
കെസിഎൽ ഫൈനൽ പോരാട്ടം ഇന്ന്, കൊച്ചി ബ്ലൂ ടൈഗേഴ്സും കൊല്ലം സെയിലേഴ്സുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30നാണ് മത്സരം. കളിച്ച പത്ത് മത്സരങ്ങളിൽ എട്ടും ജയിച്ചായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്സ് സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ കാലിക്കറ്റിനെതിരെ 15 റൺസിന്റെ വിജയം. ഒടുവിൽ കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിന് ഇറങ്ങുകയാണ് കൊച്ചി. ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസന്റെ അഭാവം തീർച്ചയായും കൊച്ചിക്ക് വലിയൊരു നഷ്ടം തന്നെയാണ്. എങ്കിലും സഞ്ജുവില്ലാതെ നേടിയ സമീപ വിജയങ്ങൾ ടീമിന് ആത്മവിശ്വാസം പകരുന്നുമുണ്ട്. സെമിയിലൊഴികെ മറ്റ് മത്സരങ്ങളിലെല്ലാം വിനൂപ് മനോഹരൻ നല്‍കിയ തകർപ്പൻ തുടക്കങ്ങളാണ് ടീമിന്റെ വിജയത്തിൽ നിർണായകമായത്. 11 ഇന്നിങ്സുകളിൽ നിന്നായി 344 റൺസുമായി ബാറ്റിങ് പട്ടികയിൽ നാലാം സ്ഥാനത്താണ് വിനൂപ് ഇപ്പോൾ. സഞ്ജുവിന്റെ അഭാവത്തിൽ വിനൂപിനൊപ്പം ഇന്നിങ്സ് തുറന്ന വിപുൽ ശക്തിയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. മൊഹമ്മദ് ഷാനുവും നിഖിൽ തോട്ടത്തും സാലി സാംസണും അടങ്ങുന്ന മധ്യനിരയും ശക്തം. മധ്യനിര നിറം മങ്ങിയ മത്സരങ്ങളിൽ ആൽഫി ഫ്രാൻസിസ് ജോണും ജോബിൻ ജോബിയും മൊഹമ്മദ് ആഷിഖും ജെറിൻ പി എസുമടങ്ങിയ ഓൾറൗണ്ടർമാരായിരുന്നു ടീമിനെ കരകയറ്റിയത്. ബൗളിങ്ങിൽ കെ എം ആസിഫ് തന്നെയാണ് ടീമിന്റെ കരുത്ത്. വെറും ഏഴ് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളുമായി ബൗളർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ആസിഫ്. അവസാന മത്സരങ്ങളിൽ ടീമിനായിറങ്ങിയ പി കെ മിഥുനും മികച്ച ബൗളിങ് കാഴ്ചവയ്ക്കുന്നുണ്ട്.
മറുവശത്ത് പത്ത് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച് മൂന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറിയ ടീമാണ് കൊല്ലം സെയിലേഴ്സ്. എന്നാൽ സെമിയിൽ എതിരാളികളായ തൃശൂരിനെ നിഷ്പ്രഭരാക്കി, പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു അവരുടേത്. മികച്ച ഫോമിലുള്ള ബൗളർമാരും, അവരെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തന്ത്രങ്ങളുമാണ് കഴിഞ്ഞ മത്സരങ്ങളിലെ വിജയങ്ങളിൽ നിർണായകമായത്. അഖിൽ സ്കറിയ കഴിഞ്ഞാൽ ടൂർണമെന്റില്‍ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് കൊല്ലത്തിന്റെ അമൽ എ ജിയാണ്. ഇതുവരെ 16 വിക്കറ്റുകൾ വീഴ്ത്തിയ അമൽ തന്നെയായിരുന്നു സെമിയിൽ തൃശൂരിനെതിരെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയത്. അമലിനൊപ്പം പവൻ രാജും ഷറഫുദ്ദീനും വിജയ് വിശ്വനാഥും അജയഘോഷും എം എസ് അഖിലുമടങ്ങുന്നതാണ് ബൗളിങ് നിര. ഇവരിലെല്ലാവരും തന്നെ ഓൾ റൗണ്ടർമാരുമാണ്. അഭിഷേക് ജെ നായർ കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ സ്ഥിരമായി ഫോം നിലനിർത്തുന്നുണ്ട്. കൂറ്റനടികളിലൂടെ സ്കോറുയർത്താൻ കെല്പുള്ളവരാണ് സച്ചിൻ ബേബിയും വിഷ്ണു വിനോദും. ഭരത് സൂര്യയും വത്സൽ ഗോവിന്ദും കൂടി ചേരുമ്പോൾ അതിശക്തമായ ബാറ്റിങ് നിരയാണ് കൊല്ലത്തിന്റേത്.
ഒപ്പത്തിനൊപ്പം നില്കുന്ന കരുത്തുറ്റ രണ്ട് ടീമുകളാണ് ഫൈനൽ പോരാട്ടത്തിൽ നേർക്കുനേരെത്തുന്നത്. ഫൈനലിന്റെ സമ്മർദം മറികടന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന ടീമിനെത്തേടിയാകും വിജയമെത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.