19 January 2026, Monday

കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ കേരളം മുന്നില്‍

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
March 11, 2023 10:38 pm

രാജ്യത്ത് കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഏറ്റവും മുന്നില്‍ കേരളം. 15നും 24നും വയസിനിടയിലുള്ള 93.2 ശതമാനം പേര്‍ക്ക് കമ്പ്യൂട്ടറില്‍ ഒരു ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡര്‍ കോപ്പി ചെയ്യുന്നതിനോ മൂവ് ചെയ്യുന്നതിനോ ഉള്ള പരിജ്ഞാനമുള്ളതായി ദേശീയ സ്ഥിതിവിവര കണക്ക്-പദ്ധതി നിര്‍വഹണ മന്ത്രാലയം പുറത്തുവിട്ട മള്‍ട്ടിപ്പിള്‍ ഇന്‍ഡിക്കേറ്റര്‍ സര്‍വേ വ്യക്തമാക്കുന്നു. 

യുവജനങ്ങളുടെ അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മധ്യ‑വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഏറെ പിന്നിലാണെന്നും ദേശീയ സാമ്പിള്‍ സര്‍വേ ഓഫിസ് നടത്തിയ സര്‍വേ വിലയിരുത്തുന്നു. യഥാക്രമം 87.8 ശതമാനം, 86 ശതമാനം പേര്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള ചണ്ഡീഗഡും ഗോവയും രണ്ടും മൂന്നും സ്ഥാനത്തെത്തി. 24.7 പേര്‍ക്ക് മാത്രം കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള ഉത്തര്‍പ്രദേശ് ഏറ്റവും പിന്നിലാണ്. അസമിലെ യുവജനങ്ങളില്‍ 25.3 ശതമാനം പേര്‍ക്കും ത്രിപുരയില്‍ 26.8 ശതമാനം പേര്‍ക്കും മാത്രമാണ് കമ്പ്യൂട്ടറില്‍ പ്രാഥമിക ജ്ഞാനമെങ്കിലും നേടാനായിട്ടുള്ളത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരിഗണിച്ചാല്‍ ലക്ഷദ്വീപില്‍ 83.1 ശതമാനം പേര്‍ക്കും പുതുച്ചേരിയില്‍ 81. 3 ശതമാനം പേര്‍ക്കും തമിഴ്‌നാട്ടില്‍ 76.3 ശതമാനം പേര്‍ക്കും കമ്പ്യൂട്ടറില്‍ അടിസ്ഥാന പരിജ്ഞാനമുണ്ട്. കര്‍ണാടകയില്‍ ഇത് 69.3 ശതമാനമാണ്. തെലങ്കാനയിലെ കമ്പ്യൂട്ടര്‍ സാക്ഷരത 55.5 ശതമാനവും ആന്ധ്രാപ്രദേശില്‍ 49.3 ശതമാനവും രേഖപ്പെടുത്തി. ദേശീയ ശരാശരി 43.1 ആണെന്നും സര്‍വേ വിലയിരുത്തുന്നു.
വിവിധ സോഫ്റ്റ്‌വേര്‍ ടൂളുകള്‍ ഉപയോഗിച്ച് ഫയലുകളില്‍ പരിഷ്കരണം നടത്താന്‍ കഴിയുന്നവരുടെ എണ്ണം കേരളത്തില്‍ 92.2 ശതമാനമാണ്. ഉത്തര്‍പ്രദേശ് അടക്കമുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് 25 ശതമാനത്തിന് താഴെയാണ്. ഇമെയില്‍ അയയ്ക്കാന്‍ കഴിയുന്നവരുടെ എണ്ണം കേരളത്തില്‍ 75.3 ശതമാനം രേഖപ്പെടുത്തി. 

കമ്പ്യൂട്ടറില്‍ പുതിയ ഉപകരണങ്ങളും സോഫ്റ്റ്‌വേറുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പരിജ്ഞാനം കേരളത്തിലെ 60.2 ശതമാനം യുവജനങ്ങളിലുണ്ട്. ചിത്രങ്ങളും വീഡിയോകളും ശബ്ദവും ഉപയോഗിച്ച് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ നിര്‍മ്മിക്കാനുള്ള പരിജ്ഞാനം 41.6 ശതമാനം രേഖപ്പെടുത്തി. കേരളത്തിലെ 9.6 ശതമാനം പേര്‍ക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കാനുള്ള അറിവുണ്ടെന്നും സര്‍വേ കണ്ടെത്തി. ഭൂരിപക്ഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് ഒരു ശതമാനത്തില്‍ താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

Eng­lish Sum­ma­ry; Ker­ala leads in com­put­er literacy

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.