3 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 2, 2025
January 2, 2025
January 2, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
December 31, 2024
December 31, 2024

കേരളം @ 2024

Janayugom Webdesk
December 31, 2024 4:56 pm

നേട്ടങ്ങളുടെ വര്‍ഷം നഷ്ടങ്ങളുടെയും

വികസനത്തിലും വിദ്യാഭ്യാസ രംഗങ്ങളിലുമുള്‍പ്പെടെ ദേശീയ — ആഗോള നേട്ടം, കൂറ്റൻ കപ്പലുകളുമായി വിഴിഞ്ഞം തുറമുഖം, മൂന്നാറിൽ ഇറങ്ങിയ സീപ്ലെയിൻ… നേട്ടങ്ങളുടെ പരമ്പരതന്നെയായിരുന്നു കൊച്ചു കേരളത്തിന് 2024 സമ്മാനിച്ചത്. ഒപ്പം വലിയ നഷ്ടങ്ങളുമുണ്ടായി. അതിലേറ്റവും നടുക്കുന്നത് വയനാട്ടില്‍ പ്രകൃതി നടത്തിയ താണ്ഡവമാണ്. മുണ്ടക്കെെ — ചൂരല്‍മല പൊട്ടിയൊലിച്ച് കവര്‍ന്നത് 400 ഓളം മനുഷ്യ ജീവനുകള്‍. മംഗളൂരു – ഗോവ റൂട്ടിലെ
ഗംഗാവലിപ്പുഴയിൽ മുങ്ങിപ്പോയ അർജുനും തീരാ നോവായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ അപ്രതീക്ഷിത വിജയമുള്‍പ്പെടെ സംഭവബഹുലമായിരുന്നു 2024ലെ രാഷ്ട്രീയ കേരളം. ആ കാഴ്ചകളിലേക്ക്…

ദുരന്തം വിതച്ച ഉരുള്‍പൊട്ടല്‍

വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടൽ 2024ൽ കേരളത്തെ നടുക്കിയ വന്‍ ദുരന്തമായിരുന്നു. കനത്ത മഴയെ തുടർന്ന് മലയിടുക്കുകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേർ മരിക്കുകയും വീടുകളും കെട്ടിടങ്ങളും നശിക്കുകയും ചെയ്തു. സര്‍ക്കാര്‍ കണക്കുകൾ അനുസരിച്ച് മരിച്ചവരുടെ എണ്ണം 298 ആണ്. 44 പേരെ കാണാതായി. മരിച്ച 254 പേരെ തിരിച്ചറിഞ്ഞു. ദുരന്തബാധിത കുടുംബങ്ങളുടെ എണ്ണം 1084 ആണ്. കുടുംബാംഗങ്ങള്‍ 4,636.
മുണ്ടക്കൈ- ചൂരല്‍മല ഭാഗങ്ങളില്‍നിന്ന് 151 മൃതദേഹങ്ങളും 45 ശരീരഭാഗങ്ങളും നിലമ്പൂര്‍ ഭാഗത്തുനിന്ന് 80 മൃതദേഹങ്ങളും 178 ശരീരഭാഗങ്ങളുമാണ് കിട്ടിയത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷം രൂപ ധനസഹായം സംസ്ഥാനം പ്രഖ്യാപിച്ചു. ‌അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കി. ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കി. റവന്യു വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് നിയമനം.

കെ സ്മാര്‍ട്ട്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈൻ വഴി ചെയ്യാന്‍ സര്‍ക്കാരിന്റെ പദ്ധതിയാണ് ‍കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആന്റ് ട്രാൻസ്‌ഫർമേഷൻ). സേവനം ജനുവരി ഒന്നിനാണ് നിലവിൽ വന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്.

എല്‍ഡിഎഫ് തുടര്‍ സര്‍ക്കാര്‍ നാലാം വർഷത്തിലേക്ക്

സമാനതകളില്ലാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കി എല്‍ഡിഎഫ് തുടര്‍ സര്‍ക്കാര്‍ നാലാം വർഷത്തിലേക്ക് എത്തിയ വര്‍ഷമാണ് 2024. 2016 മുതൽ തുടക്കമിട്ട വികസന പദ്ധതികളും പ്രഖ്യാപനങ്ങളും ലക്ഷ്യം കാണുന്ന വർഷമായി നാലാം വർഷം മാറി. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയും പതിറ്റാണ്ടുകളുടെ സ്വപ്‌നമായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവുകയും ചെയ്തു. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർത്ഥ്യമായതും ഈ വർഷമാണ്‌.

ഒന്നാം എല്‍ഡിഎഫ് സർക്കാർ പൊതു വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയപ്പോൾ തുടര്‍ സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്താണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി യാഥാര്‍ത്ഥ്യമായി. ഐടി മേഖലയിൽ നൂറിലധികം കമ്പനികളെ പുതുതായി എത്തിക്കാനും പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 28ൽ നിന്ന്‌ 15 ലേക്കാണ്‌ കേരളം കുതിച്ചത്‌.

ദാരിദ്ര്യമില്ലെന്ന് നിതി ആയോഗ്

കേരളത്തില്‍ ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നവരില്ലെന്ന് നിതി ആയോഗിന്റെ പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടന്നവരുടെ കണക്ക് സംബന്ധിച്ച പട്ടികയിലാണ് കേരളത്തിന്റെ സുപ്രധാന നേട്ടം ഉള്‍പ്പെടുന്നത്. 2005-06 വര്‍ഷത്തില്‍ കേരളത്തില്‍ ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ 12.31 ശതമാനമായിരുന്നു. 2022–23ല്‍ ഇത് 0.48 ശതമാനമാകുമെന്നാണ് കണക്കാക്കുന്നതെന്നും നിതി ആയോഗ് വ്യക്തമാക്കുന്നു.

ആയിരം കെ സ്റ്റോറുകള്‍

1000 കെ സ്റ്റോറുകളെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ, കൂടുതൽ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കി ജനോപകാരപ്രദമാക്കി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് കെ സ്റ്റോറുകളെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിമാര്‍

കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിയും, ജോര്‍ജ് കുര്യനും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ സഹമന്ത്രിമാരായി അധികാരമേറ്റു. പെട്രോളിയം, ടൂറിസം വകുപ്പുകളുടെ ചുമതലയാണ് സുരേഷ് ഗോപിക്ക്. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പുകളുടെ ചുമതലയാണ് ജോര്‍ജ്ജ് കുര്യന്.

ലോക്‌സഭാ തെര‍ഞ്ഞെടുപ്പ്

പതിനെട്ടാം ലോക്‌സഭയിലെ 20 അംഗങ്ങളെ തെരഞ്ഞെടുപ്പ് 2024 ഏപ്രില്‍ 26ന് കേരളത്തില്‍ നടന്നു. യുഡിഎഫ് 18, എല്‍ഡിഎഫ് ഒന്ന്, ബിജെപി ഒന്ന് എന്ന നിലയിലാണ് വിജയം.

ശബരി കെ-റെെസ്

പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതിയാണ് ശബരി കെ-റൈസ്. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാണ് അരി വിതരണം ചെയ്തത്. 40 രൂപയ്ക്ക്‌ വാങ്ങുന്ന അരി 11 രൂപവരെ സബ്‌സിഡിയോടെ 29, 30 രൂപയ്ക്കാണ്‌ കെ റൈസ്‌ എന്ന പേരിൽ വിതരണം ചെയ്യുന്നത്‌.

പൗരത്വ ഭേദഗതി നടപ്പാക്കില്ല

കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന ഉറച്ച നിലപാടാണ് സര്‍ക്കാരിന്റേത്. ഇന്ത്യയില്‍ ആദ്യമായി ഈ വിഷയത്തില്‍ പ്രമേയം പാസാക്കിയത് സംസ്ഥാന നിയമസഭയാണ്. ഭരണഘടനാവിരുദ്ധമായ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ചട്ടങ്ങള്‍ സ്വാഭാവികമായും ഭരണഘടനാ വിരുദ്ധമാണ്. ഇത് നടപ്പിലാക്കാനുള്ള ബാധ്യത സംസ്ഥാനത്തിനില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്.

ജസ്റ്റിസ് നിതിൻ ജാംദാർ ചീഫ് ജസ്റ്റിസ്

ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ മധുകർ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.

സമസ്ത — ലീഗ് തര്‍ക്കം

സിഐസി (കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ്) സംവിധാനത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സമസ്തയില്‍ ഭിന്നതയുണ്ടായി. സിഐസിയുടെ പ്രവർത്തനം സമസ്തയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാകണമെന്ന് സംഘടന നിലപാടെടുത്തപ്പോൾ സിഐസി ഇത് ഉൾക്കൊണ്ടില്ല. അതോടെ, സിഐസി ചെയർമാൻകൂടിയായ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഒരു വിഭാ​ഗം തിരിഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് വരികയായിരുന്നു.

അര്‍ജുൻ

കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ മരിച്ചത്. ജൂലൈ 16 നാണ് മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവറായ അര്‍ജുനെ കാണാതായത്. 72 ദിവസം നീണ്ടുനിനിന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. അര്‍ജുന്റെ ഭാര്യക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ സര്‍ക്കാര്‍ ജോലി നല്‍കി.

മെക് സെവൻ

ആരോഗ്യ സംരക്ഷണത്തിന് 21 മിനിറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവൻ. മലബാറിൽ ഏറെ ശ്രദ്ധ നേടിയ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങളും വിവാദങ്ങളും ഉടലെടുത്തതും ഈ വർഷമാണ്. മലപ്പുറം തുറക്കലിലെ മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ സലാഹുദ്ദീനാണ് മെക് സെവൻ സ്ഥാപകൻ.

ജപ്തികളില്‍ ഇടപെടാൻ സർക്കാരിന് അധികാരം

എല്ലാത്തരം ജപ്തികളിലും ഇടപെടാൻ സർക്കാരിന് അധികാരം നൽകുന്ന സുപ്രധാന നിയമഭേദഗതി ബിൽ റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ അവതരിപ്പിച്ചു. 1968ലെ കേരള നികുതി വസൂലാക്കൽ ആക്ട് ഭേദഗതി ചെയ്യുന്നതാണ് നിർദിഷ്ട ബിൽ. റവന്യു റിക്കവറിയിൽ സർക്കാരിന് മോറട്ടോറിയം പ്രഖ്യാപിക്കാം, തഹസിൽദാർ, കളക്ടർ, റവന്യുമന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവർക്ക് ഇളവ് അനുവദിക്കാം. ബാങ്ക് ജപ്തിയിൽ ഉൾപ്പെടെ സർക്കാരിന് ഇടപെടാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇത് മറികടക്കാനും സാധാരണജനങ്ങൾക്ക് ആശ്വാസം പകരാനുമുള്ള എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷ ബില്ലായാണ് ഇതിനെ വിലയിരുത്തുന്നത്.

ഭൂമി തരംമാറ്റല്‍ അതിവേഗം

ഭൂമി തരംമാറ്റൽ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ ഡെപ്യൂട്ടി കളക്ടർമാരെ കൂടി ഉൾപ്പെടുത്തി നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന് തുടക്കമായതും ഈ വര്‍ഷം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ റവന്യു മന്ത്രി കെ രാജനാണ് നിർവഹിച്ചത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഭൂമി തരംമാറ്റൽ നടപടികളിൽ ആറ് മാസത്തിനുള്ളിൽ കൃത്യമായ തീരുമാനമാകും.

ഒ ആർ കേളു മന്ത്രിസഭയിലേക്ക്

കെ രാധാകൃഷ്ണൻ ലോക്‌സഭയിലെത്തിയതോടെ ഒഴിവുവന്ന മന്ത്രിസ്ഥാനം തേടിയെത്തിയത് മാനന്തവാടി എംഎൽഎ ഒ ആർ കേളുവിനെയായിരുന്നു. വയനാട് ജില്ലയിൽ നിന്നുള്ള സിപിഐഎമ്മിന്റെ ആദ്യ മന്ത്രിയാണ്. വയനാട് ജില്ലയിൽനിന്ന് സിപിഐ(എം) സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവർഗ നേതാവ് കൂടിയാണ് ഒ ആർ കേളു.

അബ്ദുള്‍ റഹീമിന്റെ മോചനം

വ്യാജം പ്രചരിപ്പിച്ചും ഇല്ലാക്കഥകള്‍ മെനഞ്ഞും കേരളത്തെയും മലയാളികളെയും അവഹേളിക്കുന്നവര്‍ക്ക് മറുപടിയായി പുതിയൊരു ‘കേരള സ്റ്റോറിയായിരുന്നു അബ്ദുള്‍ റഹീമിന്റേത്.
സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണമാണ് ലോകത്തെ ഞെട്ടിച്ചത്. ജാതി-മത‑രാഷ്ട്രീയ ഭേദമില്ലാതെ ചുരുങ്ങിയ ദിവസം കൊണ്ട് 34 കോടിയാണ് ജനങ്ങള്‍ നല്‍കിയത്.

ആയിരം കെ സ്റ്റോറുകള്‍

1000 കെ സ്റ്റോറുകളെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ, കൂടുതൽ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കി ജനോപകാരപ്രദമാക്കി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് കെ സ്റ്റോറുകളെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

വിശ്വസ്തതയോടെ സപ്ലൈകോ @50

സംസ്ഥാനത്തിന്റെ സാമൂഹ്യജീവിതത്തിൽ നിറസാന്നിധ്യമായ സപ്ലൈകോ അതിന്റെ രൂപീകരണത്തിന്റെ 50 വർഷങ്ങൾ പൂർത്തീകരിക്കുകയാണ്. 1974 മുതൽ,​ അഞ്ചു പതിറ്റാണ്ടുകളായി രാജ്യത്തിനു തന്നെ മാതൃകയായ വിപണി ഇടപെടൽ സംവിധാനമാണ് സപ്ലൈകോ. വിലക്കയറ്റമുൾപ്പെടെയുള്ള വിപണി ചൂഷണങ്ങളിൽ നിന്നും പൊതുജനത്തെ സംരക്ഷിക്കുന്നതിനായുള്ള ബദൽ സംവിധാനമായി ആരംഭിച്ച മാവേലി സ്റ്റോറുകളാണ് സപ്ലൈകോയുടെ ശാക്തീകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തിയത്.

ആമയിഴഞ്ചാന്‍ തോട് അപകടം

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കരാർ ജീവനക്കാരനായിരുന്ന ജോയി മരിച്ചു. ജൂലൈ 15നാണ് മൃതദേഹം കണ്ടെത്തുന്നത്.

ശബരിമല വിമാനത്താവളം

നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പിനായുള്ള പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമം 4(1) പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനവും പുറത്തിറക്കി.

ഗവര്‍ണറുടെ മാറ്റം

സംഭവബഹുലമായ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങി. കേരളം ഇതുവരെ കാണാത്ത പോരിനൊടുവിലാണ് ഗവർണറുടെ മടക്കം. ബിഹാറിലേക്കാണ് മാറ്റം. പുതിയ ഗവർണറായി രാജേന്ദ്ര അർലേക്കര്‍ സ്ഥാനമേല്‍ക്കും.

അപകട മരണങ്ങള്‍

ആലപ്പുഴ കളർകോട് ഡിസംബര്‍ മൂന്നിന് നടന്ന അപകടത്തിൽപ്പെട്ട് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളാണ് മരിച്ചത്. പാലക്കാട് ജില്ലയില്‍ പനയമ്പാടത്ത് ലോറി പാഞ്ഞുകയറി ഡിസംബര്‍ 12ന് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പത്തനംതിട്ട കൂടൽമുറിഞ്ഞ കല്ലിൽ ഡിസംബര്‍ 15ന് നടന്ന വാഹനാപകടത്തില്‍ നവദമ്പതികളടക്കം നാലുപേര്‍ മരിച്ചതും ഈ വര്‍ഷത്തെ ദുഃഖത്തിലാഴ്ത്തി.

ഹേമ കമ്മിറ്റി റിപ്പോർട്ട്

ഓ​ഗസ്റ്റ് 19 നാണ് 235 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. പ്രമുഖരായ നടന്മാർക്കും സംവിധായകർക്കും അണിയറപ്രവർത്തകർക്കുമെതിരെ സ്ത്രീകൾ രം​ഗത്തെത്തി. നടൻമാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ബാബുരാജ്, ഇടവേള ബാബു, മണിയൻപിള്ള രാജു, സംവിധായകൻ രഞ്ജിത് എന്നിവർക്കെതിരായ ലൈം​ഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഉള്‍പ്പെടെ നടന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത് രാജിവച്ചു. താരസംഘടനയായ എഎംഎംഎയില്‍ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ 17 എക്‌സിക്യൂട്ടീവ് അംഗങ്ങൾ രാജിവച്ചു.

കരുതലും, കൈത്താങ്ങും അദാലത്ത്

പരാതിപരിഹാരവും പൊതുജനക്ഷേമവും ഉറപ്പാക്കുന്നതിനായുള്ള ബൃഹദ് കർമപരിപാടിയായ താലൂക്ക് തല പരാതിപരിഹാര അദാലത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു.
താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തുകൾ ഡിസംബർ ഒമ്പതിനാണ് ആരംഭിച്ചത്. അദാലത്തുകൾ 2025 ജനുവരി 13 വരെ നീണ്ടുനിൽക്കും. 21 വിഷയങ്ങളിൽ അദാലത്തിൽ അപേക്ഷ നൽകാവുന്നതാണ്.

സാന്‍ ഫെര്‍ണാണ്ടോ: വിഴിഞ്ഞത്തെ ആദ്യ മദര്‍ഷിപ്പ്

ഇന്ത്യയുടെ സമുദ്രവ്യാപാരരംഗത്തെ നാഴികക്കല്ലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് തീരമണഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായ ട്രയൽ റണ്ണിന്റെ ഭാഗമായി ആയിരത്തിലധികം കണ്ടെയ്നറുകൾ ഉള്ള മദർഷിപ്പാണ് ആദ്യം നങ്കൂരമിട്ടത്. സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സുപ്രധാന സ്ഥാനം ലഭ്യമാക്കുന്ന വിഴിഞ്ഞം തുറമുഖം അത്യാധുനിക ഓട്ടോമേറ്റഡ് ക്രെയിനുകളും നൂതന ഓട്ടോമേഷൻ സംവിധാനങ്ങളോടും കൂടി ഷിപ്പിംഗ് കാര്യക്ഷമതയിൽ മുൻപന്തിയിലുള്ള എല്ലാ തുറമുഖങ്ങളോടും കിടപിടിക്കുന്ന തരത്തിൽ നൂതന സജ്ജീകരണങ്ങളോടെയാണ് യാഥാർത്ഥ്യമാകുന്നത്.

ഗഗന്‍യാന്‍ നയിക്കാന്‍ മലയാളി

ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള സംഘത്തെ നയിക്കുന്നത് മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. പാലക്കാട് നെന്മാറ സ്വദേശിയാണ് വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. ഗ്രൂപ്പ് ക്യാപ്റ്റന്മാരായ അജിത് കൃഷ്ണന്‍, അംഗദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.

വേര്‍പാടുകള്‍

എം ടി

മലയാളത്തിന്റെ അതുല്യപ്രതിഭ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഡിസംബര്‍ 26നായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിട പറഞ്ഞത്. കൈവച്ച മേഖലകളിൽ എല്ലാം ‘ഉയരങ്ങളിൽ’ എത്തിയ പ്രതിഭാശാലിയായിരുന്നു എം ടി. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നൽകിയ എഴുത്തിന്റെ ‘ഓളവും തീരവും’ ഇനി എന്നേക്കും അക്ഷരലോകത്ത് ഓർമയായി നിലകൊള്ളും.

കവിയൂര്‍ പൊന്നമ്മ

നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.

എം എം ലോറൻസ്‌

മുതിർന്ന സിപിഐ (എം) നേതാവും തൊഴിലാളി യൂണിയൻ സംഘാടകനും മുൻ ലോക്‌സഭാംഗവുമായ എം എം ലോറൻസ് സെപ്റ്റംബര്‍ 21ന് അന്തരിച്ചു.

അരോമ മണി

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയില്‍ അന്തരിച്ചു. 65 വയസായിരുന്നു.

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍

കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ സമരനായകൻ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ. സെപ്റ്റംബര്‍ 28ന് അന്ത്യം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ടി പി മാധവന്‍

നടന്‍ ടി പി മാധവന്‍ ഒക്ടോബര്‍ ഒമ്പതിന് അന്തരിച്ചു.
88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1975‑ൽ രാഗം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.

ഗായിക മച്ചാട്ട് വാസന്തി

പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി ഒക്ടോബര്‍ 13ന് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടക, സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന ഗായികയാണ് മച്ചാട്ട് വാസന്തി.
നടൻ മോഹൻ രാജ്

പ്രശസ്ത നടൻ മോഹൻ രാജ്(70). ഒക്ടോബര്‍ മൂന്നിന് അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽവച്ചായിരുന്നു അന്ത്യം.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഏറെക്കാലമായി ചികിത്സയിലായിരുന്നു.
കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ രാജിനെ പ്രശസ്തനാക്കിയത്.

നടി നെയ്യാറ്റിൻകര കോമളം

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം ഒക്ടോബര്‍ 17ന് അന്തരിച്ചു.

ബി ആർ‌പി ഭാസ്കർ

പ്രമുഖ മാധ്യമപ്രവർത്തകൻ ബി ആർ‌പി ഭാസ്കർ (92)ജൂണ്‍ നാലിന് അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.
എഴു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ ദ് ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ്, യുഎൻഐ, ഡെക്കാൺ ഹെറാൾഡ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.