15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

67ന്റെ നിറവിൽ കേരളം; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 1, 2023 8:42 am

കേരളം ഇന്ന് 67-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്റെ അറുപത്തിയേഴാം വാര്‍ഷികമാണിന്ന്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. അവയില്‍ പലതും യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയത്. എന്നാല്‍ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം.

ആ ശ്രമങ്ങൾക്ക് ഊർജ്ജം പകരും വിധം നമ്മുടെ നാടിനെ അതിന്റെ സമസ്ത നേട്ടങ്ങളോടും കൂടി ലോകത്തിന്റെയാകെ മുന്നിൽ അവതരിപ്പിക്കാനുള്ള വലിയ ഒരു ശ്രമം കേരളപ്പിറവി ദിനം മുതല്‍ ഏഴ് ദിവസങ്ങളിലായി കേരളീയം എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കേരളീയതയുടെ ആഘോഷമാണിത്. സ്വന്തം ഭാഷയിലും സംസ്കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സർഗാത്മകതയുടെ ആവിഷ്കാരം കൂടിയാണ് കേരളീയം. ജനമനസ്സുകളുടെ ഒരുമ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താം. എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ആശംസകള്‍.

Eng­lish Sum­ma­ry: Ker­ala at 67; Chief Min­is­ter wished Keralapiravi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.