14 December 2025, Sunday

Related news

October 15, 2025
September 22, 2025
May 17, 2025
May 7, 2025
May 6, 2025
April 28, 2025
April 23, 2025
April 22, 2025
April 22, 2025
April 22, 2025

കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം; വികസന മേഖലയില്‍ കൈത്താങ്ങായി കിഫ്ബിയും

Janayugom Webdesk
തിരുവനന്തപുരം
April 7, 2025 7:00 am

വ്യവസായ മേഖലയിൽ സുസ്ഥിരവും സമഗ്രവുമായ വികസന ലക്ഷ്യങ്ങൾ പിന്തുടരുന്നതിന് ഊന്നൽ നല്‍കുകയാണ്  സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിക്ഷേപ കേന്ദ്രമെന്ന നിലയിൽ കേരളത്തിൻറെ സുപ്രധാന മേഖലകളെയും മന്ത്രി ഉയർത്തിക്കാട്ടുകയാണ്. സംസ്ഥാന സർക്കാരിൻറെ നയസംരംഭങ്ങൾ കേരളത്തിൻറെ വ്യാവസായിക വളർച്ചയെ മുന്നോട്ട് നയിക്കാൻ ഏറെ സഹായകമാണ്. ഉത്തരവാദിത്തമുള്ളതും സമഗ്രമായതുമായ വ്യവസായ മാതൃകയ്ക്കാണ് കേരളം ഊന്നൽ നൽകുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലെ വ്യവസായ മേഖലയിലുണ്ടായ ഗുണപരമായ മാറ്റങ്ങളിൽ ഉന്നത സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ വ്യവസായങ്ങളും എംഎസ്എംഇകളും ഉൾപ്പെടുന്നുണ്ട്.

സംസ്ഥാന സർക്കാരിൻറെ പുതിയ വ്യാവസായിക നയം 20ലധികം മേഖലകൾക്ക് മുൻഗണന നൽകുന്നുണ്ട്. ഈ മേഖലകളിൽ ലോകമെമ്പാടു നിന്നും നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.  കൊച്ചിയിൽ ഫെബ്രുവരി 21, 22 തിയതികളിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിൽ നിക്ഷേപം പ്രതീക്ഷിക്കുന്ന നിർദ്ദിഷ്ട മേഖലകളും പദ്ധതികളും പ്രദർശിപ്പിച്ചിരുന്നു. വിവിധ വ്യവസായ മേഖലകളെ കേന്ദ്രീകരിച്ച് നടത്തിയ സമ്മേളനങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായ പ്രമുഖരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങൾ സർക്കാർ ലഘൂകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്തിരുന്നു. നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളം ഇന്ത്യയിൽ ഒന്നാമതെത്തിയത് ശ്രദ്ധേയ നേട്ടമാണ്. കഴിവുറ്റ പ്രൊഫഷണലുകളുടെ ലഭ്യതയും മികച്ച കാലാവസ്ഥയും കേരളത്തിൻറെ പ്രത്യേകതയാണ്.

അതേസമയം കേരള വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തിന്‍റെ തന്നെ ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറാനാണ് കേരളം ശ്രമിക്കുന്നത്. 50ഓളം മുന്നൊരുക്ക പരിപാടികള്‍ നിക്ഷേപ സംഗമത്തിന് മുന്‍പായി കേരളം സംഘടിപ്പിച്ചു. ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ ഇന്ത്യന്‍ നഗരങ്ങളിലും ദുബായിയിലും ഇന്‍ഡസ്ട്രിയല്‍ റോഡ്ഷോ സംഘടിപ്പിച്ചു. കേരളത്തിന്‍റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ വിധത്തില്‍ വലിയ നിക്ഷേപങ്ങള്‍ “ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025’ പരിപാടിയിലൂടെയാണ് കടന്നുവന്നത്.  കൊച്ചിയിലാണ് ഇത് സംഘടിപ്പിച്ചത്.   അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ 87 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു പദ്ധതി നോവല്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നേടി. അത് കേരളത്തിന്‍റെ “സംരംഭക വര്‍ഷം’ പദ്ധതിയാണ്. ഇതേ പദ്ധതി ഇന്ത്യയിലെ എംഎസ്എംഇ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയായും പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.

 

 

സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ 2016ല്‍ അധികാരമേറ്റ ഒന്നാം എല്‍ഡിഎഫ് മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളും നടപടികളും കൂടുതല്‍ അർഥപൂര്‍ണമായും ദൂരക്കാഴ്ചയോടെയും വികസിപ്പിക്കുകയാണ് ചെയ്യുന്നത്. കിഫ്ബിയുടെ സാഹയത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന പല മാറ്റങ്ങളും പുതിയ സംരംഭങ്ങള്‍ക്ക് വഴിയൊരുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.  സംരംഭങ്ങള്‍ ആരംഭിക്കാൻ പല ഓഫിസുകള്‍ കയറേണ്ട സാഹചര്യം ഒഴിവാക്കി ഏകജാലക സംവിധാനം ഒരുക്കി കെ- സ്വിഫ്റ്റിന് തുടക്കം കുറിച്ചതു മുതല്‍ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തി വ്യവസായ സൗഹൃദാന്തരീക്ഷത്തിന് ശക്തമായ അടിത്തറയിടാന്‍ സര്‍ക്കാരിന് സാധിച്ചു.  ദാവോസിലെ വേള്‍ഡ് എക്കണോമിക് ഫോറത്തിലുള്‍പ്പെടെ കേരളത്തിന് പ്രശംസ ലഭിച്ചു. നൂതന സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച ചില കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പുകഴ്ത്തുകയും കൂടുതല്‍ വലിയ ഓഫിസുകള്‍ ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ കേരളം ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ഘട്ടത്തില്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റും കടന്നുവരുന്നു.

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്‍റര്‍നാഷണല്‍ ജെന്‍ എഐ കോണ്‍ക്ലേവ്, കേരളത്തിലെ ആദ്യ ഇന്‍റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ക്ലേവ് എന്നിവയ്ക്ക് പുറമെ പത്തിലധികം സെക്റ്ററല്‍ കോണ്‍ക്ലേവുകള്‍  പൂര്‍ത്തിയാക്കി. വിഴിഞ്ഞം തുറമുഖത്തിനായും മലബാര്‍ മേഖലയ്ക്കായും പ്രത്യേക കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചു. കേരളത്തിലെ സംരംഭകര്‍ ഈ ഘട്ടത്തില്‍ നമ്മുടെ നാടിന്‍റെ അംബാസഡര്‍മാരായി മാറി.

352 പരിഷ്കാര പരിപാടികള്‍ പറഞ്ഞതില്‍ 340 എണ്ണവും നടപ്പിലാക്കി കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസ് റിഫോംസില്‍ ഒന്നാമതെത്തി. 9 മേഖലകളില്‍ കേരളം ആദ്യസ്ഥാനം കരസ്ഥമാക്കി. ആന്ധ്ര പ്രദേശിന് 5 ഇനങ്ങളിലും ഗുജറാത്തിന് 3 ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടാന്‍ സാധിച്ചു.   28ാം റാങ്കില്‍ നിന്ന് ഒന്നാം റാങ്കിലേക്ക് കേരളത്തെ സംരംഭകരെയാകെ ചേര്‍ത്തുപിടിക്കാന്‍ സാധിച്ചു. ഈ വര്‍ഷവും നിക്ഷേപസൗഹൃദ സൂചികയില്‍ കേന്ദ്ര ഗവണ്മെന്‍റ് ആവശ്യപ്പെട്ട പരിഷ്കാരങ്ങളില്‍ 99 ശതമാനവും കേരളം പൂര്‍ത്തിയാക്കി.

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊണ്ടുവന്ന ആദ്യ പദ്ധതികളിലൊന്ന് 1,410 കോടി രൂപയുടെ എംഎസ്എംഇ പാക്കെജാണ്. ഇതിന് പിന്നാലെ ഫിക്കി, സിഐഐ, കെഎസ്എസ്ഐഎ, ട്രേഡ് യൂണിയനുകള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇവരുടെ ആവശ്യങ്ങളില്‍ നടപടികള്‍ കൈക്കൊണ്ട് 50 കോടി രൂപ വരെയുള്ള റെഡ് കാറ്റഗറിയിലല്ലാത്ത നിക്ഷേപങ്ങള്‍ക്ക് കെ- സ്വിഫ്റ്റ് വഴി ലഭിക്കുന്ന തത്വത്തിലുള്ള ധാരണാപത്രം വഴി 3.5 വര്‍ഷം പ്രവര്‍ത്തിക്കാനുള്ള നിയമം കൊണ്ടുവന്നു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 7 ദിവസത്തിനകം കോംപോസിറ്റ് ലൈസന്‍സ് നല്‍കാനുള്ള നിയമവും ഞങ്ങള്‍ പാസാക്കി. വ്യവസായ ശാലകളിലെ അനാവശ്യ നടപടികള്‍ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ- സിസ് പോര്‍ട്ടലിലൂടെ 5 വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്കരിച്ചു.

സംരംഭകരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ- സംസ്ഥാന തലങ്ങളില്‍ സിവില്‍ കോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതികള്‍ രൂപീകരിച്ചു. സംരംഭകന് മതിയായ കാരണമില്ലാതെ സേവനം നല്‍കുന്നതില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കാനും നടപടിക്ക് ശുപാര്‍ശ ചെയ്യാനും ഈ സമിതിക്ക് അധികാരം നല്‍കി. ഇന്‍വെസ്റ്റ് കേരള ഹെൽപ്പ് ഡെസ്കും എംഎസ്എംഇ ക്ലിനിക്കുമൊക്കെ വഴി വലിയൊരു അളവില്‍ പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചതും സംരംഭകരുടെ ഫീഡ്ബാക്കില്‍ പ്രതിഫലിച്ചു.

സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം വലിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കിയ മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെ മാത്രം പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തി. ഐബിഎം, എച്ച്സിഎല്‍ ടെക്, നോവ് ഐഎന്‍സി, സ്ട്രാഡ ഗ്ലോബല്‍, ഡി- സ്പേസ്, സാഫ്രാന്‍, ആക്സിയ ടെക്നോളജീസ്, സിന്തൈറ്റ്, അറ്റാച്ചി തുടങ്ങി 30ലധികം കമ്പനികള്‍ നിക്ഷേപം നടത്തി. ദാവോസിലെ വേള്‍ഡ് എക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളില്‍ ആദ്യത്തേത് 18000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്‍റെ ഹൈഡ്രജന്‍ വാലിയാണ്. ഐബിഎമ്മിന്‍റെ ചരിത്രത്തിലാദ്യമായി ഒരേ നഗരത്തില്‍ രണ്ട് വര്‍ഷത്തിനിടെ രണ്ട് പദ്ധതികള്‍ ആരംഭിച്ചത് കേരളത്തിലാണ്.

എച്ച്സിഎല്‍ ടെക് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളില്‍ പുതിയ യൂണിറ്റ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഐബിഎം, എച്ച്സിഎല്‍ ടെക്, മേഴ്സഡസ് ബെന്‍സ്, സ്ട്രാഡ ഗ്ലോബല്‍, ഇന്‍ഫോസിസ്, ഐബിഎസ്, അദാനി ഗ്രൂപ്പ്, ഏണ്‍സ്റ്റ് ആൻഡ് യങ്, ടാറ്റ എല്‍ക്സി, യുഎസ്ടി ഗ്ലോബല്‍, അഡെസോ ഗ്ലോബല്‍, അഗാപ്പെ, നോവ്.ഐ എന്‍സി, കോങ്സ്ബെര്‍ഗ്, ഡി- സ്പേസ്, ആക്സിയ ടെക്നോളജീസ്, സിസ്ട്രോം, സാഫ്രാന്‍, സിന്തൈറ്റ്, മുരുഗപ്പ ഗ്രൂപ്പ്, ലുലു, ചോയിസ്, വികെസി, വിത്തല്‍ കാഷ്യൂസ്, പ്രസ്റ്റീജ് ഗ്രൂപ്പ്, അറ്റാച്ചി, ക്രേസ് ബിസ്കറ്റ്സ്, ബേക്കര്‍ടില്ലി- പിയേറിയന്‍, ട്രാസ്ന തുടങ്ങിയ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും കേരളത്തിന്‍റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിക്ക് അംഗീകാരം നേടിയെടുക്കാനും ഈ സര്‍ക്കാരിന് സാധിച്ചതിനാല്‍ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ തന്നെ പരമാവധി പണി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും.

ദീര്‍ഘകാലത്തിന് ശേഷം കേരളത്തിന്‍റെ വ്യവസായമേഖലയ്ക്ക് ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിത്തന്ന പദ്ധതിയാണ് “സംരംഭക വര്‍ഷം’. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ രാജ്യത്തെ എംഎസ്എംഇ മേഖലയിലെ ഏറ്റവും മികച്ച പ്രാക്റ്റീസായും അമെരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ നോവല്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ അംഗീകാരവും പദ്ധതി നേടി.
മുസൂറിയിലെ ഐഎഎസ് ട്രെയിനിങ്ങിലും കേരളത്തിന്‍റെ സംരംഭക വര്‍ഷം പദ്ധതി ഒരു പഠനവിഷയമാണ്. പ്രതിവര്‍ഷം 10,000 സംരംഭങ്ങള്‍ ആരംഭിച്ചിരുന്ന കേരളത്തില്‍ ഫെബ്രുവരി 18 വരെയായി 3,45,000 സംരംഭങ്ങളും 22,135 കോടി രൂപയുടെ നിക്ഷേപവും 7,31,652 തൊഴിലും ഈ പദ്ധതിയിലൂടെ സംസ്ഥാനത്തുണ്ടായി. ഒരു ലക്ഷത്തിലധികം വനിതാ സംരംഭകര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി.

 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.