17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 5, 2025
February 27, 2025
January 15, 2025
January 7, 2025
November 30, 2024
August 12, 2024
June 26, 2024
June 25, 2024
June 21, 2024
February 6, 2024

കേരള ബാങ്ക് ബി ഗ്രേഡിലേക്ക് ഉയർന്നു

Janayugom Webdesk
തിരുവനന്തപുരം
February 27, 2025 11:06 pm

നബാർഡിന്റെ 2023–24 വർഷത്തെ ഗ്രേഡിങ്ങിൽ കേരള ബാങ്ക് സി ഗ്രേഡിൽ നിന്നും ബി ഗ്രേഡിലേക്ക് ഉയർന്നു. 2024–25 സാമ്പത്തിക വർഷം 18,000 കോടി രൂപയിലധികം വായ്പകളായി നല്‍കി. മുൻ വർഷത്തെക്കാൾ 2,000 കോടി രൂപ അധികമാണിത്. ബാങ്കിന്റെ ചരിത്രത്തിലാദ്യമായി ഇക്കഴിഞ്ഞ ജനുവരിയിൽ വായ്പാ ബാക്കിനിൽപ്പിൽ ബാങ്ക് 50,000 കോടി രൂപ പിന്നിട്ടു. മാർച്ച് അവസാനിക്കുമ്പോഴേക്കും ഇത് 52,000 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിന്റെ സാമ്പത്തികനില ഭദ്രമായിട്ടുണ്ടെന്നും ന്യൂനതകൾ പരിഹരിച്ച് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും സഹകരണ മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

കേരള ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 100 കർഷക ഉല്പാദക സംഘങ്ങൾ രൂപീകരിക്കുന്നതിനായി 10 കോടി രൂപ സർക്കാർ അനുവദിച്ചതിൽ ഇതുവരെ 36 സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. 2025–26 സാമ്പത്തിക വർഷം ഇത് 200 കർഷക ഉല്പാദക സംഘങ്ങളായി ഉയർത്തും. മൊത്തം വായ്പയിൽ 25 ശതമാനവും കാർഷിക മേഖലയിലാണ് നൽകുന്നത്. അടുത്ത വർഷം ഇത് 33 ശതമാനമായി ഉയർത്തും. നെൽ കർഷകർക്ക് നെല്ലളന്ന ദിവസം തന്നെ പണം നൽകുന്ന രീതിയിൽ പിആർഎസ് വായ്പ സമ്പൂർണമായും കേരള ബാങ്കിലൂടെ നൽകുന്നതിനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എംഎസ്എംഇ മേഖലയിൽ 2024–25 സാമ്പത്തിക വർഷം നാളിതുവരെ 25,579 വായ്പകളിലായി 1556 കോടി ബാങ്ക് നൽകിയിട്ടുണ്ട്. 2025–26 സാമ്പത്തിക വർഷം 50,000 വായ്പകൾ ഈയിനത്തിൽ നൽകി ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. 2024–25 സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും സഞ്ചിത നഷ്ടം പൂർണമായും നികത്തി ബാങ്ക് അറ്റലാഭത്തിലും നിഷ്‌ക്രിയ ആസ്തി റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം ഏഴ് ശതമാനത്തിന് താഴെയും എത്തിക്കും. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതോടെ റിസർവ് ബാങ്കിൽ നിന്ന് എൻആർഐ ബാങ്കിങ് ലൈസൻസ്, ഇന്റർനെറ്റ്/തേർഡ് പാർട്ടി ബിസിനസ് ലൈസൻസുകൾ ലഭിക്കുന്നതിനും എല്ലാവിധ ബാങ്കിങ് സേവനങ്ങളും നൽകാനും കേരളാ ബാങ്കിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം കെ കണ്ണൻ, ചെയർമാൻ വി രവീന്ദ്രൻ, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ജോർട്ടി എം ചാക്കോ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.