23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
December 29, 2023 4:09 pm

എൽഡിഎഫ്‌ സർക്കാരിലെ പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്‌കുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവവും കെ ബി ഗണേഷ്‌കുമാർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞയ്‌ക്കുശേഷം ഗവർണറും മുഖ്യമന്ത്രിയും ഇരുവരെയും പൂച്ചെണ്ടുകൾ നൽകി അഭിനന്ദിച്ചു. തുടർന്ന്‌ ഗവർണർ നടത്തിയ ചായസൽക്കാരത്തിൽ ഇരു മന്ത്രിമാരും പങ്കെടുത്തു. എൽഡിഎഫ് ധാരണപ്രകാരം രണ്ടരവർഷം പൂർത്തിയാക്കിയ അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ രാജിവച്ച ഒഴിവിലാണ്‌ ഇവർ ചുമതലയേറ്റത്‌.

കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റായ രാമചന്ദ്രൻ കടന്നപ്പള്ളി മൂന്നാംതവണയാണ് മന്ത്രിയാകുന്നത്. കണ്ണൂർ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ്. രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പുകളായിരിക്കും കൈകാര്യം ചെയ്യുക. സെക്രട്ടേറിയറ്റിലെ സൗത്ത്‌ ബ്ലോക്കിൽ മൂന്നാംനിലയിലാണ്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഓഫിസ്‌. ആന്റണി രാജുവായിരുന്നു ഈ ഓഫിസ്‌ ഉപയോഗിച്ചിരുന്നത്‌. 

കേരള കോൺഗ്രസ് ബി ചെയർമാനും നടനുമായ കെ ബി ഗണേഷ്‌കുമാർ പത്തനാപുരം മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗവും മുൻ മന്ത്രിയുമാണ്‌. ഗതാഗതം, ജലഗതാഗതം, മോട്ടോർ വാഹനം വകുപ്പുകളാണ്‌ കെ ബി ഗണേഷ്‌കുമാറിന്‌. അഹമ്മദ്‌ ദേവർ കോവിൽ കൈകാര്യം ചെയ്‌ത തുറമുഖ വകുപ്പ്‌ മന്ത്രി വി എൻ വാസവന് നല്‍കി. വി എൻ വാസവൻ കൈകാര്യം ചെയ്‌ത രജിസ്‌ട്രേഷൻ വകുപ്പ്‌ കടന്നപ്പള്ളിക്കും നല്‍കി.

സത്യപ്രതിജ്ഞാ ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സ്പീക്കർ എ എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാര്‍, എംഎൽഎമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങൾ, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, മത ‑സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Summary;KB Ganesh Kumar and kadana­pal­ly Ramachan­dran were sworn in as ministers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.