
സംസ്ഥാനത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്ക് നൽകുന്ന കായകൽപ്പ് അവാർഡ് നേട്ടത്തിൽ കോഴിക്കോട് ഗവ. ജനറൽ ആശുപത്രി. സംസ്ഥാനതലത്തിൽ 89.17% മാർക്ക് നേടിയാണ് ജില്ലാ ആശുപത്രി ഒന്നാംസ്ഥാനത്തെത്തിയത്. 50 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കൂടാതെ 96.19 ശതമാനം മാർക്ക് നേടി സംസ്ഥാനത്ത് ആദ്യമായി ഏർപ്പെടുത്തിയ പരിസ്ഥിതി സൗഹൃദ ആശുപത്രി അവാർഡിനും ആശുപത്രി അർഹത നേടി. ആരോഗ്യകേന്ദ്രത്തിലെ ശുചിത്വം, അണുബാധാ നിയന്ത്രണം മാലിന്യ സംസ്കരണം എന്നീ ഘടകങ്ങളെ വിലയിരുത്തിയാണ് അവാർഡിന് അർഹതപ്പെട്ട ആശുപത്രികളെ തെരഞ്ഞെടുക്കുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിർണയ കമ്മറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികൾ കണ്ടെത്തുന്നത്.
ബ്രട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ ആശുപത്രിയിൽ നിലവിൽ 17 സ്പെഷ്യലിറ്റി വിഭാഗങ്ങൾ കൂടാതെ കാർഡിയോളജി, ന്യൂറോളജി എന്നീ സൂപ്പർസ്പെഷ്യലിറ്റി സേവനങ്ങളും ലഭ്യമാണ്. 24 മണിക്കൂർ പ്രവർത്തിച്ചു വരുന്ന അത്യാഹിത വിഭാഗം, ലബോറട്ടറി, ബ്ലഡ് ബാങ്ക്, എക്സ്റേ, സിടി എന്നീ സംവിധാനങ്ങൾക്ക് പുറമെ, സ്ട്രോക്ക് യൂണിറ്റ്, കാത്ത് ലാബ്, കാർഡിയാക് കെയർ യൂണിറ്റ്, ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം എന്നീ സേവനങ്ങളും ലഭ്യമാണ്. പ്രതിദിനം 2,500ലധികം രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്.
രോഗികൾക്കായി നിലവിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ആരോഗ്യകിരണം പദ്ധതി, അമ്മയും കുഞ്ഞും പദ്ധതി, മെഡിസെപ് എന്നിവ ഇവിടെ ഫലപ്രദമായി നടപ്പിലാക്കി വരുന്നുണ്ട്. കോവിഡ് കാലത്ത് ജില്ലാ കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്നു. 550 കിടക്കകളുള്ള ഈ സ്ഥാപനത്തിൽ നിലവിൽ ശരാശരി 250 ‑300 ഓളം പേർ ദിനംപ്രതി കിടത്തി ചികിത്സ തേടുന്നുണ്ട്. 12.75 ഏക്കറിൽ കോഴിക്കോട് കടൽത്തീരത്തോടടുത്തു വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനത്തിൽ 60 ഡോക്ടർമാർ ഉൾപ്പടെ 500 ഓളം സ്ഥിരം- താൽക്കാലിക ജീവനക്കാർ പ്രവർത്തിച്ചു വരുന്നു.
2017 ൽ കായൽപ്പ് പ്രോത്സാഹന സമ്മാനവും 2018–2019 വർഷത്തിൽ കായകൽപ്പ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും 2019ൽ പ്രസവ സേവനങ്ങൾക്കുള്ള ലക്ഷ്യ അവാർഡും, അതേവർഷം സംസ്ഥാന സർക്കാരിന്റെ കേരള അക്രഡിറ്റേഷൻ ഓഫ് ഹോസ്പിറ്റൽ അവാർഡും ആശുപത്രിക്ക് ലഭിച്ചിരുന്നു. നിലവിൽ ദേശീയതലത്തിൽ ഗുണനിലവാരത്തിന് കേന്ദ്രസർക്കാർ നൽകുന്ന എൻക്യൂഎഎസ് അംഗീകാരത്തിനായുള്ള തീവ്രശ്രമത്തിലാണ് ഈ സ്ഥാപനം. ഇതിനായി ജീവനക്കാരുടെ കൂട്ടായ പ്രവർത്തനം ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
English Summary: kayakalp award for hospitals
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.