22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 26, 2023
August 2, 2023
March 21, 2023
March 20, 2023
February 8, 2023
January 23, 2023
January 8, 2023
December 5, 2022
December 1, 2022
July 7, 2022

സഭയിലെ താരങ്ങള്‍ കുട്ടി സാമാജികര്‍

ശ്യാമ രാജീവ്
തിരുവനന്തപുരം
October 26, 2023 10:06 pm

നിയമസഭാ സമ്മേളന കാലമല്ലെങ്കിലും തലസ്ഥാനത്ത് ഇന്നലെ സഭാതലം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയായി. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാഹാളിൽ നടന്ന നിയമനിര്‍മ്മാണ സഭാ നടപടികളില്‍ ജനപ്രതിനിധികളായത് വിദ്യാര്‍ത്ഥികള്‍. സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സഭാം​ഗങ്ങൾ, വാച്ച് ആന്റ് വാർഡ് തുടങ്ങി നിയമസഭയിലെ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചത് തലസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാ​ഗമായാണ് കുട്ടികൾ നയിക്കുന്ന മാതൃകാ നിയമസഭ സംഘടിപ്പിച്ചത്.

ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍, ചട്ടം 130 അനുസരിച്ചുള്ള ചര്‍ച്ച തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം മാതൃകാ നിയമസഭയില്‍ ഉൾക്കൊണ്ടു. നിയമസഭയുടെ തനതു മാതൃകയിൽ കുട്ടികൾ ഭരണപക്ഷവും പ്രതിപക്ഷവുമായി തിരിഞ്ഞായിരുന്നു നടപടിക്രമങ്ങള്‍. 11.40 ഓടെ സ്പീക്കര്‍ ചെയറിലേക്ക് എത്തി ചോദ്യോത്തരവേള ആരംഭിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, സ്കൂൾ വിദ്യാർത്ഥികളിലെ മൊബൈൽ ഫോൺ ഉപയോ​ഗം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ, തനത് കലാരൂപങ്ങൾ പരിപോഷിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങിയ വിഷയങ്ങളാണ് ചോദ്യോത്തര വേളയിൽ വിവിധ അം​ഗങ്ങൾ ഉന്നയിച്ചത്.

എക്സൈസ് മന്ത്രി പൊതുവിദ്യാഭ്യാസ മന്ത്രി, പരിസ്ഥിതി, സാംസ്കാരിക വകുപ്പ് മന്ത്രിമാർ എന്നിവരുടെ റോളിലെത്തിയ വിദ്യാർത്ഥികൾ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നൽകി. വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷ അംഗം അമാമി മുഹമ്മദ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. സഭ നിര്‍ത്തിവച്ച് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. സഭാനടപടികൾ ആരംഭിക്കുന്നതിന് മുൻപുതന്നെ അടിയന്തരപ്രമേയത്തെപ്പറ്റിയുള്ള നോട്ടീസ് രേഖാമൂലം നൽകാത്തതിനാൽ സ്പീക്കര്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. തുടര്‍ന്ന് ലൈബ്രറികൾ ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെ സഭയിൽ പ്രത്യേക പ്രമേയം അവതരിപ്പിച്ചു.

തുടർന്ന് ഉപക്ഷേപം ഉന്നയിച്ച് ചർച്ചക്ക് വേദിയൊരുങ്ങി. സഭ പ്രത്യേക പ്രമേയം ഐക്യകണ്ഠേന പാസാക്കി. പിന്നീട് സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ 12.52ന് ദേശീയഗാനം ആലപിച്ച് സഭ പിരിഞ്ഞു. നാലാഞ്ചിറ സെന്റ് ജോൺസ് എച്ച്എസ്എസിലെ സനൂജ് ജി എസ് ആണ് സ്പീക്കറായി എത്തിയത്. തൊളിക്കോട് ജിഎച്ച്എസ്എസിലെ ഫാത്തിമ എസ് ഡെപ്യൂട്ടി സ്പീക്കറായും വെഞ്ഞാറമൂട് ജിഎച്ച്എസ്എസിലെ ഗൗരിപ്രിയ എസ് മുഖ്യമന്ത്രിയായും പട്ടം സെന്റ് മേരീസ് എച്ച്എസ്എസിലെ ശിൽപ ടി എസ് പ്രതിപക്ഷ നേതാവായും സഭയിലെത്തി.

തിരുവനന്തപുരം ജില്ലയിലെ 57 സ്കൂളുകളില്‍ നിന്നായി 98 വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ മാതൃകാ സഭയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇവരില്‍ നിന്ന് 47 പേരെ സംവാദങ്ങളിലൂടെ നിശ്ചിത കഥാപാത്രങ്ങളായി തിരഞ്ഞെടുത്തു. മാതൃകാ നിയമസഭയ്ക്ക് മുന്നോടിയായി രണ്ട് ദിവസത്തെ പരിശീലനം കുട്ടികൾക്ക് നൽകിയിരുന്നു. കഴിഞ്ഞ ദിവസം റിഹേഴ്സലും നടത്തിയിരുന്നു. സ്ഥിരം നിയമസഭ നടപടിക്രമങ്ങളില്‍ അതതു മന്ത്രിമാര്‍ സഭയില്‍ അവതരിപ്പിച്ച യഥാര്‍ത്ഥ വിവരങ്ങളാണ് കുട്ടികള്‍ ചോദ്യവും മറുപടിയുമായി ഇന്നലെ അവതരിപ്പിച്ചത്.

Eng­lish Sum­ma­ry: Ker­ala Assem­bly session
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.