18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 17, 2024
October 9, 2024
September 25, 2024
September 23, 2024
September 21, 2024
September 17, 2024
September 17, 2024
September 16, 2024

കെജ്രിവാളിന്റെ വിശ്വസ്ത; അതിഷി മർലേനക്ക് മുതൽക്കൂട്ടായത് ജനകീയത

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2024 12:50 pm

അതിഷി മർലേനക്ക് ഡൽഹി മുഖ്യമന്ത്രി പദത്തിലേക്ക് വഴിയൊരുക്കിയത് കെജ്രിവാളിന്റെ വിശ്വസ്തതയായ മന്ത്രിയെന്ന പദവി. സുഷമാ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായ അതിഷി മർലേനയെ എഎപിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായും കാലം അടയാളപ്പെടുത്തും. മദ്യനയക്കേസിൽ കെജ്രിവാൾ ജയിലിൽ കഴിഞ്ഞപ്പോൾ അതിഷിയായിരുന്നു പാർട്ടിയെയും സർക്കാറിനെയും നയിച്ചത്. ഇന്ന് വൈകീട്ട് കെജ്‍രിവാൾ ഗവർണർ വി കെ സക്സേനക്ക് രാജിക്കത്ത് കൈമാറുന്നതോടെ അവർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും. 

കെജ്രിവാളും മനീഷ് സിസോദിയയും കഴിഞ്ഞാൽ എഎപിയിലെ ഏറ്റവും ജനകീയതയും സ്വാധീനവുമുള്ള നേതാവായി അതിഷി മാറിക്കഴിഞ്ഞു. ഡൽഹി സർവകലാശായിൽ അധ്യാപകരായിരുന്ന വിജയ് സിങ്ങിന്റെയും തൃപ്തവാഹിയുടെയും മകളായി 1981ലാണ് അതിഷി ജനിച്ചത്. മിശ്രവിവാഹിതരായ ദമ്പതികൾ തങ്ങളുടെ മകളുടെ ജാതിപ്പേരും കുടുംബപ്പേരും ഒഴിവാക്കി അതിനു പകരം പേരിനോടൊപ്പം മർലേന എന്ന് വിളിച്ചു. കമ്മ്യൂണിസ്റ്റ് ചിന്തകനായ മാർക്സിന്റേയും ലെനിന്റേയും സംയുക്തരൂപമാണ് മർലേന എന്നത്. 2001ൽ ഡൽഹി സെന്റ് സ്റ്റീഫൻ കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ അതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. 2003ൽ സ്കോളർഷിപ്പോടെ ഓക്സ്ഫഡിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. പിന്നീട് 2005ലും ഓക്സ്ഫഡിൽ തന്നെ ഗവേഷകയായി. ഒരു വർഷത്തിന് ശേഷം ആന്ധ്രപ്രദേശിലെ സ്വകാര്യ സ്‌കൂളിൽ ഇംഗ്ലീഷും ചരിത്രവും പഠിപ്പിച്ചു. അതിനു ശേഷം മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു കൊച്ചുഗ്രാമത്തിലായിരുന്നു അതിഷി കുറച്ചുകാലം. അവിടെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി സമയം മാറ്റിവെച്ചു. ഒഴിവുസമയങ്ങളിൽ ജൈവകൃഷിയെന്ന ഹോബിയും മുന്നോട്ട് കൊണ്ടുപോയി. വ്യത്യസ്‍ത എൻജിഒകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. പ്രശാന്ത് ഭൂഷണുമായുള്ള കണ്ടുമുട്ടലാണ് ആം ആദ്മി പാർട്ടിയിലേക്ക് അതിഷിയെ ആകർഷിച്ചത്. 

എന്നാൽ ആം ആദ്മിയുടെ അഴിമതിവിരുദ്ധരാഷ്ട്രീയം എന്ന ഏകധ്രുവത്തിലുള്ള പ്രചാരണത്തിന് അതിഷി എതിരായിരുന്നു. 2013 ൽ ആം ആദ്മിയുടെ നയപരിപാടികളുടെ രൂപീകരണത്തിൽ പ്രധാന പങ്കാളിയായി അതിഷി പാർട്ടിയിൽ ചേർന്നു. ആപ്പിന്റെ ഏറ്റവും ഉയർന്ന ബോഡിയായ രാഷ്ട്രീയ കാര്യസമിതിയിൽ അവർ അംഗമായി. 2013 മുതൽ പാർട്ടിയുടെ വക്താവായി അതിഷി സജീവമായി. ഇപ്പോൾ മുഖ്യമന്ത്രി പദം വരെ എത്തിയിരിക്കുന്നു ആ രാഷ്ട്രീയ യാത്ര. ഡൽഹി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അതിഷി. 11 വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്രിവാളിനുശേഷം ഡൽഹിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്.നിലവിലെ മന്ത്രിസഭയിൽ 14 വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.