10 February 2026, Tuesday

Related news

February 10, 2026
February 10, 2026
February 10, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

എപ്‍സ്റ്റീന്‍ കുരുക്കില്‍ സ്റ്റാര്‍മര്‍; രാജി സമ്മര്‍ദം ശക്തം

ചീഫ് ഓഫ് സ്റ്റാഫും കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും സ്ഥാനമൊഴിഞ്ഞു 
Janayugom Webdesk
ലണ്ടന്‍
February 10, 2026 9:32 pm

മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അമേരിക്കന്‍ ലെെംഗിക കുറ്റവാളി ജെഫ്രി എപ്‍സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ കലങ്ങി മറിഞ്ഞ് യുകെ രാഷ്ട്രീയം. സ്ഥാനമൊഴിയാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് കടുത്ത സമ്മര്‍ദമാണ് പ്രധാനമന്ത്രി കെയ‍്ര്‍ സ്റ്റാര്‍മര്‍ നേരിടുന്നത്. എപ്‍സ്റ്റീനുമായി ബന്ധമുണ്ടെന്ന് അറിയാമായിരുന്നിട്ടും പീറ്റർ മാൻഡേഴ്‌സണെ യുഎസ് അംബസഡറായി സ്റ്റാര്‍മര്‍ നിയമിച്ചതാണ് നിലവിലെ വിവാദങ്ങള്‍ക്ക് പിന്നില്‍. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്‍സ്റ്റീന്‍ ഫയലുകളില്‍ മാൻഡേഴ്‌സണിന്റെ പേര് പ്രത്യക്ഷപ്പെട്ടതുമുതല്‍ അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുകയാണ്. ഇതിനു പിന്നാലെ മാൻഡേഴ്‌സൺ പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്നും ലേബർ പാർട്ടിയിൽ നിന്നും രാജിവച്ചിരുന്നു. വ്യാപാര സെക്രട്ടറിയായിരുന്ന മാന്‍ഡേഴ്സണ്‍ 2008 ലെ സാമ്പത്തിക പ്രതിസന്ധി സമയത്തുപോലും എപ്‍സ്റ്റീന് സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നാണ് ജനുവരി 30ന് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലെ വെളിപ്പെടുത്തല്‍. 

മാൻഡേഴ്‌സണെ നിയമിക്കാൻ സ്റ്റാർമറിന് ഉപദേശം നൽകിയതിന്റെ പേരിൽ ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക്‌സ്വീനി രാജിവച്ചു. പീറ്റർ മാന്‍ഡേഴ്സണെ നിയമിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് രാജിപ്രഖ്യാപനത്തില്‍ മക‍്സ്വീനി കുറിച്ചു. മണ്ടൽസണും എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ തെളിവുകൾ പുറത്തുവന്നതോടെ ലേബർ പാർലമെന്റ് അംഗങ്ങൾ മ‍ക‍്സ്വീനിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. അംബാസഡറെ നിയമിക്കുമ്പോൾ ശരിയായ പശ്ചാത്തല പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിൽ മക്‌സ്വീനി പരാജയപ്പെട്ടുവെന്ന് നിയമസഭാംഗങ്ങള്‍ ആരോപിച്ചു. കമ്മ്യൂണിക്കേഷൻസ് മേധാവി ടിം അലനും സ്ഥാനമൊഴിഞ്ഞതോടെ പ്രധാനപ്പെട്ട രണ്ട് സഹായികളെയാണ് സ്റ്റാര്‍മറിന് നഷ്ടമായത്. അതേസമയം, രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റാര്‍മര്‍. മാന്‍ഡേഴ്സണെ നിയമിച്ചതില്‍ ഖേദമുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യവേ സ്റ്റാര്‍മര്‍ പറഞ്ഞു. സമ്മര്‍ദമുണ്ടെങ്കിലും സര്‍ക്കാരിലെ മുതിര്‍ന്ന അംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നതാണ് സ്റ്റാര്‍മറിന്റെ പ്രതീക്ഷ. 

ഡെപ്യൂട്ടി പ്രധാനമന്ത്രിയും നീതിന്യായ സെക്രട്ടറിയുമായ ഡേവിഡ് ലാമി, വിദേശകാര്യ മന്ത്രി യെവെറ്റ് കൂപ്പർ, ധനമന്ത്രി റേച്ചൽ റീവ്സ് എന്നിവരും സ്റ്റാര്‍മറിന് പിന്തുണ നല്‍കുന്നു. എന്നാല്‍ എപ്സ്റ്റീനുമായുള്ള ബന്ധം കാരണം മാന്‍ഡേഴ്സണെ അംബാസഡറായി നിയമിക്കുന്നതിനെ ഉപപ്രധാനമന്ത്രി അനുകൂലിച്ചിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാൻഡേഴ്‌സൺ വിവാദവുമായി ബന്ധപ്പെട്ട് സ്റ്റാർമർ രാജിവയ്ക്കണമെന്ന് സ്കോട്ടിഷ് ലേബർ പാർട്ടി നേതാവ് അനസ് സർവാറാണ് ആദ്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസ് നിരവധി ഗുരുതരമായ തെറ്റുകൾ വരുത്തിയെന്നാണ് സര്‍വാറിന്റെ ആരോപണം. നിലവിലുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കാൻ നേതൃത്വത്തിൽ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വാറിന്റെ ആവശ്യം പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളും ഏറ്റെടുത്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.