
കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി 2024ലെ ആന്റിബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എസ്എച്ച്എ എക്സിക്യുട്ടീവ് ഡയറക്ടർ അരുൺ കുമാർ, കാർസാപ് നോഡൽ ഓഫിസർ ഡോ. എൻ സരിത, കാർസാപ് കൺവീനർ ഡോ. അരവിന്ദ്, ഡോ. സത്യഭാമ എന്നിവർ പങ്കെടുത്തു. 2022ൽ ഈ സർക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം പുറത്തിറക്കിയത്. ഇത് തുടർച്ചയായ നാലാം തവണയാണ് കേരളം ചിട്ടയായ പ്രവർത്തനങ്ങളോടെ ആന്റിബയോഗ്രാം പുറത്തിറക്കുന്നത്. കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കാർസാപ്), കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സർവൈലൻസ് നെറ്റ് വർക്ക് (കാർസ് നെറ്റ്) എന്നിവ രൂപീകരിച്ചാണ് എഎംആർ പ്രതിരോധം ശക്തമാക്കിയത്.
പ്രതിരോധം വിലയിരുത്തുന്നതിന്റെ ഭാഗമായി 14 ജില്ലകളിലെ 59 ലാബോറട്ടറി ശൃംഖല ഘട്ടം ഘട്ടമായി വികസിപ്പിച്ചു. മുമ്പ് ത്രിതീയ തലത്തിലുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക്കിന്റെ തോതാണ് വിലയിരുത്തിയിരുന്നത്. എന്നാൽ പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക്കിന്റെ തോത് അറിയാനായി വിപുലമായ ശൃംഖല ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നടപ്പിലാക്കിയ ഏക സംസ്ഥാനം കൂടിയാണ് കേരളം. 40,323 സാമ്പിളുകളാണ് കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ അവലോകനം ചെയ്തതെങ്കിൽ ഈ വർഷത്തെ റിപ്പോർട്ടിൽ 55,640 സാമ്പിളുകളാണ് അവലോകനം ചെയ്തത്. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ഡാറ്റയുടെ ശേഖരണത്തിനും വിശകലനത്തിനും ഡബ്ല്യുഎച്ച്ഒ നെറ്റ് സോഫ്റ്റ്‌വേറാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ എഎംആർ പ്രതിരോധം അന്തർദേശീയ ശ്രദ്ധ നേടിയിരുന്നു.
ലോകത്ത് ആദ്യമായി ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച അവേര്‍ മെട്രിക്സ് പ്രകാരം കൾച്ചർ റിപ്പോർട്ടിങ് ഫോർമാറ്റ് വികസിപ്പിച്ച് നടപ്പിലാക്കിയത് കേരളത്തിലാണ്. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. രണ്ട് ആശുപത്രികൾ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ചു. 100 ആശുപത്രികൾ കൂടി ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളായി ഉടൻ മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.