
പ്രകടമായ ഉന്നതികളിലൂടെയാണ് 2025ൽ കേരളം കടന്നുപോയത്. ആരോഗ്യ, വ്യവസായ മേഖലകളിലടക്കം എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ ആർജിച്ച നേട്ടങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും അംഗീകാര പെരുമഴയുണ്ടായി. അതിദരിദ്രർ ഇല്ലാത്ത കേരളം ലോകത്തിനു തന്നെ അത്ഭുതമായി. സ്വന്തമായൊരു വീട് സ്വപ്നങ്ങളിൽ മാത്രമായിരുന്നവർ
ലൈഫ് മിഷൻ പദ്ധതിയിലൂടെ ഭൂമിയുടെയും വീടിന്റെയും അവകാശികളായി. നൂലാമാലകളഴിച്ച് ഭൂമി ഉറപ്പാക്കിയ പട്ടയ വിതരണവും കാർഷിക‑വിദ്യാഭ്യാസ‑വ്യവസായ മേഖലകളിലെ മുന്നേറ്റവുമെല്ലാം കേരളത്തിന്റെ നേട്ടങ്ങളിൽ പൊൻതൂവലായി. ക്ഷീര മേഖല സ്വയം പര്യാപ്തതയുടെ ചുവടുകളിലാണ്. ക്ഷേമപെൻഷൻ 2,000 രൂപയാക്കി വർധിപ്പിച്ച് കുടിശികയില്ലാതെ വിതരണം ചെയ്തുവരുന്നു. കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും മികവാർന്ന ധനമാനേജ്മെന്റിലൂടെ കേരളം സ്വന്തം കാലിൽ ശിരസുയർത്തി മൂന്നാം എൽഡിഎഫ് ഭരണത്തിലേക്ക് നീങ്ങുകയാണ്.
സ്ത്രീ സുരക്ഷാ പദ്ധതി
കേരള സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ചതാണ് ‘സ്ത്രീ സുരക്ഷാ പദ്ധതി’. സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിക്കായി പ്രതിവർഷം 600 കോടി രൂപയാണ് സർക്കാർ നീക്കിവയ്ക്കുന്നത്.
വ്യവസായ സൗഹൃദ സംസ്ഥാനം
വ്യവസായ പരിഷ്‌കരണ കര്‍മ്മ പദ്ധതികളിലൂടെ കേരളത്തിന് ഏറ്റവും മികച്ച വ്യവസായസൗഹൃദ സംസ്ഥാനമെന്ന പദവി കിട്ടി. തുടര്‍ച്ചയായ രണ്ടാം തവണയും പരാതികളുടെ എണ്ണം കുറയ്ക്കാനുമായി. അതിവേഗം വളരുന്നവിഭാഗത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലില്‍ നിന്ന് നവംബര്‍ 11ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവിന് പുരസ്‌കാരം ഏറ്റുവാങ്ങാനുമായി. 99.3 % പരിഷ്‌കാരങ്ങളും പൂര്‍ത്തിയാക്കാന്‍ കേരളത്തിന് ഇക്കൊല്ലമായി. സുപ്രധാന വ്യവസായ മേഖലകളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കാനും കഴിഞ്ഞു.
വയോജന ക്ഷേമത്തിൽ ഒന്നാമത്
വയോജനക്ഷേമത്തിനായി ഒട്ടനവധി പദ്ധതികളാണ് എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്ത് വയോജനക്ഷേമത്തിൽ കേരളമാണ് ഒന്നാമത്. സംസ്ഥാന വയോജന കമ്മിഷൻ രൂപീകരിച്ചതുൾപ്പെടെ ആശ്വാസകിരൺ, അഭയകിരൺ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം, കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി, വയോമധുരം, അമ്മമാർക്കു സ്നേഹസ്പർശം, വയോമിത്രം, വാതിൽപ്പടി സേവനം, മന്ദഹാസം പദ്ധതി, വയോരക്ഷ, പാലിയേറ്റീവ് കെയർഗ്രിഡിലൂടെ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, ഗുരുതര രോഗമുള്ളവർ, അതിദരിദ്രർ എന്നിവർക്ക് സഹായം തുടങ്ങി 35 സാമൂഹ്യക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയത്. കേരളത്തെ മാതൃകയാക്കി മന്ദഹാസം പദ്ധതിയുൾപ്പെടെ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി തമിഴ്‌നാടും അരുണാചൽ പ്രദേശും താല്പര്യമറിയിച്ചു.
അതിദാരിദ്ര്യ മുക്ത കേരളം
രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യ മുക്തി കൈവരിക്കുന്ന സംസ്ഥാനമായി കേരളം. ഐക്യകേരളത്തിന് 69 വയസ് പൂർത്തിയായ നവംബർ ഒന്നിനായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. 64,006 കുടുംബങ്ങൾ അതിദാരിദ്ര്യത്തിൽനിന്ന് മുക്തി നേടിയതോടെയാണ് സംസ്ഥാനം നേട്ടം കൈവരിച്ചത്.
വയനാട് ടൗൺഷിപ്പ്
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ആശ്വാസമായി യനാട് ടൗൺഷിപ്പ് അതിവേഗത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു. പുതു വര്‍ഷത്തില്‍ അവര്‍ പുതിയ വീടിന്റെ അവകാശികളാകും. കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ് അതിജീവനത്തിലെ ലോകമാതൃകയായി ടൗൺഷിപ്പ് നിർമ്മിക്കുന്നത്. ഓരോ കുടുംബത്തിനും ഏഴു സെന്റിൽ ആയിരം ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് നിർമ്മിക്കുന്നത്. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി എന്നിവ ഉൾപ്പെടെയാണ് ടൗൺഷിപ്പ് നിർമ്മിക്കുന്നത്.
വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമർപ്പിച്ചു. 2024 ജൂലൈയിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽറൺ നടത്തിയത്. സാൻഫെർണാ ഡോ എന്ന കപ്പലാണ് തീരത്ത് ആദ്യമായി എത്തിയത്. 2015 ഓഗസ്റ്റ് 17നാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരാർ ഒപ്പിട്ടത്. മദർഷിപ്പുകളെ സുരക്ഷിതമായി തീരത്തോട് അടുപ്പിക്കാൻ സാധിക്കുന്നതിനാൽ ഇന്ത്യയിലെ ആദ്യത്തെ മദർപോർട്ട് അഥവാ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് എന്ന ഖ്യാതിയും വിഴിഞ്ഞത്തിനുണ്ട്. ഏഷ്യൻ ഭൂഖണ്ഡത്തിലെ തീരങ്ങളിൽ മുമ്പ് വന്നിട്ടില്ലാത്ത എംഎസ്‌സി ടർക്കി, എംഎസ്‌സി ഐറീന, എംഎസ്‌സി വെറോന ഉൾപ്പെടെയുള്ള ലോകത്തിലെ തന്നെ ഏറ്റവും കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്ത് എത്തിയിരുന്നു.
വന്യജീവി പ്രതിരോധം ശക്തം
വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ശക്തമായ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വന്യജീവികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന വന്യജീവി സംരക്ഷണ (കേരള ഭേദഗതി) ബിൽ 2025 നിയമസഭ പാസാക്കി. കേന്ദ്രനിയമം ഭേദഗതി ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് കേരളം. 2019 മുതൽ 2023 വരെയുള്ള കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്ത് 3,076 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഏറ്റവും കുറവ് മരണം സംഭവിച്ചിട്ടുള്ളത് കേരളത്തിലാണ്. പാമ്പുപിടിത്തത്തിന് പ്രത്യേക മാർഗരേഖയും പരിശീലനവും ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനവും കേരളമാണ്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുമായി ചേർന്ന് അന്തർ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. അടിയന്തരഘട്ടങ്ങൾ നേരിടാൻ കൂടുതൽ ദ്രുതകർമ്മസേന, സോളാർവേലി, ആനക്കിടങ്ങ്, പ്രതിരോധമതിൽ, തൂക്കുവേലി, ഇരുമ്പുവേലി എന്നിവ സംസ്ഥാന സർക്കാർ നിർമ്മിച്ചു. വന്യജീവി ആക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ 818 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വന്യജീവി പ്രതിരോധം തീർക്കുന്നതിനായി 10 മിഷനുകൾക്ക് രൂപം നൽകി. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ ചികിത്സാ സഹായമായും അനുവദിച്ചു.
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനം
ഓഗസ്റ്റിലാണ് കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന ഡിജി കേരള എന്ന ഡിജിറ്റല്‍ ശാക്തീകരണ പദ്ധതിയിലൂടെയാണ് ഈ ചരിത്ര നേട്ടം നാം സ്വന്തമാക്കിയത്. അടിസ്ഥാന കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്ക് അപ്പുറം എല്ലാവരെയും കാര്യക്ഷമമായി സ്‌മാര്‍ട്ട് ഫോണുകളും ഇന്റനെറ്റ് സേവനങ്ങളും ഉപയോഗിക്കാന്‍ പ്രാപ്‌തരാക്കാനുള്ള പരിശീലനങ്ങള്‍ നല്‍കുകയും എല്ലാവര്‍ക്കും ഡിജിറ്റല്‍ അക്‌സസ് ഉറപ്പാക്കാന്‍ വേണ്ട നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടു.
ജീവൽപ്രശ്നങ്ങൾ നേരിടാനുതകുന്ന നിയമ നിർമ്മാണം
ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ ബാധിക്കുന്ന നിരവധി ബില്ലുകളാണ് 2025ല്‍ നിയമസഭ പാസാക്കിയത്. ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാരുടെ കിടപ്പാടം സംരക്ഷിക്കാനുള്ള രാജ്യത്തെ ആദ്യ ബില്ലാണ് മന്ത്രി പി രാജീവ് അവതരിപ്പിച്ച് സഭ പാസാക്കിയ 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ. വ്യക്തികളുടെ കൈവശം നിയമപ്രകാരമുള്ള അധികഭൂമി ക്രമീകരിച്ചുനൽകുന്ന 2025ലെ കേരള സ്വകാര്യ കൈവശ അധിക ഭൂമി (ക്രമീകരണ) ബിൽ മന്ത്രി കെ രാജൻ അവതരിപ്പിച്ച് സഭ പാസാക്കി. നിയമപരമായതും തർക്കങ്ങളും വ്യവഹാരങ്ങളും ഇല്ലാത്തതുമായ അധിക ഭൂമിയാണ് ഉടമസ്ഥാവകാശം നൽകി സാക്ഷ്യപത്രം നൽകുക. സർക്കാർ ഭൂമി സംരക്ഷിച്ചാകും ക്രമീകരണം. അധിക ഭൂമിയുടെ സമീപം സർക്കാർ ഭൂമിയുണ്ടെങ്കിൽ, അതിനു കുറവുണ്ടാകാതെയാകും അധികഭൂമിക്ക് സാക്ഷ്യപത്രം. ഉടമസ്ഥാവകാശ സാക്ഷ്യപത്രം അധിക ഭൂമിയുടെ ആധികാരിക രേഖയാകും. കൈമാറ്റം ചെയ്യാനും ഇതുപയോഗിക്കാം.
ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളില്‍ രണ്ടാം സ്ഥാനം
രാജ്യത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും മികച്ച പത്ത് ഇടങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനം കിട്ടി. ആഗോള യാത്ര ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്കിങ് ഡോട്ട് കോമിന്റെ 13-ാമത് വാര്‍ഷിക യാത്ര റിവ്യൂ പുരസ്കാരത്തിലാണ് ഈ നേട്ടം. ആതിഥ്യ മര്യാദ, മികച്ച യാത്രാനുഭവം തുടങ്ങിയവ പരിഗണിച്ചായിരുന്നു ഇത്. 3600 ലക്ഷം യാത്രികരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനത്ത് നിന്നാണ് ഇക്കുറി നില മെച്ചപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും മികച്ച സഞ്ചാരയിടമെന്ന വിശ്വാസ്യത ആര്‍ജിക്കുക കൂടിയായിരുന്നു കേരളം. ഇതിന് പുറമെ മാരാരിക്കുളം, ആലപ്പുഴ, തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. ഏറ്റവും കൂടുതല്‍ സ്വാഗതാര്‍ഹമായ ഇന്ത്യന്‍ ഇടങ്ങളില്‍ മാരാരിക്കുളം രണ്ടാമതെത്തി. സംസ്ഥാനത്തിനുള്ളില്‍ മൂന്നാറും വര്‍ക്കലയും സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഇടങ്ങളിലുണ്ട്. 2024–25 സാമ്പത്തിക വര്‍ഷം കേരള വിനോദസഞ്ചാര മേഖല ഡിജിറ്റല്‍ സാന്നിധ്യത്തിലും നിര്‍ണായക നേട്ടമുണ്ടാക്കി. ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച സൈറ്റ് നമ്മുടേതാണ്. കേരള വിനോദസഞ്ചാര വകുപ്പിന്റെ പോര്‍ട്ടല്‍ മറ്റ് സംസ്ഥാനങ്ങളുടേതിനെ പിന്തള്ളി മുന്നിലെത്തി. കേന്ദ്രസര്‍ക്കാരിന്റെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ എന്ന സൈറ്റിനെയും നാം പിന്നിലാക്കി. ഇവരിപ്പോള്‍ രണ്ടാം സ്ഥാനത്താണ് ഉള്ളത്.
നടിയെ ആക്രമിച്ച കേസിലെ വിധി
എട്ടുവർഷം നീണ്ട സമാനതകളില്ലാത്ത നിയമ പോരാട്ടത്തിനൊടുവിൽ നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. 20 ലക്ഷം കഠിനതടവും അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. വിചാരണ തടവ് കാലയളവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ വച്ച് യുവനടി ആക്രമിക്കപ്പെടുന്നത്. നടിയോടുള്ള വ്യക്തി വൈരാഗ്യം മൂലം നടൻ ദിലീപ് മുഖ്യപ്രതി പൾസർ സുനിക്ക് ആക്രമണത്തിനുള്ള ക്വട്ടേഷൻ നൽകി എന്നായിരുന്നു പൊലീസ് വാദം. എന്നാൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ടു. വിധി നീതിയുക്തമല്ലെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും സംസ്ഥാനസർക്കാർ അറിയിച്ചു.
നാണക്കേടായി രാഹുൽ മാങ്കൂട്ടത്തിൽ
കേരളം ഈ വർഷം ഏറ്റവുമധികം ചർച്ച ചെയ്ത പേരുകളിലൊന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയത്തിൽ തിളങ്ങി നിന്ന രാഹുലിന് നേരെ വലിയ രീതിയിലുള്ള ലൈംഗിക പീഡനക്കേസ് ഉയർന്നുവന്നു. ഒന്നിലേറെ സ്ത്രീകളും ഒരു ട്രാൻസ് യുവതിയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി വന്നു. ആദ്യം പേരില്ലാതെ വന്ന ആരോപണങ്ങൾ പിന്നീട് രാഹുലിന്റെ മേൽവിലാസത്തിലേക്ക് എത്തി. എങ്കിലും ഏതാണ്ട് 100 ദിവസത്തോളം പരാതിയില്ലാതെ നിന്നു. പിന്നീട് യുവതി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകി. രാഹുലിന്റെ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയതിനു പിന്നാലെ കോൺഗ്രസിൽനിന്നു പുറത്താക്കി. എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വർഷം തികയുന്ന അന്നു തന്നെ പാർട്ടി പുറത്താക്കിയ ആദ്യത്തെ വ്യക്തിയായി രാഹുൽ മാങ്കൂട്ടത്തിൽ മാറി.
എൻ എം വിജയന്റെ ആത്മഹത്യ
വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവം രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കമായി. 2024 ഡിസംബർ 24 നാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുന്നത്. ചികിത്സയിലിരിക്കെ 27 നാണ് ഇരുവരും മരിച്ചത്. ഒന്നര കോടിയോളം രൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരാണ് മരണത്തിനു കാരണക്കാരെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ത്മഹത്യാ പ്രേരണ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. വയനാട് ഡിസിസി മുൻ പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. നിയമനക്കോഴയുമായി ബന്ധപ്പെട്ട് വിജയന്റെ കത്തുകളിൽ പരാമർശിച്ച സാമ്പത്തിക ഇടപാടുകളും ബാധ്യതകളും വിശദമാക്കുന്ന നൂറോളം സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ്
രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു ഇത്തവണ നേട്ടം. ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫും വിജയിച്ചു. ആറ് കോർപറേഷനുകളിൽ നാലിടത്ത് യുഡിഎഫ് വിജയം നേടി. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്കായിരുന്നു മേൽക്കൈ. കോഴിക്കോട് കോർപറേഷൻ എൽഡിഎഫ് നിലനിർത്തി. ബിജെപിക്ക് ആകെ ഒരു ജില്ലാ പഞ്ചായത്ത് വാർഡ് മാത്രമേ നേടാനായുള്ളൂ. 87 നഗരസഭകളിൽ 54ൽ യുഡിഎഫാണ് ജയിച്ചത്. എൽഡിഎഫ് 28 നഗരസഭകൾ നേടിയപ്പോൾ ബിജെപിക്ക് രണ്ട് നഗരസഭകളാണ് വിജയിക്കാനായത്. അവരുടെ കയ്യിലുണ്ടായിരുന്ന പന്തളം നഗരസഭ എൽഡിഎഫ് പിടിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 63 എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫ് 79 നേടി. പത്തിടത്ത് ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ഗ്രാമപഞ്ചായത്തുകളിൽ 509ൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് 340. എൻഡിഎ 26 ഗ്രാമപഞ്ചായത്തുകളിൽ ഭരണം നേടി. 64 ഗ്രാമപഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല. 17,337 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 8021 എണ്ണം യുഡിഎഫും 6568 വാർഡുകൾ എൽഡിഎഫും വിജയിച്ചു. എൻഡിഎ 1447, മറ്റുള്ളവർ 1299.2267 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ 1241 എണ്ണം യുഡിഎഫും 923 എണ്ണം എൽഡിഎഫും വിജയിച്ചപ്പോൾ 54 ഇടത്ത് എൻഡിഎ, 49 മറ്റുള്ളവർ എന്നിങ്ങനെയാണ് നില. 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകളിൽ 196 യുഡിഎഫും 148 എൽഡിഎഫും വിജയിച്ചു. നഗരസഭകളിലെ 3,240 വാർഡുകളിൽ 1100 എൽഡിഎഫ് വിജയിച്ചപ്പോൾ 1458 എണ്ണം യുഡിഎഫ് നേടി. 324 വാർഡുകൾ എൻഡിഎയും 323 വാർഡുകൾ മറ്റുള്ളവരും വിജയിച്ചു. ആറ് കോർപറേഷനുകളിലെ 421 വാർഡുകളിൽ 187 സീറ്റുകൾ യുഡിഎഫ് വിജയിച്ചു. 125 എണ്ണം എൽഡിഎഫ് നേടി. എൻഡിഎ 93 സീറ്റുകളിൽ വിജയിച്ചു. മറ്റുള്ളവർ 15 സീറ്റുകളിൽ വിജയം നേടി.
വി എസ് അച്യുതാനന്ദന്‍ മുന്‍ കേരള മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സ്ഥാപക നേതാവുമായ വി എസ് അച്യുതാനന്ദന്‍ തന്റെ 101-ാം വയസില്‍ പോരാട്ട ജീവിതം അവസാനിപ്പിച്ചു. സ്വാതന്ത്ര്യ‑പുന്നപ്ര വയലാര്‍ സമരസേനാനിയായിരുന്ന വിഎസ് കേരളം കണ്ട എക്കാലത്തേയും മികച്ച ജനകീയനായ നേതാവായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിലാപയാത്ര. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. കേരളത്തെ പാകപ്പെടുത്തുന്നതില്‍ സ്വന്തം ജീവിതം കൊടുത്ത നായകരിലെ അവസാനത്തെ കണ്ണിയെ ആണ് വിഎസിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. എട്ട് പതിറ്റാണ്ടോളം കേരളത്തിന്റെ പൊതുജീവിതത്തിലെ അസാമാന്യ സാന്നിധ്യമായിരുന്നു അദ്ദേഹം.
പി ജയചന്ദ്രന്‍ മലയാളികളുടെ ഇതിഹാസ ഭാവഗായകന്‍ പി ജയചന്ദ്രന്‍ വിടവാങ്ങിയ വര്‍ഷമാണ് കടന്ന് പോകുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍, 16,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ച ജയചന്ദ്രന്റെ പാട്ടുകള്‍ ജെന്‍ സി തലമുറകളെ പോലും പ്രചോദിപ്പിക്കുന്നതായിരുന്നു എന്ന് ഇന്‍സ്റ്റഗ്രാം റീല്‍സിലെ പാട്ടുകളില്‍ നിന്ന് വ്യക്തമാകും.
ശ്രീനിവാസന്‍ നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ തന്റേതായ കൈയൊപ്പ് പതിപ്പിച്ച മലയാളത്തിന്റെ ശ്രീനിവാസന്‍ വിടപറഞ്ഞതും ഈ വര്‍ഷമായിരുന്നു. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന കരിയറില്‍, 225-ലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം സാമൂഹിക ആക്ഷേപഹാസ്യത്തിലൂന്നിയ തിരക്കഥകള്‍ കൊണ്ടും മലയാള സിനിമയെ സമ്പന്നമാക്കി.
എം കെ സാനു പ്രമുഖ മലയാള നിരൂപകനും ജീവചരിത്രകാരനും വാഗ്മിയും ആയിരുന്ന സാനു മാഷ് 97 വയസില്‍ വിട പറഞ്ഞതും ഈ വര്‍ഷമായിരുന്നു. വീഴ്ചയെത്തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിന്റെ ബൗദ്ധിക, പൊതുജീവിതത്തിലെ ആദരണീയനായ വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.