18 January 2026, Sunday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഡയാലിസിസ് ചികിത്സയിൽ മാതൃകയായി കേരളം; പ്രതിമാസം നടക്കുന്നത് 64,000ത്തിലധികം ഡയാലിസിസുകൾ

Janayugom Webdesk
തിരുവനന്തപുരം
January 6, 2026 10:27 pm

സംസ്ഥാനത്ത് വൃക്കരോഗികളുടെ ചികിത്സാ ആവശ്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിപുലീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ രോഗികൾക്ക് ആശ്വാസമായി എല്ലാ തലത്തിലുമുള്ള ആശുപത്രികളിൽ ഈ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. 

മെഡിക്കൽ കോളജുകൾക്ക് പുറമേ സംസ്ഥാനത്തെ 112 സർക്കാർ ആശുപത്രികളിൽ നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആകെ 1,287 ഡയാലിസിസ് മെഷീനുകളാണ് വിവിധ സർക്കാർ ആശുപത്രികളിലായി സജ്ജീകരിച്ചിട്ടുള്ളത്. ഇതുവഴി പ്രതിമാസം 64,000 ൽ അധികം ഡയാലിസിസ് ചികിത്സകൾ ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു.
സ്വകാര്യ മേഖലയിൽ ഡയാലിസിസ് ചികിത്സയുടെ ഓരോ സെഷനും 1,500 മുതൽ 2,000 രൂപ വരെയാണ് ഈടാക്കുന്നത്. ഒരാഴ്ചയിൽ മൂന്ന് പ്രാവശ്യം ചെയ്യുമ്പോൾ 4500 രൂപയും ഒരു മാസത്തേക്ക് 18,000 രൂപയുമാകും. എന്നാൽ സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് ചികിത്സ പൂർണമായും സൗജന്യമായോ മിതമായ നിരക്കിലോ ആണ് ലഭ്യമാക്കുന്നത്. 

സംസ്ഥാനത്തെ ആശുപത്രികളിൽ ഡയാലിസിസ് ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി സേവനങ്ങൾ ‘ആർദ്രം’ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപ്പിലാക്കുന്നത്. താലൂക്ക് ആശുപത്രി തലത്തിൽ നിന്ന് മുകളിലോട്ടുള്ള ആശുപത്രികളിലാണ് പ്രധാനമായും ഇത്തരം സേവനങ്ങൾ ഒരുക്കുന്നത്. ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം, ശുചിത്വം, ജല‑വൈദ്യുതി ലഭ്യത എന്നിവ ആർദ്രം പദ്ധതിയുടെ ഭാഗമായി കർശനമായി ഉറപ്പാക്കുന്നുണ്ട്. 

ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര, ദുർഘട പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വാഹനങ്ങളിൽ സജ്ജീകരിക്കുന്ന ഡയാലിസിസ് മെഷീനുകൾ വഴി രോഗികൾക്ക് സമീപ കേന്ദ്രങ്ങളിലെത്തി ചികിത്സ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഹീമോഡയാലിസിസിന് പകരമായി ചെലവ് കുറഞ്ഞതും വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നതുമായ പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതിയും സംസ്ഥാനത്ത് ശക്തിപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതും, ഇതിന് ആവശ്യമായ മുഴുവൻ ചെലവും സർക്കാർ വഹിക്കുന്നതുമാണ്. 

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ് ലഭ്യമാകുന്നുണ്ട്. കാസ്പ് അംഗത്വമില്ലാത്തവർക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും ഈ സേവനം നൽകുന്നു. കൂടാതെ, ആരോഗ്യ കേരളത്തിന്റെ പാലിയേറ്റീവ് കെയർ പദ്ധതിയിലൂടെ വൃക്കരോഗികൾക്ക് ആവശ്യമായ എറിത്രോപോയിറ്റിൻ കുത്തിവയ്പ്പ് സൗജന്യമായി നൽകുന്നുണ്ട്. നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കാത്ത താലൂക്ക്, ജില്ലാ തല ആശുപത്രികളിൽ 13 കേന്ദ്രങ്ങളിൽ കൂടി ഈ സാമ്പത്തിക വർഷം തന്നെ പുതിയ യൂണിറ്റുകൾ ആരംഭിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.