
പാൽ ഉല്പാദനം വർധിപ്പിക്കാനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും പാൽ ഉല്പാദനക്ഷമതയിൽ ഒന്നാമതെത്താൻ കേരളത്തിന് സാധിക്കുമെന്നും മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. പാൽ ഉല്പാദനക്ഷമതയിൽ കേരളം ഇപ്പോൾ രണ്ടാമതാണെന്നും ഒന്നാമതുള്ള പഞ്ചാബിനൊപ്പമെത്താൻ കേരളത്തിനാകുമെന്നും മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര സഹകരണ വർഷത്താടനുബന്ധിച്ച് ദേശീയ ക്ഷീരവികസന ബോർഡും മിൽമയും സംയുക്തമായി ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന വിഷയത്തിൽ സംസ്ഥാനതല ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ഥലസൗകര്യത്തിലെ കുറവാണ് കേരളത്തിന് കാലിത്തീറ്റ ഉല്പാദനത്തിൽ മുന്നേറാൻ സാധിക്കാത്തതിന് കാരണം. സംസ്ഥാനത്ത് തീറ്റപ്പുല്ല് കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ക്ഷീരകർഷകരിൽ എത്തിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കും. പത്തനംതിട്ടയിൽ തുടങ്ങിയ ഇ സമൃദ്ധ പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കും. ക്ഷീരകർഷകരുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ദേശീയ ക്ഷീരവികസന ബോർഡിന്റെ പദ്ധതികൾ സംസ്ഥാനത്തെ ക്ഷീരമേഖലയ്ക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. ക്ഷീരകർഷകർക്ക് ഏറ്റവും കൂടുതൽ പാൽവില നൽകുന്നത് കേരളം ആണെങ്കിലും ഉല്പാദന ചെലവ് കൂടുതലുള്ള സംസ്ഥാനവും നമ്മുടേതാണ്. പാൽ ഉല്പാദന ചെലവ് കുറയ്ക്കാനുള്ള പദ്ധതികളിലൂടെയും, ഉല്പാദന ക്ഷമത വർധിപ്പിച്ചും സ്വയംപര്യാപ്തത കൈവരിക്കാനാണ് കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങിന് മിൽമ ചെയർമാൻ കെ എസ് മണി സ്വാഗതം പറഞ്ഞു. മിൽമ എം ഡി ആസിഫ് കെ യൂസഫ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, മിൽമ തിരുവനന്തപുരം യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, മിൽമ എറണാകുളം യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
ദേശീയ ക്ഷീര വികസന ബോർഡിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചടങ്ങിൽ കേരളത്തിലെ ധവള വിപ്ലവത്തിന് നേതൃത്വം വഹിച്ച സഹകരണ പ്രസ്ഥാനങ്ങളെ ആദരിച്ചു. മികച്ച ക്ഷീരകർഷകർക്കും കൃത്രിമ ബീജാധാന പ്രവർത്തകർക്കും ക്ഷീരസഹകരണ സംഘങ്ങൾക്കുമുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.