തിരുപ്പതി ലഡു വിവാദത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ലാബ് റിപ്പോര്‍ട്ട് പുറത്തുവിട്ട സര്‍ക്കാര്‍ നടപടിയെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ലാബ് റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ അശുദ്ധമായ നെയ്യ് ഉപയോഗിച്ചതായി കാണിക്കുന്നില്ലെന്നും മായം കലര്‍ത്തിയ നെയ്യ് ഉപയോഗിച്ചതിന്റെ തെളിവ് എവിടെയെന്നും കോടതി ആരാഞ്ഞു.
അന്വേഷണത്തിന് ഉത്തരവിട്ടിട്ട് റിപ്പോര്‍ട്ട് വരും മുമ്പ് മാധ്യമങ്ങളെ കണ്ടതെന്തിനാണെന്നും ഉറപ്പില്ലാത്ത ഒരു കാര്യം എങ്ങനെ പരസ്യമായി പറഞ്ഞുവെന്നും കോടതി ചോദിച്ചു. ഉന്നത ഭരണഘടനാ പദവി കൈകാര്യം ചെയ്യുന്നയാള്‍ ഇത്തരത്തില്‍ പെരുമാറിയതില്‍ കോടതി അതൃപ്തി അറിയിച്ചു. ‘മുഖ്യമന്ത്രി എന്ന നിലയില്‍ ഭരണഘടനാ പദവി വഹിക്കുമ്പോള്‍, നിങ്ങള്‍ ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കേസെടുക്കുന്നതിനും പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കുന്നതിനും മുമ്പേ കോടാനുകോടി വിശ്വാസികളെ ബാധിക്കുന്ന വിഷയത്തില്‍ പൊതു പ്രസ്താവന നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു.
ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണവുമായി ഇനി മുന്നോട്ട് പോകാനില്ലെന്ന് വ്യക്തമാക്കിയ കോടതി ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ അന്വേഷണം തടഞ്ഞുവെച്ചു. വിഷയത്തില്‍ സംസ്ഥാനം നിയോഗിച്ച എസ്‌ഐടി അന്വേഷണം തുടരണമോ അതോ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമോ എന്ന് അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി) പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് കോടതി പറഞ്ഞു. ‘നിങ്ങള്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചതായി വ്യക്തമാക്കാന്‍ സാധ്യമായതൊന്നും നിങ്ങള്‍ ഹാജരാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജികള്‍ ഈമാസം മൂന്നിനു വീണ്ടും പരിഗണിക്കും. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് തിരുപ്പതി ലഡു തയാറാക്കാന്‍ ഉപയോഗിച്ചിരുന്ന നെയ്യില്‍ മൃഗക്കൊഴുപ്പിന്റെ അംശം കണ്ടെത്തിയെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. ഇതോടെ തിരുപ്പതി ക്ഷേത്രം വിവാദ കേന്ദ്രമായി മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.