അതൊരു ധീരമായ പോരാട്ടംതന്നെ ആയിരുന്നു. ധാരാളം രക്തസാക്ഷികളെ സൃഷ്ടിച്ച, സ്വാതന്ത്യ്രസമര ചരിത്ര വീഥികളിൽ മായ്ക്കാൻ പറ്റാത്ത ചോരപ്പാടുകൾ വീഴ്ത്തിയ ഉജ്വലമായ സമരം. എത്രയോ ധീര സഖാക്കളുടെ ജീവൻ കൊടുത്ത സ്വാതന്ത്യ്രസമര ചരിത്രത്തിലെ ധീരോദാത്തമായ ഒരേടാണത്. കയ്യൂർ... അതൊരു സ്ഥലനാമമല്ല, ഏറെപ്പേരുടെ രക്തസാക്ഷിത്വത്തിന്റെ പേരു തന്നെയാണത്. അതിൽ പക്ഷേ, ആ നാലു ധീരൻമാരെ ഒന്നിച്ചു തൂക്കിലേറ്റിയ അക്കഥയെഴുതിയത് ഒരു മലയാളിയല്ലെന്നോർക്കണം! മലയാളക്കരയിൽ നടന്ന രക്തം ചിന്തിയ പോരാട്ടത്തിന്റെ കഥ പറയാൻ പുരോഗമന പ്രസ്ഥാനക്കാരടക്കമുള്ള എഴുത്തുകാരാരും മുതിർന്നില്ല. ഉത്തര മലബാറിലെ മണ്ണിന്റെയും മനസിന്റെയും രുചിയറിയാൻ ഒരു തൂലികത്തുമ്പും വെമ്പൽ കൊണ്ടില്ല. അന്നും ഇന്നും തെക്കൻ എഴുത്തു കാർക്ക് അന്യംതന്നെ ഈ വടക്കൻ വീരത്വത്തിന്റെ നിറഭേദങ്ങൾ. പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരകശിലകളുമായി അകലങ്ങളിലേക്ക് നടന്നു മറഞ്ഞു. എം മുകുന്ദനാകട്ടെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നിന്നതല്ലാതെ തേജസ്വിനിയിലേക്ക് ഒന്ന് എത്തി നോക്കിയതുപോലുമില്ല. സി വി ബാലകൃഷ്ണനടക്കമുള്ളവർ പറഞ്ഞ കഥകൾ കൂടുതലും മറ്റ് ദേശങ്ങളെക്കുറിച്ചുതന്നെ! ഇതിനൊരപവാദം അംബികാസുതൻ മാങ്ങാട് മാത്രമാണെന്ന് തോന്നുന്നു. (എന്നാൽ ഏറ്റവും അടുത്ത കാലത്ത് തെയ്യവും തിറയും ഒക്കെ പശ്ചാത്തലമാക്കി ഇന്നാട്ടുകാർ തന്നെ എഴുതിയ കുറേയധികം കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടു).ചിരസ്മരണ കൈയിൽ കിട്ടുമ്പോൾ പടന്നക്കാട് നെഹ്റു കോളജിലെ ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർഥിയായിരുന്നു. പയ്യന്നൂരിൽനിന്ന് കോളജിലെത്താൻ വെള്ളൂരും കരിവെള്ളൂരും ചെറുവ ത്തൂരും കാര്യങ്കോട് പുഴയും നീലേശ്വരവുമെല്ലാം കടന്നുപോകണം. നോവലിലെ ഒരു പ്രധാന പശ്ചാത്തലം കാര്യങ്കോട് പുഴയാണ്. കാര്യങ്കോട് കടവെന്നും പുഴയെന്നും ഒക്കെ കേട്ടിട്ടുള്ളതിനെ ചിരസ്മരണയിൽനിന്നാണ് തേജസ്വിനിയെ അറിയുന്നത്. ആ പേര് അതിമനോഹരമായിത്തോന്നി. കോളജിൽ പോകുമ്പോഴും വരുമ്പോഴുമെല്ലാം ബസിലിരുന്ന് തേജസ്വിനിയെ നോക്കും. പുഴ കുളിരു വാരിയെറിയും. പുഴയിൽ തോണിയുമായി കക്ക വാരുന്നവരും മീൻ പിടിക്കുന്നവരുമുണ്ടാകും. മനോഹരമാണ് കാഴ്ച. ആയിടയ്ക്കാണ് ചിരസ്മരണയെ ആധാരമാക്കി ലെനിൻ രാജേന്ദ്രൻ സക്ഷാൽക്കാരം നിർവഹിച്ച 'മീനമാസത്തിലെ സൂര്യൻ' എന്ന ചലച്ചിത്രത്തിന്റെ പിറവി, 1986ൽ. ഈ സിനിമ അത്രയ്ക്ക് മികച്ച കലാസൃഷ്ടിയൊന്നുമായിരുന്നില്ലെങ്കിലും ഭേദപ്പെട്ട ചലച്ചിത്രമായിരുന്നു. ജോൺ ഏബ്രഹാം കയ്യൂർ സംഭവത്തെ പശ്ചാത്തലമാക്കി വേറിട്ട ഒരു ചലച്ചിത്രത്തിനുള്ള തിരക്കഥവരെ തയ്യാറാക്കിയെങ്കിലും ആ ശ്രമം സഫലമായില്ല. അതെ, കയ്യൂർ ഇങ്ങനൊക്കെത്തന്നെയാണ്. പ്രിയ സുഹൃത്തും ആര്‍ട്ടിസ്റ്റും നാടകപ്രവര്‍ത്തകനും പാര്‍ട്ടി പ്രവര്‍ത്തകനുമായ സതീശനെയും കൂട്ടിയിറങ്ങുമ്പോൾ ചില കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. കയ്യൂർ സംഭവത്തിലെ അറിയാക്കഥകൾ വല്ലതും എവിടെയെങ്കിലും ഒളിഞ്ഞു കിടപ്പുണ്ടോ. എന്നെ ഒന്നു തൊട്ടുണ ർത്തി സതീശൻ പറഞ്ഞു, ഈ ഇടതുവശത്തു കാണുന്നതൊരു അമ്പലമാണ്. ശാന്തിക്കാരന്റെ ഇല്ലം അമ്പലത്തോട് ചേർന്നുതന്നെ. കയ്യൂർ സംഭവത്തിന് മുമ്പും പിമ്പും സഖാക്കൾക്ക് ഒരു അത്താണി. പിന്നെ അകലേക്ക് ചൂണ്ടി. വയൽക്കരയിൽ വലതുഭാഗത്ത് മറ്റൊരു ക്ഷേത്രം, "മഠത്തിലപ്പുവുമായും ആ കുടുംബമായും ബന്ധമുള്ള ഒരു അമ്പലമാണത്.'' തൊട്ടടുത്തുതന്നെയാണ് അപ്പുവിന്റെ തറവാട്. അപ്പുവിന്റെ വീടെത്തും മുന്നേയാണ് ചൂരിക്കാടൻ കൃഷ്ണൻനായരുടെ വീട്. അൽപ്പം മുന്നോട്ട് നടന്നാൽ തേജസ്വിനിയുടെ തീരത്ത് കയ്യൂർ സഖാക്കളുടെ രക്തസാക്ഷി സ്തൂപം... ഞാൻ പറഞ്ഞു, ''ആദ്യം അമ്പലത്തിലും പിന്നെ ഇല്ലത്തും പോകാം.'' പോയ കാല യാഥാർഥ്യങ്ങളുടെ വല്ല ശേഷിപ്പും... കയ്യൂരിന്റെ ആകാശം ആയിരം വർണങ്ങൾ ചാലിച്ച് അമൂർത്തമായൊരു ചിത്രം വരയ്ക്കുന്നു. എങ്ങു നോക്കിയാലും ഹരിതാഭയാണ്. ആ ഹരിത കമ്പളത്തിനെ പോക്കുവെയിൽ സ്വർണം പൂശാൻ തുടങ്ങി. കൽവിളക്കിലെ ദീപമാലകൾ ക്ഷേത്രത്തിന്റെ ഗോപുര വാതിലിൽ ഒന്നു നിന്നു. ഇപ്പോൾ അകത്തേക്ക് പ്രവേശനമില്ല. വൈകുന്നേരത്ത് നടതുറക്കുന്ന സമയമാകുന്നേയുള്ളൂ. ഇതൊരു പുരാതനക്ഷേത്രമാണെങ്കിലും കാലാനുസൃതമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നതായിക്കാണാം. പുറം മോടി കണ്ടാൽ ഈ അടുത്ത കാലത്ത് പുതുക്കി പ്പണിതതായിത്തോന്നും. സതീശൻ അമ്പലനടയിൽനിന്ന് വലത് ഭാഗത്തേക്ക് കൈചൂണ്ടിപ്പ റഞ്ഞു, "അക്കാണുന്നതാണ് ഇവിടുത്തെ ശാന്തിക്കാരന്റെ ഇല്ലം.'' അങ്ങോട്ട് നടന്നു. പുറത്ത് ആരെയും കണ്ടില്ല. പഴയ തറവാടല്ല. നാലുകെട്ടും പടിപ്പുരയും ഒന്നും ഇല്ല. ചെറിയൊരു ടെറസ് കെട്ടിടം. അതാണ് പുതിയ കാലത്തെ ശാന്തി മഠം. തൊട്ടപ്പുറത്ത് ഒരു പുരാതന കെട്ടിടത്തിന്റെ കുറച്ച് ഭാഗം കാണാം. മറ്റ് ഭാഗങ്ങൾ പൊളിച്ചെടുത്ത നിലയിലാണ്. സാമാന്യം വലിയൊരു ഇല്ലം തന്നെയായിരുന്നിരിക്കണം. പുറത്താരെയും കാണുന്നില്ല. പുറം വാതിൽ അടച്ചിട്ടുമില്ല! പുറത്ത് ആളനക്കം മനസിലാക്കിയിട്ടെന്നോണം ഒരു അമ്മ പുറത്തേക്ക് വന്നു.
ഞങ്ങൾ സ്വയം പരിചയപ്പെടുത്തി. അപ്പോഴേക്കും നടതുറക്കാനുള്ള സമയമായെന്നറിയിച്ച് അമ്പലത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ഒരാൾ അകത്തുനിന്ന് പുറത്തേക്കിറങ്ങി. ഞങ്ങളുടെ നേർക്ക് കൈ കാണിച്ച് അദ്ദേഹം അവിടെനിന്നിറങ്ങി, ഒന്നും ചോദിക്കാനും പറയാനും നിൽക്കാതെ. അപ്പോൾ അമ്മ പറഞ്ഞു. "അത് മോനാണ്. ഇപ്പം ഇവനാണ് അമ്പലത്തില്...''പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമായി കുറച്ചു സമയം അങ്ങനെപോയി. ആ അമ്മ പറഞ്ഞതിങ്ങനെയൊക്കെയാണ്: അങ്ങ് വടക്കുദേശത്തുനിന്ന് നൂറ്റാണ്ടുകൾക്കു മുമ്പേ വന്ന് താമസമാക്കിയവരാണ്. അപ്പുറം കാണുന്ന പഴയ തറവാട് താമസയോഗ്യമല്ലാ തായപ്പോൾ പുതിയൊരു ചെറിയ ടെറസ് കെട്ടിടം പണിതു. പഴയ തറവാടിന്റെ കുറേ ഭാഗം പൊളിച്ചെടുത്തു. ചിലതൊക്കെ നശിച്ചുപോകുകയും ചെയ്തു. ഇല്ലത്തോട് ചേർന്ന് ഇല്ലം പറമ്പായി കുറേ സ്ഥലവും കൃഷിയും ഒക്കെയുണ്ട്. അതൊക്കെ പണ്ടേയുള്ളതു തന്നെ. തലമുറക ളായി ഈ ഇല്ലക്കാരാണ് അമ്പലത്തിലെ ശാന്തിക്കാർ. അച്ഛൻ പോയപ്പോൾ മകൻ ശാന്തിക്കാരനായി. പാർട്ടി സഖാക്കളുമായി എല്ലാ കാലത്തും അടുപ്പത്തിലായിരുന്നു ഇല്ലക്കാർ. ഇല്ലത്ത് സംഭാരവും ചുക്കുവെള്ളവും ഒക്കെ എപ്പോഴും കരുതിവയ്ക്കും. പലപ്പോഴും അതീവ രഹസ്യമായി സഖാക്കൾ എത്തും. വിശ്രമിച്ചിട്ട് പോകും. ഇല്ലത്ത് കഠിനമായ പൊലീസ് അന്വേഷണമില്ല. അയൽപക്കക്കാരൊക്കെ ഇല്ലവുമായി നല്ല സമ്പർക്കത്തിലായിരുന്നു. കൃഷിയും പശുക്കളും പണിക്കാരും... പക്ഷേ, ജന്മി ആയിരുന്നില്ല! കയ്യൂർ സംഭവവുമായി ബന്ധപ്പെട്ട അറിയാക്കഥകൾ എന്തെങ്കിലും പഴയ ഇല്ലത്ത് ഒളിഞ്ഞിരി പ്പുണ്ടാകുമോ. പൂരാരേഖകൾ... താളിയോലകൾ... എഴുത്തുകുത്തുകൾ... പുസ്തകത്താളുകൾ... അവശേഷിക്കപ്പെട്ട എന്തെങ്കിലും അടയാളങ്ങൾ? അങ്ങനെ എന്തെങ്കിലും സൂക്ഷിച്ചു വച്ചിട്ടുണ്ടോ എന്ന് അമ്മയോട് ചോദിച്ചു. . . ഇടതുഭാഗത്തെ ബാക്കി നിൽക്കുന്ന പഴയ ഇല്ലത്തെ നോക്കി അവർ പറഞ്ഞു. "എന്തൊക്ക്യോ ഇണ്ടായിനി... ഇപ്പം ഒന്നൂല്ല. അത് പൊളിക്കുമ്പം ആരൊക്ക്യോ എന്തൊക്ക്യോ കൊണ്ടുപോയി. മച്ചിമ്മല് വേണങ്കില് നിങ്ങ കേറി നോക്കിക്കോ...'' സതീശനും ഞാനും പഴയ കെട്ടിടത്തിലേക്ക് കടന്നു. അകത്ത് ഇരുട്ടാണ്. തേങ്ങ സൂക്ഷി ക്കാനും വിറകടുക്കാനുമൊക്കെയാണ് താഴെ ഭാഗത്തെ ഇപ്പോഴത്തെ ഉപയോഗം. അകത്തു നിന്ന് മുകളിലേക്ക് കയറാൻ പുരാനത്വമാർന്ന ഒരു മരത്തിന്റെ ഇട്ടാണിയുണ്ട്. പഴകി ദ്രവിച്ച ചവിട്ടുപടികളാണ്. സൂക്ഷിച്ച് വേണം മുകളിലേക്ക് കയറാൻ. ഞങ്ങൾ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ മുകളിലേക്ക് കയറിയതും രണ്ടുമൂന്ന് വവ്വാലുകൾ അവരുടെ തപസിന് ഭംഗം വരുത്തിയതിൽ പ്രതിഷേധിച്ചെന്നോണം ചിറക് വിടർത്തി വട്ടം കറങ്ങി എങ്ങോ മറഞ്ഞു. ആൾപ്പെരുമാറ്റമില്ലാതെ ഏറെക്കാലമായി കിടക്കുന്ന ഇടം. പഴയ ചില ഗൃഹോപകരണങ്ങൾ, കല്ലുമരവിയും മാങ്ങ ഉപ്പിലിടുന്ന ഭരണിയും അമ്മിക്കല്ലും ചന്ദനമരച്ചരച്ച് തേഞ്ഞുപോയ ചാണയുമൊക്കെയേ അവശേഷിപ്പായുള്ളൂ. മറ്റൊന്നും കാണാനില്ല. മെല്ലെ താഴേക്കിറങ്ങി. നേരം ഇരുളാൻ തുടങ്ങുന്നു. അമ്പലത്തിൽ നിന്ന് ദീപാരാധനയുടെ ശംഖൊലി മുഴങ്ങി. തുടർന്ന് മണിനാദവും. ദീപാരാധനയ്ക്ക് നടതുറന്നിട്ടുണ്ടാകും. ആൾത്തിരക്കൊന്നുമില്ല. ഞങ്ങൾ അമ്മയോട് യാത്ര പറഞ്ഞിറങ്ങി. പടിഞ്ഞാറൻ മാനം ചെമ്പട്ടു ചാർത്തിനിൽക്കുന്നു. ക്ഷേത്രമ തിലിൽക്കെട്ടിനു പുറത്ത് കൽവിളക്കിൽനിന്ന് ചുറ്റും പ്രകാശം പരക്കുന്നു. പ്രകൃതീ മനോഹരി യുടെ നെറ്റിയിൽ തൊട്ടൊരു കുങ്കമപ്പൊട്ടായി അസ്തമയ സൂര്യൻ. ശാന്തഗംഭീരമായൊരു സന്ധ്യ. കയ്യൂർ സംഭവം നടന്ന കാലത്ത് നിരഞ്ജന നീലേശ്വരം രാജാസ് ഹൈസ്കൂളിലെ വിദ്യാർഥി യായിരുന്നു. നിരഞ്ജന സ്വയം സാക്ഷ്യപ്പെടുത്തുന്നതു കാണുക: '1938 - 41 കാലത്ത് നീലേശ്വരം രാജാസ് ഹൈസ്കൂളിലെ ഒരു വിദ്യാർഥിയായിരുന്നു ഞാൻ. അവസാന വർഷ വിദ്യാർഥിയായിരുന്ന കാലത്ത് സ്വാതന്ത്യ്ര സമരം ആളിപ്പടരുകയായിരുന്നു. വിപ്ലവകാരികളുടെ നേതൃത്വത്തിൽ അധ്വാനിക്കുന്ന വർഗത്തിന്റെ സമരവും ഒപ്പത്തിനൊപ്പം ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. ഒക്കെയും പെട്ടെന്നായിരുന്നു. നീലേശ്വരത്ത കർഷക ജനതയാകെ ഇളകി വശായി. ഭാവാഗ്നി തന്നെ. മർമ്മകേന്ദ്രം കയ്യൂർ. ഭൂവുടമകൾക്കും ഭരണകൂടത്തിനും വെല്ലുവിളി ഉയർത്തിയ കർഷക സംഘടനയെ മൂക്കു കയറിടാൻ ഭരണവർഗം സർവശക്തിയും പ്രയോഗിച്ചു. ആയിരത്താണ്ടുകളായി ഭൂവുടമകളുടെ കളിക്കളമായിരുന്ന കയ്യൂർ, വർഗസമരത്തിന്റെ പ്രതീകമായി ഉദിച്ചുപൊന്തി...' അഞ്ച് സഖാക്കളെ തൂക്കിലേറ്റാനായിരുന്നു മംഗലാപുരം കോടതി വിധി. ഒരാൾക്ക് പ്രായപൂർ ത്തിയാകാത്തതുകൊണ്ട് വധശിക്ഷയിൽ ഇളവ് ലഭിച്ചു. ചൂരിക്കാടൻ കൃഷ്ണൻ നായർ ഒഴികെ നാലുപേരെയും കണ്ണൂർ സെൻട്രൽ ജയിലിൽ ഒരേ സമയം തൂക്കിലേറ്റി. അവസാനമായി ധീരരായ സഖാക്കളെ കാണാൻ കർഷക സംഘം നേതാക്കളായ പി സി ജോഷിയടക്കമുള്ള സഖാക്കൾ ജയിലിലെത്തി. കേസിലെ ഒന്നാംപ്രതി മഠത്തിൽ അപ്പു ഉൾപ്പെടെ, കോയിത്താറ്റിൽ ചിരുകണ്ടൻ, പള്ളിക്കാൽ അബൂബക്കർ, പൊടോര കുഞ്ഞമ്പു നായർ... ഈ വയൽ കടന്ന് അക്കരെക്കയറണം, രക്തസാക്ഷി സ്തൂപത്തിലേക്കെത്താൻ. ആ വഴിയോര ത്താണ് അപ്പുവിന്റെ തറവാട്. റോഡിൽ നിന്ന് കാണാവുന്ന ദൂരത്തിലാണത്. പഴയതപ്പാടേ നിലനിർത്തിയതതെന്ന് പറഞ്ഞു കൂടാ. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മഠത്തിൽ അപ്പുവിന്റെ വീടിനുമുന്നിലെത്തിയപ്പോൾ റോഡരികിലെ ഒരു മരത്തണലിലേക്ക് ചൂണ്ടി സതീശൻ പറഞ്ഞു. നമുക്കവിടെ അല്പസമയമിരിക്കാം. സമരചരിത്രത്തിലും നോവലിലും പറയാതെപോയ കുറേ കാര്യങ്ങളുണ്ട്...' അത് കേൾക്കാൻ ആകാംക്ഷയായി. കയ്യൂർ സമരം പശ്ചാത്തലമാക്കി, നാടക കലാകാരൻ കൂടിയായ സതീശൻ ഒരു നാടകാവിഷ്കാരത്തിനായി മുമ്പൊരിക്കൽ കയ്യൂർ സംഭവവുമായി ബന്ധപ്പെട്ട അറിയാക്കഥകൾ തേടി നടന്നിരുന്നു. അതൊക്കെയും മനസിന്റെ ഏടുകൾ മറിച്ച് ഒരു പുനർവായനയിലൂടെ ആ വഴിയേ എന്നെയും നടത്തിക്കൊണ്ടുപോയി പ്രിയ സുഹൃത്ത്. അതിങ്ങനെ... മഠത്തിൽ അപ്പു. മഠത്തിൽ അമ്പാടി അന്തിത്തിരിയന്റെ മകൻ. അമ്മ ചിരുത. ജ്യേഷ്ഠൻ രാമർ, സഹോദരി ഉറു വാടി. നല്ല കളരി അഭ്യാസി ആയിരുന്നു അപ്പു. തേജസ്വിനിപ്പുഴയ്ക്കക്കരെയാണ് മറ്റൊരു കർഷക ഗ്രാമമായ പാലായി. ഇവിടേക്ക് പോകാൻ അരയാക്കാവിൽ അന്ന് കടത്ത് തോണിയാണ്. അരയാക്കാവിൽ ഒരു ചായക്കടയുണ്ട്. ചിരുകണ്ടനും അബൂബക്കറും ചായക്കടയിലെ നിത്യസന്ദർശകർ. എന്തിനും തയ്യാറുള്ള ഉശിരരായ ചെറുപ്പക്കാർ ഒത്തുകൂടുമ്പോൾ നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങൾക്കുമപ്പുറം ജന്മിമാരുടെ തേർവാഴ്ചയും സംസാരവിഷയമാകും. നാട്ടിലെ ഉത്സവാഘോഷങ്ങളിലെല്ലാം ഈ യുവാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇക്കാലത്ത് അപ്പുവിന്റെ അച്ഛൻ അമ്പാടി അന്തിത്തിരിയനായി ആചാരപ്പെട്ട കയ്യൂരിലെ മുഖ്യ കാവിലെ ഉത്സവത്തോടനുബന്ധിച്ച് കാവിൽനിന്ന് അടുത്തുള്ള ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തിൽ അപ്പു ആചാരക്കുടയെടുക്കുക പതിവാണ്. ഒരു ഉത്സവകാലത്ത് എഴുന്നള്ളത്തിന് പരിവാരത്തോടൊപ്പം കുടയുമായി നടക്കുമ്പോൾ വയലിലെ വരമ്പിൽ കാൽ തട്ടി മറിഞ്ഞു വീണു. ഓലക്കുടയൊടിഞ്ഞു. കയ്യൂർ ദേശത്തിന്റെ ജന്മിയായിരുന്ന പട്ടേലർ പകരം കുടവച്ച് പ്രായശ്ചിത്തം ചെയ്യണമെന്ന് വിധിച്ചു. അനീതി ക്കെതിരെ ശബ്ദിക്കുന്ന അപ്പുവിനോട് പട്ടേലർക്ക് സ്വതവേ വൈരാഗ്യബുദ്ധിയുണ്ടായിരുന്നു. നാട്ടിലെ ഉത്സവങ്ങളിൽ ക്ഷേത്രത്തിന് ലഭിക്കുന്ന ഭണ്ഡാര വരവും മറ്റും കിഴികെട്ടിക്കൊണ്ടു പോവുക പട്ടേലരുടെ പതിവായിരുന്നു. ഒരു തവണ അപ്പുവിന്റെ നേതൃത്വത്തിൽ ചെറുപ്പക്കാർ അത് തടയുകകൂടി ചെയ്തതോടെ ജന്മിക്ക് കലിയിളകി. പട്ടേലരുടെ നിർദേശ പ്രകാരം കൈയ്യൂരിൽ നരനായാട്ട് ആരംഭിച്ചു. ഇക്കാലത്ത് രാജ്യത്ത് വളർന്നു വന്ന സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളിലും പോരാട്ട ങ്ങളിലും മുൻ നിരയിൽ അപ്പുവും കൂട്ടരും ഉണ്ടായിരുന്നു. ആയിടയ്ക്ക് ധിക്കാരിയായ പട്ടേലർ, കയ്യൂരിലെ വയലുകളിൽ നാട്ടുകാരായ തൊഴിലാളികൾ ഇറങ്ങേണ്ട എന്ന് തീരുമാനിച്ചു. വടക്കുനിന്ന് ആളുകളെ വരുത്തി കൊയ്ത്ത് നടത്താൻ തുടങ്ങിയപ്പോൾ കയ്യൂരിലെ തൊഴി ലാളികൾ കൈയും കെട്ടി നോക്കി നിൽക്കാതെ അതു തടഞ്ഞു. അതോടെ കയ്യൂരിൽ പൊലീ സിന്റെ തേർവാഴ്ച ആരംഭിച്ചു. ചെറുപ്പക്കാരിൽ പലരും ഒളിവിൽ പോയി. സ്ത്രീകൾ പുഴയ്ക്ക ക്കരേക്ക് പോയി. ഈ സാഹചര്യത്തിൽ കർഷകരും ചെറുപ്പ ക്കാരുമെല്ലാം ചേർന്ന് മർദനപ്രതിഷേധ ജാഥ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ഒളിവിൽ പോയവരും അയൽനാട്ടുകാരടക്കമുള്ളവരും പൊലീസിന്റെ കണ്ണു വെട്ടിച്ച് കയ്യൂരിലേക്ക് വന്നു. എന്നാൽ പൊലീസ് ഇതൊക്കെ മണത്തറി യുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ സൗത്ത് കാനറ ജില്ലയിലെ കാസർകോഡ് താലൂക്കിൽപ്പെട്ട ഹോസ്ദുർഗ് എന്ന സബ് താലൂക്കിലാണ് കയ്യൂർ ഗ്രാമം സ്ഥിതി ചെയ്തിരുന്നത്. പിൽക്കാലത്ത് കാസർകോഡ് ജില്ല രൂപീകൃതമായി. ഇപ്പോൾ ജില്ലയിലെ ചീമേനി ഗ്രാമപഞ്ചായത്തിലാണ് കയ്യൂർ. 1930കളുടെ അവസാനത്തിൽ കേരളത്തിൽ രൂപം കൊണ്ട കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ അലകൾ കയ്യൂരിലും ശക്തി പ്രാപിച്ചു. ഇതോടെ പി കൃഷ്ണപ്പിള്ള ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ചിന്നിച്ചിതറിക്കിടന്നിരുന്ന കർഷക മുന്നേറ്റങ്ങൾക്ക് പുതിയ രൂപവും മാനവും കൈവന്നു. കർഷകപ്രസ്ഥാനങ്ങൾക്ക് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ശക്തമായ അടിത്തറ രൂപപ്പെട്ടു. പൂർവാധികം ശക്തിയായി ജന്മിത്വത്തിനും കർഷക ചൂഷണത്തിനുമെതിരെ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കാൻ കർഷകസംഘം തീരുമാനിച്ചു. ജന്മിത്വത്തിനും അഴിമതിക്കും എതിരെ പോരാടി തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാനായി 1940 സെപ്തംബർ 15 പ്രതിഷേധ ദിനമായി ആചരിക്കാൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. എന്നാൽ അധികാരിവർഗം ഈ യോഗം നിരോധിച്ചു. ഈ നിരോധന ഉത്തരവിനെ കാറ്റിൽ പറത്തിക്കൊണ്ട് മുൻ നിശ്ചയിച്ച പ്രകാരം തന്നെ കർഷകർ വിവിധയിടങ്ങളിൽ ഒത്തുകൂടി. തലശേരിയിലും മട്ടന്നൂരും മൊറാഴയിലുമെല്ലാം കർഷകജാഥകൾ ശക്തി തെളിയിച്ചു. തലശേരി യിൽ സംഘടിച്ച ജനക്കൂട്ടത്തിനു നേരെ പൊലീസ് വെടിവയ്ക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് പിറ്റേ ദിവസം കയ്യൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ജാഥയ്ക്ക് മുന്നിൽ തലേ ദിവസത്തെ അക്രമത്തിൽ പങ്കാളിയായ പൊലീസ് കോൺസ്റ്റബിൾ സുബ്ബരായൻ വന്നുപെട്ടു. ക്ഷുഭിതരായ ജനക്കൂട്ടം സുബ്ബരായനെ ബലമായി ചെങ്കൊടി പിടിപ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ച് ജാഥയ്ക്ക് മുന്നിൽ നടത്തിച്ചു. "അബൂബക്കർ പൊലീസുകാരന്റെ ചുമലിൽ കൈവച്ച് മാറിനിൽക്കാൻ പറഞ്ഞപ്പോൾ അയാൾ കുതറി. അബൂബക്കറിന്റെ ചെകിട്ടത്ത് ഒന്ന് കാച്ചി. അതോടെ അയാൾ പേടിച്ച് ഓടാൻ തുടങ്ങി. നിരഞ്ജന എഴുതുന്നു, എങ്ങനെയെങ്കിലും പ്രാണൻ കിട്ടിയാൽ മതി എന്ന ദിക്കായി. എങ്കിലും കർഷകരോട് തോൽവി സമ്മതിക്കാൻ മനസില്ലാതിരുന്ന സുബ്ബരായൻ നദിക്കരയിലേക്ക് ഓടി. വെള്ളത്തിൽ എടുത്ത് ചാടി. അയാൾക്ക് നീന്തി അക്കരയെത്താനായില്ല. അപ്പുവും ചിരുകണ്ടനും ഊഹിച്ചതു സംഭവിച്ചു. നടുപ്പുഴയിൽ സുബ്ബരായൻ മുങ്ങി. തല മാത്രം കണ്ടിരുന്നതും ഇപ്പോൾ കാണാതായി...' സതീശൻ വിവരണം തുടരുന്നതിനിടയിൽത്തന്നെ എപ്പോഴോ എഴുന്നേറ്റ് നടക്കാൻ തുടങ്ങി യിരുന്നു. നോവലും ചരിത്രവും കഥയും ജീവിതവും എല്ലാം ചേർന്നൊരു നദിയായി ഒഴുകുന്നു. . അൽപ്പം മുന്നോട്ടു നടന്നാൽ രക്ത സാക്ഷി സ്തൂപമായി. ധീര സഖാക്കൾ നടന്നു പോയ വഴികളിലാണ്, മണ്ണിലാണ് കാലൂന്നതെന്നോർമ്മ വേണം. തേജസ്വിനിയുടെ തീരത്ത് നിറയെ കൊടിതോരണങ്ങൾ കാണുന്നുണ്ട് പുഴയുടെ ആരവവും കേൾക്കുന്നുണ്ട്. അതെ, എത്തിക്കഴിഞ്ഞു. തേജസ്വിനിയുടെ ഓരം ചേർന്നുള്ള കയ്യൂർ സഖാക്കളുടെ രക്തസാക്ഷി സ്മാരകത്തിനു മുന്നിൽ. ഇവിടെ വച്ചാണ് സുബ്ബരായൻ എന്ന പൊലീസുകാരൻ പുഴയിലേക്ക് ചാടിയത്. മാർച്ച് 28ന് ആയിരുന്നു ആ സംഭവം. രണ്ട് ദിവസം കഴിഞ്ഞ് സർവ സന്നാഹങ്ങളോടെ ആസൂത്രിതമായെത്തിയ പൊലീസ് സംഘം കയ്യൂരിൽ നരനായാട്ട് തുടങ്ങി. എല്ലാ അർഥ ത്തിലും പൊലീസ് അഴിഞ്ഞാടി. പിടികൂടിയ വരെയെല്ലാം പൊലിസ് ക്യാമ്പിൽ കൊണ്ടു പോയി. ചോദ്യം ചെയ്യലും മർദനമുറകളും തുടർന്നു. നേതാക്കൾ ഒളിവിൽ പോയി. ആബാലവൃദ്ധം ജനങ്ങൾക്കും ഉള്ളതെല്ലം ഇട്ടെറിഞ്ഞ് ജീവനും കൊണ്ട് ഓടിപ്പോകേണ്ട അവസ്ഥ. പൊലീസ് ക്രൂരത അതിന്റെ പാരമ്യതയിൽ തുടരുകയായിരുന്നു. ചുവപ്പു ചായം പുതച്ചു നിൽക്കുന്ന കയ്യൂർ രക്തസാക്ഷി സ്മാരക മന്ദിരം. തൊട്ടു മുന്നിലായി കയ്യൂർ സഖാക്കളുടെ ദീപ്ത സ്മരണ. രക്തസാക്ഷി സ്തൂപം. തൂക്കുമരത്തിലും തോൽക്കാത്ത സമരനായകർ. സ്തൂപപീഠത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു, മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കാൽ അബൂബക്കർ... അറുപത്തൊന്നുപേരെ പ്രതികളാക്കിയതിൽ മഠത്തിൽ അപ്പു ആയിരുന്നു ഒന്നാംപ്രതി. വി വി കുഞ്ഞമ്പു രണ്ടാം പ്രതിയും ഇ കെ നായനാർ മൂന്നാം പ്രതിയും ആയി. ഒളിവിൽ പോയ നായനാരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. . അതുകൊണ്ട് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവായി. ധീരരക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ചശേഷം തേജസ്വിനിയുടെ തീരത്തേക്ക് നടന്നു. വെയിലിന് ചൂടേറുന്നു. 1942 ഫെബ്രുവരി രണ്ടിനാണ് വിചാരണയ്ക്കുശേഷം വിധി പ്രാസ്താവിച്ചത്. മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കാൽ അബൂബക്കർ, ചൂരിക്കാടൻ കൃഷ്ണൻ നായർ എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചു. 38 പേരെ കോടതി വിട്ടയച്ചു. വി വി കുഞ്ഞമ്പുവിനെയും വിട്ടയച്ചു. പ്രായപൂർത്തിയാകാത്തതുകൊണ്ട് ചൂരിക്കാടൻ കൃഷ്ണൻ നായർക്ക് അഞ്ചു വർഷത്തെ തടവുശിക്ഷ നൽകി. തൂക്കിലേറ്റിയ ധീരരക്തസാക്ഷികളെ ജയിലിന് പുറത്തെത്തിച്ചില്ല. തൂക്കിലേറ്റപ്പെട്ട മഠത്തിൽ അപ്പുവിന്റെ കാതിലെ സ്വർണ കടുക്കനുകൾ ജയിലധികൃതരിൽ നിന്ന് വാങ്ങി കയ്യൂരിലെത്തിയ നേതാക്കൾ അവ അപ്പുവിന്റെ അച്ഛൻ അമ്പാടി അന്തിത്തി രിയനെ ഏൽപ്പിച്ചതും അത് പ്രസ്ഥാനത്തിനു വേണ്ടി ആ വീരനായ അച്ഛൻ തിരിച്ചേൽപ്പിച്ചതും കയ്യൂർ സംഭവത്തിലെ ആവേശവും അഭിമാനവും പ്രദാനം ചെയ്ത മറ്റൊരു മുഹൂർത്തം. നല്ല ഒരു നാളേയ്ക്കുവേണ്ടിയുള്ള ഒരു പോരാട്ട കഥയും അക്ഷരങ്ങളിൽ ഒതുങ്ങുന്ന തല്ല. ചോരച്ചെമ്പൂക്കൾ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.