
രഞ്ജി ട്രോഫിയുടെ പുതിയ സീസണ് കരുത്തോടെ തുടക്കമിട്ട് കേരള ടീം. മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 179 റൺസെന്ന നിലയില്‍ പതറുകയാണ് മഹാരാഷ്ട്ര. 10 റൺസോടെ വിക്കി ഓസ്വാളും 11 റൺസോടെ രാമകൃഷ്ണ ഘോഷുമാണ് ക്രീസിൽ. പേസ് ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ആദ്യ ദിനം കേരളത്തിന് ആധിപത്യം സമ്മാനിച്ചത്. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളത്തിന് ബൗളർമാർ നല്‍കിയത് സ്വപ്നതുല്യമായ തുടക്കമായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ അപകടകാരിയായ പൃഥ്വി ഷാ പുറത്തായി. മനോഹരമായ പന്തിലൂടെ പൃഥ്വി ഷായെ നിധീഷ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ സിദ്ദേഷ് വീറിനെ നിധീഷ് മൊഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ചു. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ആർഷിൻ കുൽക്കർണ്ണിയെ പുറത്താക്കി ബേസിൽ എൻ പിയും വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ബാറ്റിൽ തട്ടിയുയർന്ന പന്ത് രോഹൻ കുന്നുമ്മൽ അതിമനോഹരമായി കയ്യിലൊതുക്കുകയായിരുന്നു. ആർഷിൻ മടങ്ങുമ്പോൾ മൂന്ന് വിക്കറ്റിന് പൂജ്യമെന്ന നിലയിലായിരുന്നു മഹാരാഷ്ട്ര.
തന്റെ അടുത്ത ഓവറിൽ ക്യാപ്റ്റൻ അങ്കിത് ബാവ്നയെ പുറത്താക്കി ബേസിൽ മഹാരാഷ്ട്രയ്ക്ക് വീണ്ടും പ്രഹരമേല്പിച്ചു. തുടർന്നെത്തിയ സൗരഭ് നവാലെയെ നിധീഷും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 18 റൺസെന്ന നിലയിൽ വലിയൊരു തകർച്ചയെ നേരിടുകയായിരുന്നു മഹാരാഷ്ട്ര. പുറത്തായ അഞ്ചിൽ നാല് ബാറ്റർമാരും പൂജ്യത്തിനായിരുന്നു മടങ്ങിയത്. എന്നാൽ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന ഋതുരാജ് ഗെയ്ക്‌വാദും ജലജ് സക്സേനയും ചേർന്നാണ് മഹാരാഷ്ട്രയെ കരകയറ്റിയത്. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 122 റൺസാണ് കൂട്ടിച്ചേർത്തത്.
49 റൺസെടുത്ത ജലജ് സക്സേനയെ പുറത്താക്കി നിധീഷ് തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. നിധീഷിന്റെ പന്തിൽ ജലജ് എൽബിഡബ്ല്യുവിൽ കുടുങ്ങുകയായിരുന്നു. വൈകാതെ സെഞ്ചുറിക്കരികെ ഋതുരാജ് ഗെയ്ക്‌വാദും മടങ്ങി. 91 റൺസെടുത്ത ഗെയ്ക്‌വാദിനെ ഏദൻ ആപ്പിൾ ടോമാണ് എൽബിഡബ്ല്യുവിലൂടെ പുറത്താക്കിയത്. 151 പന്തുകളിൽ 11 ഫോറുകൾ അടങ്ങുന്നതായിരുന്നു ഗെയ്ക്‌വാദിന്റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസിൽ രണ്ടും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.