സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സര്‍വീസസിനോട് സമനിലയില്‍ പിരിഞ്ഞ് കേരളം. മത്സരത്തില്‍ ഇരുടീമും ഓരോഗോള്‍ വീതം നേടി. ഗ്രൂപ്പ് എയില്‍ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള കേരളം നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. 22-ാം മിനിറ്റില്‍ സജീഷിന്റെ ഹെഡറിലൂടെ മുന്നിലെത്തിയ കേരളത്തിനെതിരെ ആദ്യ പകുതിയുടെ അധികസമയത്ത് സമിര്‍ മുര്‍മു നേടിയ ഗോളില്‍ സര്‍വീസസ് ഒപ്പമെത്തുകയായിരുന്നു. ഇടതു വിങ്ങിൽനിന്നുള്ള ക്യാപ്റ്റൻ വി അർജുന്റെ ക്രോസില്‍ നിന്നാണ് സജീഷ് ഗോള്‍ കണ്ടെത്തിയത്. പ്രതിരോധത്തിലെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. മുഹമ്മദ് ഷഫീലിന്റെ ത്രോ സ്വീകരിച്ച് ഉഷം റോബിൻസിങ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് തട്ടികയറ്റുന്നതില്‍ കേരളത്തിന് പിഴച്ചു. ഹെഡറിലൂടെ സമീർ മുർമു പട്ടാള സംഘത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ബോള്‍ പൊസിഷനിലും മികച്ച നീക്കങ്ങള്‍ നടത്തുന്നതിലുമെല്ലാം പട്ടാളസംഘമായിരുന്നു മുന്നില്‍. ഫിനിഷിങിലെ പോരായ്മകളാണ് തിരിച്ചടിയായത്. ക്വാര്‍ട്ടറിലെത്തിയതിനാല്‍ തന്നെ സമ്മര്‍ദമേതുമില്ലാതെയാണ് ഇരുടീമും പന്തുതട്ടി തുടങ്ങിയത്. രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണർവോടെ കളിച്ചെങ്കിലും കേരളത്തിന് വിജയഗോള്‍ നേടാനായില്ല. ഒട്ടേറെ അവസരങ്ങൾ സര്‍വീസസിന് ലഭിച്ചെങ്കിലും ഗോളായില്ല. എ ഗ്രൂപ്പിൽ 10 പോയിന്റുമായി സർവീസസാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഗോവ‑അസം പോരാട്ടവും സമനിലയില്‍ അവസാനിച്ചു. മത്സരത്തില്‍ ഇരുടീമും മൂന്ന് ഗോള്‍ വീതം നേടി. സര്‍വീസസ്, ഗോവ, കേരളം, അസം എന്നീ ടീമുകളാണ് ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഗ്രൂപ്പ് ബിയില്‍ ഇന്ന് മിസോറാം-റെയില്‍വേയ്സ്, ഡല്‍ഹി-മണിപ്പൂര്‍, കര്‍ണാടക-മഹാരാഷ്ട്ര എന്നീ മത്സരങ്ങള്‍ നടക്കും.
English Summary:Kerala managed to draw with Services
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.