
ലോകത്ത് ഒട്ടാകെ 2668 വരയാടുകളുള്ളതിൽ 1365 എണ്ണം കേരളത്തിലും 1303 എണ്ണം തമിഴ്‌നാട്ടിലുമാണെന്ന് റിപ്പോർട്ട്. കേരളത്തിലെ ഇരവികുളം നാഷണൽ പാർക്കാണ് ഏറ്റവുമധികം വരയാടുകളുള്ള വന്യജീവി സങ്കേതം. റിപ്പോർട്ട് പ്രകാരം 841 ആണ് ഇരവികുളത്തെ വരയാടുകളുടെ എണ്ണം.
കേരളത്തിലെ വരയാടുകളിൽ 90 ശതമാനവും മൂന്നാർ ലാൻഡ്സ്കേപ്പിലാണുള്ളത്. ഇരവികുളം നാഷണൽ പാർക്കിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനമേഖലകളിൽ നടത്തിയ വരയാടുകളുടെ സംയുക്ത കണക്കെടുപ്പ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. റിപ്പോർട്ടിന്റെ തമിഴ്‌നാട്ടിലെ പ്രകാശന ചടങ്ങിനോടനുബന്ധിച്ച് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് കേരളം തയ്യാറാക്കിയ റിപ്പോർട്ട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന് നൽകി മന്ത്രി പ്രകാശനം ചെയ്തത്. 2025 ഏപ്രിലിൽ കേരളത്തിലെ 89 സെൻസസ് ബ്ലോക്കുകളിലും തമിഴ്‌നാട്ടിലെ 182 ബ്ലോക്കുകളിലുമായി സംരക്ഷിത വനമേഖലകൾക്കകത്തും പുറത്തുമുള്ള വരയാടുകളുടെ ആവാസവ്യവസ്ഥ നിലനിൽക്കുന്ന ഭൂഭാഗങ്ങളിൽ ഒരേ സമയം തുടർച്ചയായ നാല് ദിവസങ്ങളിലാണ് വരയാടുകളുടെ കണക്കെടുപ്പ് നടത്തിയത്. തിരുവനന്തപുരം മുതൽ വയനാട് വരെ വരയാടുകളുടെ സാന്നിധ്യമുള്ള കേരളത്തിലെ 19 വനം ഡിവിഷനുകളിലാണ് സെൻസസ് ബ്ലോക്കുകൾ നിശ്ചയിച്ചിരുന്നത്. ശാസ്ത്രീയമായ ബൗണ്ടഡ് കൗണ്ട്, ഡബിൾ ഒബ്സർവർ കൗണ്ട് രീതികളിലൂടെയാണ് ദുർഘട പർവതമേഖലകളിൽ നിന്നും വിശ്വാസ്യതയേറിയ കണക്കുകൾ ലഭ്യമാക്കിയത്.
തമിഴ്‌നാട്ടിൽ മുക്കൂർത്തി നാഷണൽ പാർക്കിലും കേരളാതിർത്തിയോട് ചേർന്ന ഗ്രാസ്ഹിൽസ് നാഷണൽ പാർക്കിലുമാണ് ഏറ്റവുമധികം വരയാടുകളെ കണ്ടെത്തിയിട്ടുള്ളത്. വരയാടുകളുടെ എണ്ണം ലഭ്യമാക്കുകയെന്നതിലുപരി അവയുടെ ഇപ്പോഴത്തെ ഭൂമേഖലാവിന്യാസവും അവ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളും മനസിലാക്കുകയും ക്യാമറാ ട്രാപ്പുകളുപയോഗിച്ച് കൂടുതൽ കൃത്യതയുള്ള വിവരങ്ങൾ ലഭ്യമാക്കുകയുമായിരുന്നു ഇത്തവണത്തെ ലക്ഷ്യം.
ചരിത്രപരമായി, പശ്ചിമഘട്ട മലനിരകളിൽ വലിയൊരു മേഖലയിലെമ്പാടും കാണപ്പെട്ടിരുന്ന വരയാടുകളിൽ നല്ലൊരു ഭാഗവും തോട്ടങ്ങളുടെ ആവിർഭാവവും നിർമ്മാണപ്രവർത്തനങ്ങളും ഭൂവിനിയോഗ രീതികളിൽ വന്ന മാറ്റങ്ങളും കാരണം പിൽക്കാലത്ത് അപ്രത്യക്ഷമായി. ഇത്തരം മേഖലകളിൽ ഇപ്പോൾ അവയുടെ സാന്നിധ്യമുണ്ടോ എന്നറിയുന്നതിനും ഒറ്റപ്പെട്ട വരയാട് ആവാസവ്യവസ്ഥകളെ കണ്ടെത്തി, അവയ്ക്ക് തുടർച്ച പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഈ സർവേ സഹായിച്ചിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘർഷങ്ങളെ ലഘൂകരിക്കുന്നതിന് വരയാടുകളുടെ സംരക്ഷണം സഹായകമാകും. അതിലേക്കായി വരയാടുകളെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിന് സംസ്ഥാനം പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആന്റ് ഫീൽഡ് ഡയറക്ടർ പ്രമോദ് പി പി, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ഹരികൃഷ്ണൻ കെ വി, ഇരവികുളം നാഷണൽ പാർക്ക് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ നിതിൻലാൽ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.