21 January 2026, Wednesday

Related news

January 11, 2026
January 10, 2026
January 8, 2026
December 29, 2025
December 26, 2025
December 17, 2025
December 11, 2025
December 1, 2025
November 26, 2025
October 31, 2025

കേരളത്തില്‍ ക്രിക്കറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കെ.സി.എ

Janayugom Webdesk
തിരുവനന്തപുരം
July 12, 2025 3:39 pm

കെസിഎല്‍ സമ്മാനിച്ച ക്രിക്കറ്റ് ആവേശവും ആദ്യ സീസണിൻ്റെ വൻവിജയവും കണക്കിലെടുത്തു ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോര്‍ത്തിണക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍. കേരള ക്രിക്കറ്റ് ലീഗിനെ കേരളത്തിന്റെ ടൂറിസവുമായി കോര്‍ത്തിണക്കി കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ‘ക്രിക്കറ്റ് ടൂറിസം’ പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാനാണ് നീക്കം. 

സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് വിപുലമായ പദ്ധതികള്‍ക്കാണ് കെ.സി.എ രൂപം നല്‍കുന്നത്. കേവലം കളിക്കളത്തിലെ പ്രകടനങ്ങള്‍ക്കപ്പുറം, ക്രിക്കറ്റിനെ ഒരു സാംസ്‌കാരിക അനുഭവമാക്കി മാറ്റി, അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകുകയാണ് ലക്ഷ്യം.

കെസിഎല്‍ ക്രിക്കറ്റ് ടൂറിസത്തിന്റെ നട്ടെല്ല്

കഴിഞ്ഞ വര്‍ഷം ആരംഭിച്ച കേരള ക്രിക്കറ്റ് ലീഗ് ആണ് പദ്ധതിയുടെ നട്ടെല്ല്. പ്രാദേശിക ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍, ജില്ലകള്‍ക്കിടയില്‍ വലിയ ആരാധക പ്രവാഹം ഉണ്ടാകുമെന്നാണ് കെ.സി.എയുടെ കണക്കുകൂട്ടല്‍. തിരുവനന്തപുരത്ത് നടക്കുന്ന മത്സരം കാണാന്‍ കോഴിക്കോട്ടു നിന്നും, കൊച്ചിയില്‍ നിന്നും മലബാര്‍ മേഖലയില്‍ നിന്നും ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ എത്തും. ഇവരുടെ യാത്ര, താമസം, ഭക്ഷണം എന്നിവയിലൂടെ പ്രാദേശിക വിപണിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സ്‌പോര്‍ട്‌സ് ടൂറിസത്തിന്റെ സാധ്യതകള്‍

മത്സരങ്ങൾ കാണാനെത്തുന്ന ആള്‍ക്കാരെ കൂടുതൽ ദിവസം തങ്ങാൻ ഉതകുന്ന തരത്തിലുള്ള വിനോദ പരിപാടികൾ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമാക്കുവാനാണ് കെ.സി.എയുടെ പദ്ധതി. കെ സി എൽ നടക്കുന്ന മാസങ്ങളിൽ സ്പെഷ്യൽ റേറ്റ് നൽകാൻ ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകളുമായി ചർച്ച നടക്കുകയാണ്. ഇത്തരം നടപടികൾ അതാത് മേഖലകള്‍ക്ക് പുത്തനുണര്‍വ് നല്‍കും. ക്രിക്കറ്റ് മത്സരങ്ങള്‍ ടൂറിസം സീസണുകളില്‍ പ്ലാന്‍ ചെയ്യാന്‍ സാധിച്ചാല്‍, കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ. മത്സര ടിക്കറ്റിനൊപ്പം ഹോട്ടല്‍ താമസം, കായല്‍ യാത്ര, മറ്റ് വിനോദങ്ങള്‍ എന്നിവ ചേര്‍ത്ത് ആകര്‍ഷകമായ ‘ക്രിക്കറ്റ് പാക്കേജുകള്‍’ നല്‍കാന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് കഴിയും.

ക്രിക്കറ്റ്‌ ടൂറിസം പദ്ധതി മറ്റു ജില്ലകളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി വരും വർഷങ്ങളിൽ തിരുവനന്തപുരത്തെ സ്റ്റേഡിയങ്ങള്‍ക്ക് പുറമെ മറ്റു ക്രിക്കറ്റ്‌ ഗ്രൗണ്ടകളിൽ ലീഗ് മത്സരങ്ങൾ വ്യാപിപ്പിക്കാൻ കെ.സി.എ തയ്യാറെടുപ്പുകൾ തുടങ്ങിയതായി കെസിഎ പ്രസിഡന്റ്‌ ജയേഷ് ജോർജ് പറഞ്ഞു. “കെസിഎയുടെ ലക്ഷ്യം ക്രിക്കറ്റിനെ ഗ്രൗണ്ടില്‍ മാത്രം ഒതുക്കുകയല്ല. അതൊരു സമ്പൂര്‍ണ്ണ അനുഭവമാക്കി മാറ്റുകയാണ്. കേരളത്തെ ക്രിക്കറ്റ് പ്രേമികളുടെ ഒരു ‘വണ്‍-സ്റ്റോപ്പ് ഡെസ്റ്റിനേഷന്‍’ ആക്കുക എന്നതാണ് ലക്ഷ്യം. കെസിഎല്‍ ആയാലും അന്താരാഷ്ട്ര മത്സരമായാലും, ഉയര്‍ന്ന നിലവാരമുള്ള ക്രിക്കറ്റ് ഇവിടെ കാണാന്‍ സാധിക്കുമെന്ന ഉറപ്പ് ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്‍കാന്‍ കഴിയണം. ക്രിക്കറ്റും ടൂറിസവും ഒരുമിച്ച് വളരുന്ന ഒരു സമ്പൂര്‍ണ്ണ ഇക്കോസിസ്റ്റമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് ” — സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.

സഞ്ചാരികൾക്കും കായിക പ്രേമികൾക്കും ക്രിക്കറ്റ് ടൂറിസത്തിലൂടെ പുതിയൊരു അനുഭവം സമ്മാനിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കായിക, വിനോദസഞ്ചാര മേഖല. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക മുന്നേറ്റത്തിനും പദ്ധതി ഊര്‍ജ്ജം പകരും. വെല്ലുവിളികളെ അതിജീവിച്ച് ഈ സ്വപ്ന പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍, കേരളം ലോക സ്‌പോര്‍ട്‌സ് ടൂറിസം ഭൂപടത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തുമെന്നും സെക്രട്ടറി വിനോദ് എസ് കുമാർ അഭിപ്രായപെട്ടു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.