22 December 2024, Sunday
KSFE Galaxy Chits Banner 2

വിമുക്തസൈനികര്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കുറഞ്ഞ പലിശനിരക്കിലുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

Janayugom Webdesk
തിരുവനന്തപുരം
October 31, 2024 10:54 am

വിമുക്തസൈനികര്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കുറഞ്ഞ പലിശനിരക്കിലുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സൂക്ഷ്മ ‚ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി രണ്ടു കോടി രൂപവരെയാണ് വായ്പ അനുവദിക്കുന്നത്.ഇത് അഞ്ചു ശതമാനം പലിശ ഇളവ് ലഭിക്കും, സംരംഭകൻ ആറു ശതമാനം പലിശ മാത്രം നൽകിയാൽ മതിയാകും. ഈ പദ്ധതിയ്‌ക്കായി 50 കോടി രൂപ കെഎഫ്സിയിൽനിന്നും വകയിരുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി (സിഎംഇഡിപി)യുടെ ഭാഗമായാണ് സിഎംഇഡിപി-എക്സ് സർവീസ് മെൻ സ്കീം എന്ന പേരിൽ വായ്‌പാ പദ്ധതി നടപ്പാക്കുന്നത്‌. ഒരുവർഷത്തെ മോറട്ടോറിയം അടക്കം അഞ്ചുവർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും. 11 ശതമാനം പലിശ നിരക്ക്‌ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, മൂന്ന്‌ ശതമാനം സർക്കാർ സബ്സിഡി അനുവദിക്കും.

രണ്ട്‌ ശതമാനം കെഎഫ്സി പലിശ റിബേറ്റും ലഭിക്കും. ബാക്കി ആറു ശതമാനം മാത്രമാണ്‌ സംരംഭകൻ നൽകേണ്ടത്‌. എംഎസ്എംഇ ഉദയം രജിസ്ട്രേഷൻ ഉറപ്പാക്കുന്ന സംരംഭങ്ങൾക്കായിരിക്കും വായ്പ ലഭ്യമാകുക. അപേക്ഷകർ വിമുക്ത സൈനികർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും നൽകുന്ന തിരിച്ചറിയൽ കാർഡും, ജില്ലാ സൈനികക്ഷേമ ഓഫീസ് നൽകുന്ന കത്തും ഹാജരാക്കണം. ഈ സാമ്പത്തികവർഷം 50 എംഎസ്എംഇകൾക്ക് എങ്കിലും വായ്പ ലഭ്യമാക്കാനാണ് കെഎഫ്‌സി ലക്ഷ്യമിടുന്നത്. താല്പര്യമുള്ളവർക്ക്‌ www.kfc.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.