28 December 2024, Saturday
KSFE Galaxy Chits Banner 2

സംസ്ഥാനപ്പിറവി ദിനത്തിൽ കേരളം ഹരിതം

Janayugom Webdesk
തിരുവനന്തപുരം
October 28, 2024 11:07 pm

ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ലക്ഷ്യത്തിലേക്കെത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മാതൃകാ പ്രഖ്യാപനങ്ങൾ കേരളപ്പിറവി ദിനത്തിൽ നടക്കും. ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ജനകീയ ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

നവംബർ ഒന്നിന് കേരളത്തിൽ 13,353 സ്ഥാപനങ്ങളും ഓഫിസുകളുമാണ് ഹരിതമായി പ്രഖ്യാപിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി നടത്തുന്ന ക്യാമ്പയിന്റെ ഒന്നാം ഘട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത ഹരിത ടൗണുകൾ, ഹരിത മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ തുടങ്ങിയവയാണ് ഹരിതപദവിയിലേക്ക് എത്തുന്നത്. എല്ലാ ജില്ലകളിലുമായി 68 ടൂറിസ്റ്റ് കേന്ദ്രങ്ങൾ അന്നേ ദിവസം ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറും. 810 ടൗണുകളെ ഹരിത സുന്ദര ടൗണുകളായി പ്രഖ്യാപിക്കും. 6,048 ഹരിതവിദ്യാലയങ്ങളെയും 315 പൊതുസ്ഥലങ്ങളെയും 298 ഹരിതകലാലയങ്ങളെയും പ്രഖ്യാപിക്കും. 24,713 അയൽക്കൂട്ടങ്ങളാണ് കേരളപ്പിറവിയിൽ ഹരിത പദവിയിലേക്ക് എത്തുന്നത്. 

2025 മാർച്ച് 30 (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം) വരെയാണ് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുക. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ മാലിന്യമുക്തമാക്കി സൗന്ദര്യവല്‍ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വ്യാപാരി വ്യവസായി സംഘടനകൾ, ഗ്രന്ഥശാലകൾ, രാഷ്ട്രീയ പാർട്ടികൾ, തൊഴിലാളി സംഘടനകൾ, യുവജനപ്രസ്ഥാനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്, ക്ലീന്‍ കേരള കമ്പനി, കില, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ ഏകോപനത്തിൽ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ആറുമാസം നീണ്ടുനില്‍ക്കുന്ന ഈ ജനകീയ ക്യാമ്പയിൻ കേരളം ഏറ്റെടുത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.