ വടക്കന്‍ സോണിലാണ് ഏറ്റവും കുടുതല്‍ ലോക്കോ പൈലറ്റുമാര്‍ പരിശോധനയില്‍ പരാജയപ്പെട്ടതെന്ന് വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങളെ ആസ്പദമാക്കി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവരാവകാശ പ്രവര്‍ത്തകനായ മധ്യപ്രദേശിലെ ചന്ദ്രശേഖര ഗൗറിന് നല്‍കിയ വിശദീകരണത്തിലാണ് ലോക്കോ പൈലറ്റുമാരുടെ മദ്യപാനത്തെക്കുറിച്ചുള്ള വിവരമുള്ളത്. പടിഞ്ഞാറ്, വടക്ക്, മധ്യപടിഞ്ഞാറ് സെന്‍ട്രല്‍ റെയില്‍വേ ഡിവിഷന്റെ കണക്കുകളാണ് ചന്ദ്രശേഖറിന് ലഭിച്ചത്. ജബല്‍പൂര്‍ ഡിവിഷന്‍ ഇതു സംബന്ധിച്ച് രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാല്‍ ഡിവിഷന്‍ മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ല.
ലോക്കോ പൈലറ്റുമാര്‍ മദ്യപിച്ച് തീവണ്ടി ഓടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുന്ന വിഷയമാണ്. ഇതു സംബന്ധിച്ച് റെയില്‍വേ ഇപ്പോള്‍ നടത്തിവരുന്ന പതിവ് പരിശോധന മാറ്റി കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
471 പേരാണ് നോര്‍ത്തേണ്‍ റെയില്‍വേ സോണില്‍ നടത്തിയ ശ്വാസ പരിശോധനയില്‍ പരാജയപ്പെട്ടത്. മദ്യനിരോധനം ഏര്‍പ്പെടുത്തിയ ഗുജറാത്തില്‍ 104 ലോക്കോ പൈലറ്റുമാരാണ് ശ്വാസപരിശോധനയില്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry; Kavach Lines is a train derail­ment sequel on paper

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.