25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

വി മുരളീധരനെ ഒറ്റപ്പെടുത്താന്‍ പടയൊരുക്കം ; സുരേന്ദ്രന്‍ വിരുദ്ധ ചേരി സജീവം

ബേബി ആലുവ
കൊച്ചി
July 5, 2023 10:35 pm

കേന്ദ്ര മന്ത്രി വി മുരളീധരൻ ബിജെപി കേരള ഘടകത്തിന്റെ അധ്യക്ഷനാകുമെന്ന് ഉറപ്പായതോടെ, എതിർ ക്യാമ്പിൽ പടയ്ക്കുള്ള മുന്നൊരുക്കങ്ങളും തകൃതിയായി. മുഖ്യ അനുയായി കെ സുരേന്ദ്രന്റെ നേതൃത്വത്തിന്റെ കീഴിൽ അവഗണിക്കപ്പെട്ടെങ്കിൽ മുരളീധരൻ തന്നെ നേതൃസ്ഥാനത്തെത്തുന്നതോടെ തീർത്തും കളത്തിന് പുറത്താകുമെന്ന വിലയിരുത്തലിലാണ് നേതാക്കളിൽ പലരും. മുരളീധരനെ നിയമിക്കുന്ന തീരുമാനം ദേശീയ നേതൃത്വത്തിന്റേതാകയാൽ അതിനെ ധിക്കരിക്കും വിധം അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്താൻ ആരും ധൈര്യപ്പെടുന്നില്ല. എന്നാൽ, അണിയറയിൽ ആശയ വിനിമയം സജീവമാണ്.

മുരളീധരനെതിരെ ശക്തമായും പരസ്യമായും ഇപ്പോൾ രംഗത്തുള്ളത് സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനാണ്. അതു പക്ഷേ, പുതിയ സംഘടനാ പ്രശ്നവുമായി ബന്ധപ്പെട്ടുള്ളതല്ല. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 2,48,081 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയ ആറ്റിങ്ങൽ മണ്ഡലം ഉന്നമിട്ട് മുരളീധരൻ നടത്തുന്ന കരുനീക്കങ്ങളും ചരടുവലികളുമാണ് ശോഭാ സുരേന്ദ്രനെ ചൊടിപ്പിച്ചിരിക്കുന്നത്. കുറച്ചു നാളായി പാർട്ടിയുടെ ജനസമ്പർക്ക പരിപാടികളും മറ്റും തന്റെ നേതൃത്വത്തിലാക്കി, ആറ്റിങ്ങലിൽ സ്വാധീനമുറപ്പിക്കാൻ പണിപ്പെടുകയാണ് മുരളീധരൻ. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വരാൻ തുടങ്ങിയതോടെയാണ് പരസ്യ പ്രതികരണവുമായി ശോഭാ സുരേന്ദ്രനും കളത്തിലിറങ്ങിയത്. ബിജെപി ഒരിടത്തും സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്നും ആറ്റിങ്ങലിലെ ജനങ്ങൾ ആഗ്രഹിച്ചാൽ താൻ തന്നെ അവിടെ സ്ഥാനാർത്ഥിയാകുമെന്നുമായിരുന്നു അവരുടെ പ്രഖ്യാപനം.

സംസ്ഥാന ഭാരവാഹിയായ താൻ മൂന്ന് വർഷമായി പാർട്ടിക്കുള്ളിൽ അനുഭവിക്കുന്ന അവഗണനയിലുള്ള രോഷം കൂടിയാണ് അവർ പരസ്യമാക്കിയത്. കോർ കമ്മിറ്റിയിൽ നിന്ന് നേരത്തേ ഒഴിവാക്കി. പരിപാടികൾക്ക് വിളിക്കുന്നില്ല. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ പങ്കെടുത്ത യോഗത്തിലേക്കും ക്ഷണിച്ചില്ല. തൃശൂരിൽ അമിത്ഷായുടെ പരിപാടിയിൽ വേദിയിൽ ഇടം നൽകിയില്ല. തന്റെ വളർച്ച തടയാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം.

പ്രഭാരി പ്രകാശ് ജാവഡേക്കറുടെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ, യുവമോർച്ച സംസ്ഥാന പ്രസിഡന്റായിരുന്ന സുരേന്ദ്രന് പാർട്ടി സംസ്ഥാന പ്രസിഡന്റായി കയറ്റം കിട്ടിയത് മുരളീധരന്റെ പെട്ടിയെടുക്കാൻ നടന്നതു കൊണ്ടാണെന്ന് ശോഭാ സുരേന്ദ്രൻ തുറന്നടിച്ചിരുന്നു. ബിജെപി സംസ്ഥാന നേതൃപദവിയിലേക്കായാലും ആറ്റിങ്ങലിലെ സ്ഥാനാർത്ഥിത്വത്തിലേക്കായാലും വി മുരളീധരന്റെ വഴി സുഗമമാവില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

Eng­lish Summary:kerala bjp lead­er­ship change
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.