ഐപില്‍ മാതൃകയില്‍ കേരളത്തിന്റെ പ്രഥമ ക്രിക്കറ്റ് ലീഗിനെ ആവേശത്തോടെ വരവേല്‍ക്കാനൊരുങ്ങി ആരാധകര്‍. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി20 മത്സരങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. സെപ്റ്റംബർ രണ്ട് മുതൽ 18 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റര്‍ നാഷണൽ സ്റ്റേഡിയത്തിലാണ് കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ നടക്കുക. 19 ദിവസങ്ങളിലായി 33 മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഓരോ ദിവസവും പകലും രാത്രിയുമായി രണ്ട് മത്സരങ്ങള്‍ വീതം നടക്കുക. ബാറ്റിങ്ങിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രീന്‍ഫീല്‍ഡിലെ പിച്ചില്‍ ആവേശകരമായ മത്സരങ്ങള്‍ കാണുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍.
ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കലിക്കറ്റ് ഗ്ലോബ്‌സ്‌റ്റാഴ്സ് എന്നിങ്ങനെ ആറ് ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുന്നത്. 114 താരങ്ങള്‍ കളിക്കാനായുണ്ട്. പി എ അബ്‌ദുൾ ബാസിത് (ട്രിവാൻഡ്രം റോയൽസ്), സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്), മുഹമ്മദ് അസറുദീൻ (ആലപ്പി റിപ്പിൾസ്), ബേസിൽ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്സ്), വരുണ്‍ നായനാര്‍ (തൃശൂർ ടൈറ്റൻസ്), രോഹൻ എസ് കുന്നുമ്മൽ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്) എന്നിവരാണ് ടീമുകളുടെ ക്യാപ്റ്റന്മാര്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. രാത്രി 7.45 ന് ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിലാണ് രണ്ടാം മത്സരം. തുടർന്നുള്ള മത്സരങ്ങൾ ഉച്ചയ്ക്ക് 2.30, വൈകിട്ട് 6.45 എന്നിങ്ങനെയുള്ള സമയക്രമത്തിലാണ് നടക്കുക. 17ന് സെമി ഫൈനലും 18ന് വൈകിട്ട് 6.45ന് ഫൈനലും നടക്കും. സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് സൗജന്യമായി പ്രവേശിക്കാം. സ്റ്റാർ സ്‌പോട്‌സ്-1 ലും ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡിലും മത്സരം തത്സമയം കാണാം.
ചാമ്പ്യന്മാരാകുന്ന ടീമിന് 30 ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് 20 ലക്ഷവും ലഭിക്കും. വ്യക്തിഗത പുരസ്കാരങ്ങളടക്കം ആകെ 60 ലക്ഷം രൂപ കളിക്കാരുടെ കൈകളിലെത്തും. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് കെസിഎല്‍ ഐക്കണ്‍. ആഭ്യന്തര കളിക്കാര്‍ക്ക് മികവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് കെസിഎ ഒരുക്കുന്നത്. മിന്നുന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്ന യുവതാരങ്ങള്‍ക്ക് ഐപിഎല്‍ പ്രവേശനത്തിനുമുള്ള സുവര്‍ണാവസരം ലീഗിലൂടെ ലഭിക്കും. ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്പോട്സ് സ്വന്തമാക്കിയതോടെ മത്സരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ക്രിക്കറ്റ് ലീഗ് ഒഫിഷ്യല്‍ ലോഞ്ചിങ് ഇന്ന് ലീഗ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.