സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ കൊളീജിയം ശുപാര്‍ശകള്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ജസ്റ്റിസ് നിതിൻ മധുകർ ജംദർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. ബോംബെ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ആയിരുന്നു ജസ്റ്റിസ് നിതിൻ മധുകർ ജംദർ. കേരളം ഉൾപ്പടെ എട്ട് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
ജസ്റ്റിസ് മൻമോഹൻ (ഡൽഹി), ജസ്റ്റിസ് രാജീവ് ശക്ധേർ (ഹിമാചൽ പ്രദേശ് ), ജസ്റ്റിസ് സുരേഷ് കുമാർ കൈത് (മധ്യപ്രദേശ്), ജസ്റ്റിസ് കെ ആര്‍ ശ്രീറാം (മദ്രാസ്), ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖർജി (മേഘാലയ), ജസ്റ്റിസ് താഷി റബ്സ്താൻ (ജമ്മു കശ്മീർ‑ലഡാക്ക്), ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവു (ഝാര്‍ഖണ്ഡ്)എന്നിവരെയും നിയമിച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി നിയമിക്കുന്നതിന് കൊളീജിയം പലരുടെയും പേരുകള്‍ ആവര്‍ത്തിച്ച് നല്‍കിയെങ്കിലും അംഗീകാരം നല്‍കാത്ത കേന്ദ്ര നടപടിക്കെതിരെ കോടതി രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ത്തിയത്. കൊളീജിയം സെര്‍ച്ച് കമ്മിറ്റിയല്ല. ഭരണഘടനയുടെ അടിസ്ഥാനത്തിൽ അതിന് ഒരു പ്രത്യേക പദവിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലുള്ള രീതിയനുസരിച്ച് കൊളീജിയം തീരുമാനം ആവര്‍ത്തിച്ചാല്‍ നിയമനശുപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏറ്റവും മുതിര്‍ന്ന അഞ്ച് സുപ്രീം കോടതി ജഡ്‍ജിമാര്‍ അടങ്ങുന്നതാണ് കൊളീജിയം. കൊളീജിയം ആവര്‍ത്തിച്ച് നല്‍കുന്ന പേരുകള്‍ അംഗീകരിക്കുന്നതില്‍ എന്താണ് ബുദ്ധിമുട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം, ഇത്തരം പേരുകളില്‍ എത്രത്തോളം നടപടിക്രമങ്ങളിലേക്ക് കടന്നെന്ന വിവരം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കൊളീജിയം ശുപാര്‍ശ ചെയ്യുന്ന ജഡ‍്ജിമാരുടെ നിയമനം വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രത്തിന് സമയപരിധി നിശ്ചയിക്കണമെന്ന ഹര്‍ഷ് വിഭോര്‍ സിംഗാളിന്റെ ഹര്‍ജിയടക്കം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.
ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവുവിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം നല്‍കിയ ശുപാര്‍ശ അംഗീകരിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് സര്‍ക്കാരും പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.