25 November 2024, Monday
KSFE Galaxy Chits Banner 2

സഹകരണ ജീവനക്കാരുടെ അവകാശങ്ങള്‍

വില്‍സണ്‍ ആന്റണി
February 7, 2023 4:45 am

സഹകരണജീവനക്കാരുടെ അവകാശപോരാട്ടങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന പ്രസ്ഥാനമാണ് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൽ (കെസിഇസി-എഐടിയുസി). ഇത്തരം പോരാട്ടങ്ങൾക്ക് ഭരിക്കുന്ന മുന്നണി ഏതാണെന്നത് തടസമാകാറില്ല. സഹകരണ മേഖലയിലെ അടിയന്തര പരിഹാരം വേണ്ട വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനു വേണ്ടിയുള്ള സമരത്തിലാണ് ഇപ്പോള്‍ സംഘടന. അതിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുകയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിലെത്തിക്കുന്നതിന് നൽകിവരുന്ന ഇൻസന്റീവ് തുക 50 രൂപയിൽ നിന്ന് 30 രൂപയായി സർക്കാർ വെട്ടിക്കുറച്ചിരിക്കുകയാണ്. സിഎജി ഓഡിറ്റ് നിർദേശങ്ങളുടെ ഭാഗമായാണ് തുക വെട്ടിക്കുറയ്ക്കാൻ സർക്കാര്‍ നിർബന്ധിതമായത്. എന്നാൽ കഴിഞ്ഞ ഡിസംബർ അഞ്ചിന് സഹകരണ-ധനകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് വിരുദ്ധമായി 2021 നവംബർ മുതൽ മുൻകാല പ്രാബല്യത്തിൽ ഇൻസന്റീവ് തുക വെട്ടിക്കുറച്ചുകൊണ്ടാണ് ധനകാര്യവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചത്.

സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം സഹകരണബാങ്കുകൾ വഴി നടത്താനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനം സഹകരണ ബാങ്കുകൾക്ക് കൂടുതൽ വിശ്വാസ്യതയും സ്വീകാര്യതയും ലഭിക്കുന്നതിനും, കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും ഗുണം ചെയ്തു. എന്നാൽ പെൻഷൻ വിതരണ ഏജന്റുമാരുടെ 2021 നവംബർ മുതലുള്ള ഇൻസന്റീവ് കുടിശികയാണ്. കോവിഡ് കാലത്ത് ബിപിഎൽ കുടുംബങ്ങൾക്ക് രണ്ട് തവണയായി ധനസഹായം വിതരണം ചെയ്ത ഇനത്തിൽ നൽകാനുള്ള ഇൻസന്റീവും നാളിതുവരെ നൽകിയിട്ടില്ല. ചെയ്ത ജോലിയുടെ വേതനം ഒരു വർഷം കഴിഞ്ഞിട്ടും നൽകാത്ത നടപടി ഒരു ഇടതുപക്ഷ സർക്കാരിന് ചേരുന്നതല്ല. കയർ‑കൈത്തറി വ്യവസായ സംഘങ്ങളും ജീവനക്കാരും നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് ഈ സംഘങ്ങളുടെ നിലനിൽപ്പിനെത്തന്നെ അപകടപ്പെടുത്തുകയാണ്. കയർ‑കൈത്തറി സംഘങ്ങൾക്ക് മാനേജിരിയൽ സബ്സിഡി നൽകുകയും പ്രവർത്തനമൂലധനം അനുവദിക്കുകയും 2020 മാർച്ചിന് ശേഷം പിരിഞ്ഞു പോയ കയർ സംഘം ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി തുക പൂർണമായും ഗ്രാന്റായി നല്‍കുകയും വേണം. കയർ സംഘങ്ങളിലെ ജീവനക്കാർക്ക് ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങൾ അനുവദിക്കുകയും കയർ സംഘങ്ങളുടെ അപെക്സ് സ്ഥാപനങ്ങളിൽ 50 ശതമാനം ഒഴിവ് അംഗസംഘങ്ങളിലെ ജീവനക്കാർക്ക് സംവരണം ചെയ്യുകയും വേണം.


ഇതുകൂടി വായിക്കൂ: വികസനവും ക്ഷേമവും വിഭവസമാഹരണവും


അസി. സെക്രട്ടറി/മാനേജർ തസ്തികയിൽ നാളിതുവരെ ഉദ്യോഗക്കയറ്റം വഴിയാണ് നിയമനം നടത്തിയിരുന്നത്. നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ശതമാനം നിയമനം പരീക്ഷാബോർഡ് വഴി നടത്താനുള്ള ചട്ടഭേദഗതി സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കും. ഉയർന്ന തസ്തികകളിൽ പരിചയസമ്പന്നരായ ജീവനക്കാർ ഉണ്ടാകേണ്ടത് ഏറ്റവും അനിവാര്യമായ സംഗതിയാണ്. ഉയര്‍ന്ന യോഗ്യതയുള്ള ജീവനക്കാർക്ക് പ്രൊമോഷൻ അവസരം ഇല്ലാതാകുന്നതും നീതികേടാണ്. യോഗ്യരായ സബ് സ്റ്റാഫ് ജീവനക്കാരുടെ പ്രൊമോഷൻ അവസരങ്ങൾ ഇല്ലാതാക്കുന്ന 1:4 അനുപാതത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യവും സർക്കാർ നാളിതുവരെ പരിഗണിച്ചിട്ടില്ല. സബ് സ്റ്റാഫ് ജീവനക്കാരുടെ പ്രൊമോഷൻ കൂടി ഉറപ്പാക്കുംവിധം ജൂനിയർ ക്ലാർക്ക് നിയമന അനുപാതം പുതുക്കി നിശ്ചയിക്കാൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്. സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയും നാല് ഗഡു കുടിശികയാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയായത്. എന്നാൽ സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത സർക്കാരിന്റെ ബാധ്യതയല്ല. കുടിശിക നൽകേണ്ടത് അതതു സ്ഥാപനങ്ങളുടെ ബാധ്യതയാണ്. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിച്ച ശേഷമേ സഹകരണ ജീവനക്കാർക്ക് തുക അനുവദിക്കൂ എന്ന ചില ഉദ്യോഗസ്ഥരുടെ താല്പര്യത്തിന് സർക്കാർ വഴങ്ങരുത്.

സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവസാനം ഒഴിവാക്കപ്പെടുകയായിരുന്നു. സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ സഹകരണ ജീവനക്കാർക്ക് മാത്രമായി ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് സഹകരണ മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലായില്ല. 2015 ജൂലെെ 14 ന് മുമ്പ് നിയമിക്കപ്പെട്ട കളക്ഷൻ ഏജന്റുമാരെയും അപ്രെെസർമാരെയും സ്ഥിരപ്പെടുത്തുകയുണ്ടായി. അതിനു ശേഷം നിയമിക്കപ്പെട്ടവരും വർഷങ്ങളായി ജോലി ചെയ്യുന്നവരുമായ നിരവധി പേരെ ഇതുവരെസ്ഥിരപ്പെടുത്തിയിട്ടില്ല. കളക്ഷൻ ഏജന്റ്/അപ്രൈസർ ജോലിയിൽ ഒരു വർഷം പൂർത്തീകരിച്ചതും, നിലവിൽ ജോലി ചെയ്തു വരുന്നവരുമായ മുഴുവൻ പേരെയും സ്ഥിരപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഞങ്ങൾ ഉയർത്തുന്ന വിഷയങ്ങളെ ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
(കെസിഇസി(എഐടിയുസി) സംസ്ഥാന
ജനറൽ സെക്രട്ടറിയാണ് ലേഖകന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.