
മാല പൊട്ടിച്ചോടിയ കള്ളൻമാരെ പിന്തുടർന്ന് കീഴടക്കി കരുത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറിയ ആ ‘ഒരുത്തി’ വയനാട് കൽപ്പറ്റയിൽ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ്. കൽപ്പറ്റ മുൻസിപ്പാലിറ്റി പന്ത്രണ്ടാം വാർഡ് എമിലിത്തടത്തിൽ എൽഡിഎഫിന്റെ സിപിഐ സ്ഥാനാർത്ഥിയാണ് സൗമ്യ. വി കെ പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഒരുത്തീ’ എന്ന സിനിമ സൗമ്യ എസിന്റെ ജീവിതത്തിൽ നിന്നാണ് തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു രൂപപ്പെടുത്തിയത്.
സൗമ്യയുടെ പ്രതിരൂപമായ രാധാമണി എന്ന കഥാപാത്രമായിരുന്നു നവ്യ നായർ അവതരിപ്പിച്ചത്. ജോലി ചെയ്തിരുന്ന കടയിൽ നിന്ന് രാത്രി തേവലക്കര കിഴക്കേക്കരയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ രണ്ടുപേർ മാല തട്ടിയെടുത്ത് കടന്നത്. സങ്കടവും വേദനയും നിസഹായതയും ദേഷ്യവുമെല്ലാം പിടിമുറുക്കിയ നിമിഷം. ഒരു നിമിഷം പതറിയ സൗമ്യ മറ്റൊന്നും ആലോചിക്കാതെ സ്കൂട്ടറിൽ ബൈക്കിനെ പിന്തുടർന്നു. ഒരു കാർ എതിരെ വന്നപ്പോൾ ബൈക്കിന്റെ വേഗത കുറഞ്ഞു. ഈ സമയം സ്കൂട്ടറിന്റെ വേഗത കൂട്ടി സൗമ്യ ബൈക്കിൽ ഇടിപ്പിക്കുകയായിരുന്നു. ഒരാൾ മാലയുമായി രക്ഷപ്പെട്ടെങ്കിലും പ്രതികളിൽ ഒരാളെ സൗമ്യ അതിസാഹസികമായി കീഴടക്കി. പിറ്റേദിവസം ശാസ്താംകോട്ട പൊലീസ് രണ്ടാമത്തെ പ്രതിയെയും പിടികൂടി.
സജീവ സിപിഐ പ്രവർത്തകയാണ് സൗമ്യയുടെ അമ്മ സലോമി. അമ്മയ്ക്ക് ആകെയുള്ള സമ്പാദ്യമായ മാലയായിരുന്നു പ്രതികൾ തട്ടിയെടുത്തത്. ഒട്ടും പതറാതെ, ധീരതയോടെ സൗമ്യ പൊരുതുകയായിരുന്നു. ആ തീ മനസിൽ ജ്വലിപ്പിച്ചാണ് സൗമ്യയിപ്പോൾ മത്സരരംഗത്തുള്ളത്. വോട്ടർമാരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സൗമ്യ ജനയുഗത്തോടു പറഞ്ഞു.
മത്സരരംഗത്ത് ആദ്യമായാണെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമായി രംഗത്തിറങ്ങിയ പരിചയം സൗമ്യയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. വയനാട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആനി രാജയുടെ ഉൾപ്പെടെ പ്രചാരണ പ്രവർത്തനങ്ങളിൽ സൗമ്യ മുൻപന്തിയിലുണ്ടായിരുന്നു. പേരെടുത്ത് വിളിക്കാൻ കഴിയുന്ന ബന്ധം വാർഡിലെ വോട്ടർമാരോട് ഉണ്ട്. പ്രളയസമയത്തും വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സമയത്തുമെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സൗമ്യ സജീവമായിരുന്നു. അഖിലേന്ത്യ ദളിത് അവകാശ സമിതി (എഐഡിആർഎം ) സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളും വയനാട് ജില്ലാ സെക്രട്ടറിയുമാണ് സൗമ്യ. കേരള നവോത്ഥാന മൂല്യസംരക്ഷണ സമിതി വയനാട് ജില്ലാ സെക്രട്ടറി, എഐവൈഎഫ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം, കേരള മഹിളാ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭർത്താവിന് കൽപ്പറ്റ മുൻസിപ്പാലിറ്റിയിലേക്ക് ട്രാൻസ്ഫർ ആയപ്പോഴാണ് 2014ൽ സൗമ്യ വയനാട്ടിലെത്തിയത്. ഭർത്താവ് ഷൈജു മാനന്തവാടി മുൻസിപ്പാലിറ്റിയിലെ ഹെൽത്ത് ഇൻസ്പെക്ടറാണ്. വിദ്യാർത്ഥികളായ സബന്യ എസ്, സോന എസ് എന്നിവരാണ് മക്കൾ. കൽപ്പറ്റയിലാണ് താമസം.
ക്യാപ്ഷന്‍
സൗമ്യ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.