21 January 2026, Wednesday

Related news

January 16, 2026
January 7, 2026
January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025

കേരളം കടന്നുപോകുന്നത് വികസനത്തിന്റെ ഘട്ടങ്ങളിലൂടെ; മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 16, 2025 6:55 pm

കേരളം വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും ഇത് സംസ്ഥാനത്തിന്റെ വ്യവസായ വേഗത കൂട്ടിയതായും അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ഹോട്ടൽ ഹയാത്തിൽ ഐടി കമ്പനി പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കണക്ടിവിറ്റിക്ക് വളരെയധികം പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. എയർപോർട്ടുകളുടെ വികസനം കേന്ദ്ര ഗവൺമെന്റുമായി സഹകരിച്ച് വേഗത്തിലാക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി ഇതിനകം ചർച്ച നടത്തി. ഇതിനായി സിവിൽ ഏവിയേഷൻ സമ്മിറ്റ് നടത്താൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കോഴിക്കോടും കണ്ണൂരും വിമാനത്താവളങ്ങൾ കൂടുതൽ വികസിക്കേണ്ടതാണ്. ഇതോടൊപ്പം ശബരിമല വിമാനത്താവളവും യാഥാർത്ഥ്യമാകും. വിവിധ എയർ സ്ട്രിപ്പുകളുടെ നിർമാണം, റോഡുകളുടെ വികസനം എന്നിവയും സര്‍ക്കാര്‍ പൂർത്തിയാക്കുകയാണ്. കൊച്ചി വാട്ടർ മെട്രോയുടെ വികസനം, കോവളം ബേക്കൽ ദേശീയ ജലപാത എന്നിവ ഉടൻ പൂർത്തിയാകും. ജലഗതാഗത സംവിധാനങ്ങളുടെ വികസനം കൂടുതൽ വ്യവസായ സാധ്യതകളൊരുക്കും. നിലവിൽ കൂടുതൽ ടെക്നോപാർക്കുകൾക്ക് സർക്കാർ സന്നദ്ധമാണ്. മൂന്ന് ഐടി ഇടനാഴികൾ സംസ്ഥാനം നിർദേശിച്ചു കഴിഞ്ഞു. കേരളത്തിലെ വ്യവസായ, നിക്ഷേപ അന്തരീക്ഷത്തിൽ സംസ്ഥാന സർക്കാർ സാധ്യമാക്കിയ മാറ്റം കൂടുതൽ ജനങ്ങളിലെത്തണം. രാജ്യത്തെ ആദ്യ ടെക്നോപാർക്കായിട്ടും വേണ്ടത്ര വളർച്ച തിരുവനന്തപുരത്തെ ക്യാമ്പസിന് ഒരു ഘട്ടത്തിൽ നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് ആ സ്ഥിതി മാറുകയും വേഗത കൂടി വികസിക്കാനുമായി. കേരളത്തിന്റെ നിക്ഷേപ വ്യവസായ അന്തരീക്ഷത്തിൽ യോഗത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ ഇനി കേരളത്തിന്റെ അംബാസഡർമാരായാണ് മാറേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ബന്ധപ്പെട്ട വകുപ്പും മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായ സൗഹൃദ നടപടികൾക്ക് നിക്ഷേപകർക്കൊപ്പമുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ സംസ്ഥാനം ഉൾപ്പെടുത്തി. ഈ മേഖലയിൽ കൂടുതൽ മുന്നേറ്റത്തിനും അനുബന്ധ വ്യവസായ സാധ്യതകൾക്കും സംസ്ഥാനം സന്നദ്ധമാണെന്നും പ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു. യൂറോപ്പ് കണക്ടിറ്റിവിറ്റി വർധിപ്പിക്കുന്നതിനായി കൂടുതൽ വിമാന സർവീസുകൾ ആവശ്യമുണ്ടെന്ന പ്രതിനിധികളുടെ ആവശ്യത്തോട് യോജിക്കുന്നു. സംസ്ഥാനത്തിന്റെ മനുഷ്യ വിഭവശേഷി ഇവിടെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ പ്രൊഫഷണലുകളെ ആകർഷിക്കുന്നതിന് മെച്ചപ്പെട്ട സ്ഥാപനങ്ങൾ കൂടുതൽ കേരളത്തിലെത്തേണ്ടതായുണ്ട്. കേരളത്തിലുള്ളവരെ ഇവിടെ നിലനിർത്താനും പുറത്തുള്ള മികച്ച പ്രൊഫഷണലുകളെ എത്തിക്കുകയും ചെയ്യണം. സംസ്ഥാനത്തിന്റെ മനുഷ്യവിഭവ ശേഷി ഉന്നത നിലവാരം പുലർത്തുന്നു എന്നത് അഭിമാനകരമാണ്. സ്റ്റാർട്ടപ്പ് മേഖലയിൽ ഇന്ത്യയിൽ മികച്ച നിലവാരം പുലർത്തുന്ന സംസ്ഥാനമാണ് കേരളം. വ്യാവസായിക രംഗത്ത് പുതിയ സ്ഥാപനങ്ങൾ വരുന്നത് പ്രതീക്ഷ നൽകുന്നു. സമൂഹത്തിന് വേണ്ടിയുള്ള സ്ഥാപനമെന്ന നിലയിലാണ് നിക്ഷേപകരെയും വ്യവസായ സ്ഥാപനങ്ങളെയും സംസ്ഥാന സർക്കാർ പരിഗണിക്കുന്നതെന്നും ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നിക്ഷേപകർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ് ഹരികിഷോർ, എസ് ഡി ഷിബുലാൽ, വി കെ മാത്യൂസ് എന്നിവർ സംബന്ധിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.