15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

കേരളം സ്നേഹമാണ്; മനസുനിറഞ്ഞ മടക്കത്തിൽ ഡോ. വിസാസോ കിക്കി

Janayugom Webdesk
തിരുവനന്തപുരം
October 8, 2023 9:48 pm

”കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്നേഹമാണെന്നും ഞാൻ പറയും”. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നു പഠനം പൂർത്തിയാക്കി 10 വർഷത്തിനുശേഷം ഈ മാസം ഒടുവിൽ നാട്ടിലേക്കു മടങ്ങുന്ന നാഗാലാൻഡ് സ്വദേശി ഡോ. വിസാസോ കിക്കി കേരളത്തെക്കുറിച്ച് മലയാളത്തിൽ പറയുന്നത് ഇതാണ്. ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നൽകിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ നാഗാലാൻഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. വിസാസോയുടെ ‘കേരള ലവ് സ്റ്റോറി’ പറയുന്ന ’ കേരള ക്രോണിക്കിൾസ് ഓഫ് എ നാഗാലാൻഡ് ഡോക്ടർ’ എന്ന ഹ്രസ്വവീഡിയോ തലസ്ഥാനത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി പിആർഡിയാണ് തയ്യാറാക്കിയത്. നാഗാലാൻഡ് മന്ത്രിക്കു പിന്നാലെ സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും പങ്കുവച്ചതോടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. 

ഗുവാഹട്ടിയിൽ വച്ചുണ്ടായ ട്രെയിൻ അപകടത്തെത്തുടർന്നു കാൽപ്പാദം മുറിച്ചുകളയേണ്ടിവന്ന ദുരന്തമേറ്റു വാങ്ങിയ എട്ടാം ക്ലാസുകാരനിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് എംഎസും പൂർത്തിയാക്കിയ ഡോ. വിസാസോയുടെ യാത്രയ്ക്ക് മലയാളിസ്പർശത്തിന്റെ നൂറുകഥകൾ പറയാനുണ്ട്.
2013ൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ വിസാസോയുടെ മെഡിക്കല്‍ കോളജ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് കൊഹിമയിലെ അധ്യാപകരായ മലയാളി അയൽക്കാരാണ്. അങ്ങനെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്നത്. മലയാളവുമായി വിദൂരബന്ധം ഇല്ലാതിരുന്നിട്ടും കേരളത്തിലെത്തി രണ്ടുവർഷം കൊണ്ട് മലയാളം പഠിച്ചെടുത്ത വിസാസോ ആശുപത്രിയിലെത്തുന്ന രോഗികളോടു സംസാരിക്കുന്നതും മലയാളത്തിലാണ്. കോഴിക്കോട് ആദ്യമായി നിപ ബാധയുണ്ടായപ്പോൾ പോരാളികളിലൊരാളായി സേവനരംഗത്തുണ്ടായിരുന്നു വിസാസോ. 

കൗമാരത്തുടക്കത്തിലെ ഒരു യാത്രയ്ക്കിടെ സ്റ്റേഷനിൽ ഇറങ്ങിയ വിസാസോ ട്രെയിൻ വിട്ടു പോകുന്നതു കണ്ടു ചാടിക്കയറിയപ്പോഴുണ്ടായ അപകടത്തിലാണു കാൽപാദം നഷ്ടമായത്. പിന്നീട് കോഴിക്കോട് മെഡിക്കൽ പഠനത്തിനു വന്നപ്പോഴാണ് മുട്ടിനുതാഴെവച്ചു വീണ്ടും ശസ്ത്രക്രിയയിലൂടെ മുറിച്ചുനീക്കി കൃത്രിമ ജയ്പൂര്‍ കാൽ വച്ചുപിടിപ്പിച്ചത്. തുടർന്ന് സ്വന്തം കോളജിൽവച്ചു തന്നെ കുറച്ചുകൂടി ആയാസരഹിതമായ മറ്റൊരു പൊയ്ക്കാൽ ഘടിപ്പിച്ചു. ജീവിതത്തിൽ മറ്റൊരു വെല്ലുവിളി കൂടി വിസാസോ ഏറ്റെടുത്തിരുന്നു, ഓട്ടം. 2015ലെ കൊച്ചി മാരത്തണിൽ പങ്കെടുത്ത വിസാസോ അതിനുശേഷം എല്ലാ മാരത്തണുകളിലും പങ്കെടുക്കുന്നുണ്ട്.
ഒന്നു മുതൽ 10 വരെ സൈനിക് സ്കൂളിലായിരുന്നു പഠനം. ഉപരിപഠനം നീണ്ട കാലയളവ് കേരളത്തിലും, ചുരുക്കത്തിൽ എന്നും വീട്ടിൽ നിന്ന് ദൂരെ. ഇത്രനാളും വീടുവിട്ടു നിന്നുവെങ്കിലും അവസരം കിട്ടിയാൽ കേരളത്തിലേക്കു തിരിച്ചുവന്ന് ജോലി ചെയ്യുമെന്നാണ് ഡോ. വിസാസോ പറയുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് അത്രയേറെ മതിപ്പോടെയാണ് ഡോ. വിസാസോ സംസാരിക്കുന്നത്. 

Eng­lish Summary:Kerala is love; In a heart filled return, Dr. Visaso Kiki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.