പമ്പാവാലിക്കാർക്ക് നൽകിയ വാക്ക് പാലിച്ച് റവന്യു വകുപ്പ്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി ഗ്രാമപഞ്ചായത്തിൽപ്പെട്ട പമ്പാവാലിയിലെയും എയ്ഞ്ചൽവാലിയിലെയും മലയോര കർഷക ജനതയുടെയും ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് മുഴുവൻ കൈവശ കൃഷിക്കാർക്കും ഉപാധിരഹിത പട്ടയം യാഥാർത്ഥ്യമായി. എയ്ഞ്ചൽവാലി നടന്ന ചടങ്ങിൽ 521 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
1950 കളിൽ അന്നത്തെ തിരു-കൊച്ചി സർക്കാർ ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം കൃഷിക്കാർക്കും വിമുക്തഭടന്മാർക്കും നൽകിയ ഭൂമിക്ക് കൈവശ ഉടമസ്ഥ രേഖയായ പട്ടയം ആവശ്യപ്പെട്ടുകൊണ്ട് കർഷകർ നിരന്തരമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്. 1968 ൽ മാത്യു മണിയങ്ങാടൻ കമ്മിഷൻ ഈ ഭൂമി കൈവശ കൃഷിക്കാർക്ക് അർഹതപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. കർഷകർ പട്ടയത്തിന് അർഹരാണെന്നും അതിനു തടസമാകുന്ന യാതൊരു നിയമ പ്രശ്നങ്ങളും ഇല്ല എന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർ നടപടികളുടെ ഫലമായി 2016 ൽ 855 പേർക്ക് പട്ടയം നൽകുകയും മറ്റ് കൈവശക്കാർക്ക് പട്ടയം നൽകുന്നതിന് നടപടി ആരംഭിക്കുകയും ചെയ്തു.
പക്ഷേ, പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് ശേഷം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ അതിർത്തികൾ നിശ്ചയിക്കാൻ കഴിയാതിരുന്നത് ഇവിടുത്തെ പട്ടയ പ്രശ്നത്തിന് പ്രധാന കാരണമായി. അതുകൊണ്ടുതന്നെ 1961 ലെ സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം 2016 ൽ നൽകിയ പട്ടയം നിയമ സാധുത ഇല്ലാത്തതായി.
ഇപ്പോൾ റവന്യുവകുപ്പ് മുൻകൈ എടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലകളുടെ അതിർത്തികൾ കൃത്യമായി നിർണയിച്ച് സ്കെച്ചുകൾ പൂർത്തീകരിച്ചു. വനംവകുപ്പിന്റെ കൂടി സംയുക്ത പരിശോധനയ്ക്കുശേഷമാണ് റവന്യുവകുപ്പിന്റെ പട്ടയമാക്കി അപേക്ഷ നൽകിയവർക്കു കൈമാറുന്നത്. ശേഷിക്കുന്ന അപേക്ഷകർക്ക് ജൂൺ 6,7 തിയതികളിൽ എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിൽ അദാലത്ത് നടത്തി പഴയ പട്ടയങ്ങൾ സറണ്ടർ ചെയ്യാൻ അവസരമൊരുക്കും. ഈ അപേക്ഷകളിൽ ഓഗസ്റ്റ് 30ന് മുമ്പ് നിയമസാധുതയുള്ള പുതിയ പട്ടയം കൈമാറും. ഏഞ്ചൽവാലി പ്രദേശത്തെ പട്ടയ പ്രശ്നത്തിന് പരിഹാരം എന്നത് എൽഡിഎഫിന്റെയും പ്രത്യേകിച്ച് സിപിഐയുടെ പൊതു പ്രഖ്യാപനമായിരുന്നു.
English Summary; The revenue department distributed 521 land titles in Pambavali
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.