കേരള ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുള്ള ലോജിസ്റ്റിക്സ് മേഖലയില്‍ നിക്ഷേപം ഉയർത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നയം ലക്ഷ്യമിടുന്നു.
സംസ്ഥാനത്തെ വിപുലമായ റോഡ് ശൃംഖലയും, റെയിൽ, പോർട്ട്, ജലഗതാഗതം എന്നിവയുടെ ആനുകൂല്യവും, വിഴിഞ്ഞം, കൊച്ചി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തുറമുഖങ്ങളുടെ സാന്നിധ്യവും ലോജിസ്റ്റിക്സ് മേഖലയ്ക്ക് അനുകൂല ഘടകങ്ങളാണ്. 2023ലെ കേരള വ്യവസായ നയത്തിലെ 22 മുൻഗണനാ മേഖലകളിൽ ഒന്നാണ് ലോജിസ്റ്റിക്സ് ആന്റ് പാക്കേജിങ് മേഖല.
കുറഞ്ഞത് 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വലിയ തോതിലുള്ള ലോജിസ്റ്റിക് പാർക്കുകളും അഞ്ച് ഏക്കറിൽ മിനി ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കാം. ചരക്ക് കൈകാര്യം ചെയ്യൽ സൗകര്യങ്ങള്‍, ആഭ്യന്തര റോഡ് ശൃംഖല പോലെ അടിസ്ഥാന സൗകര്യ ഘടകങ്ങൾ, ഡോർമെറ്ററികൾ, മെഡിക്കൽ സെന്ററുകൾ തുടങ്ങിയ നോൺകോർ ഘടകങ്ങൾ എന്നിവ ഇതോടൊപ്പം ഉണ്ടാകും. ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ലോജിസ്റ്റിക്സ് കോഓർഡിനേഷൻ കമ്മിറ്റിക്ക് ആയിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ലോജിസ്റ്റിക്സ് സെല്ലും നയം വിഭാവനം ചെയ്യുന്നു. ഈ സംവിധാനമായിരിക്കും ലോജിസ്റ്റിക്സ് ആക്ഷൻ പ്ലാൻ നടപ്പിലാക്കുക. നഗരതലത്തിൽ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സിറ്റി ലോജിസ്റ്റിക്സ് കോർഡിനേഷൻ കമ്മിറ്റികളും രൂപീകരിക്കും.
ലോജിസ്റ്റിക്സ് പാർക്കുകൾക്കും മിനി ലോജിസ്റ്റിക്സ് പാർക്കുകൾക്കുമായി ഏകജാലക ക്ലിയറൻസ് സംവിധാനം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒരു ലോജിസ്റ്റിക്സ് പാർക്കിന് പരമാവധി ഏഴ് കോടി രൂപവരെയും, മിനി ലോജിസ്റ്റിക്സ് പാർക്കിന് മൂന്ന് കോടി രൂപവരെയും മൂലധന സബ്സിഡി ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും. ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്ക് ഒരുക്കുന്നതിനായി ഭൂമി ഏറ്റെടുക്കുമ്പോഴും ലീസിനെടുക്കുമ്പോഴും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകും. പൊതുസ്വകാര്യ പങ്കാളിത്തത്തിലും, പൂർണമായും സ്വകാര്യമേഖലയിലും ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാൻ നയത്തിലൂടെ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.