1 March 2026, Sunday

Related news

March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026

ഒരുമയുടെയും സ്നേഹത്തിന്റെയും കേരള മാതൃക: മുഖ്യമന്ത്രി

Janayugom Webdesk
കൽപറ്റ
March 1, 2026 3:55 pm

നാടിന്റെ ഒരുമയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കേരള മാതൃക ഒരിക്കൽകൂടി രാജ്യത്തിനും ലോകത്തിനും മുമ്പിൽ ഉയർത്തിക്കാട്ടുകയാണ് വയനാട് മാതൃക ടൗൺഷിപ്പ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മനുഷ്യർ ഭേദചിന്തകൾക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോക ശ്രദ്ധ ആകർഷിക്കുകയാണ്. പരസ്പരസ്നേഹത്തോടെ മനുഷ്യർ ഇടകലരുന്നതിൽ അസ്വസ്ഥരാകുന്നവർ സംസ്ഥാനത്തിനെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടി കൂടിയാണ് കേരളത്തിന്റെ ഈ സ്നേഹ മാതൃകയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഒന്നാംഘട്ടം പൂർത്തിയാക്കിയ ടൗൺഷിപ്പ് പദ്ധതി ഒട്ടും എളുപ്പമായിരുന്നില്ല. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട ഒരു ജനതയെ ചേർത്തുപിടിച്ചുപിടിച്ച മനുഷ്യത്വത്തിന്റെ സവിശേഷതയാണ് മുണ്ടക്കൈ — ചൂരൽമല അതിജീവനത്തിൽ നാം കണ്ടത്. വ്യാജപ്രചാരണങ്ങളും കേന്ദ്ര സഹായനിഷേധവും കോടതി വ്യവഹാരങ്ങളും ഉൾപ്പെടെയുള്ള പ്രതിലോമകരമായ ഇടപെടലുകളെയെല്ലാം അതിജീവിച്ചാണ് പദ്ധതി യാഥാർഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുമിച്ചു ജീവിക്കണമെന്ന ദുരന്തബാധിതരുടെ ആഗ്രഹം പരിഗണിച്ചാണ് ടൗൺഷിപ്പ് പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. ദുരന്തബാധിതർക്ക് ഉപജീവനത്തിനായി ഓരോ മാസവും സാമ്പത്തിക സഹായം നൽകുന്നതിന് 17.2 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. സമാശ്വാസ ധനസഹായമായി 13 കോടി രൂപയും അടിയന്തര ധനസഹായമായി 1.3 കോടി രൂപയും വിതരണം ചെയ്തു. ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് സഹായം നൽകുന്നതിന് 2 കോടി രൂപയാണ് ചെലവഴിച്ചത്. 858 കുടുംബങ്ങൾക്ക് പ്രതിമാസം 1,000 രൂപയുടെ ഭക്ഷ്യക്കൂപ്പണും നൽകിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത സഹായപ്രവാഹമാണ് ദുരിതാശ്വാസ നിധിയിലേക്കുണ്ടായത്. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളിലുള്ള സംഘടനകളും വ്യക്തിത്വങ്ങളും സഹായഹസ്തം നീട്ടി. കർണ്ണാടക, ആന്ധ്രാ സർക്കാരുകൾ 10 കോടി രൂപ വീതവും തമിഴ്‌നാട്, രാജസ്ഥാൻ സർക്കാരുകൾ 5 കോടി രൂപ വീതവും സംഭാവനയായി നൽകി. കേന്ദ്രസർക്കാർ വിസമ്മതിച്ച സാഹചര്യത്തിലാണ് ദുരന്തബാധിതരുടെ വായ്പാ കുടിശ്ശികകൾ പൂർണ്ണമായും ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കൾക്കുള്ള 1,620 വായ്പകളുടെ കുടിശ്ശിക തുകയായ 18.75 കോടി രൂപയാണ് സർക്കാർ പൂർണ്ണമായും ഏറ്റെടുത്തത്. മികച്ച രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെയും പ്രതികൂല കാലാവസ്ഥകളെയെല്ലാം മറികടന്നാണ് നിർമ്മാണപ്രവൃത്തികൾ വേഗത്തിലാക്കിയ ആയിരക്കണക്കിന് നിർമ്മാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

അതിജീവനത്തിന്റെ ടൗൺഷിപ്പ്: മന്ത്രി ഒ ആർ കേളു
കൽപറ്റ: നിരവധി പ്രതിസന്ധികളും പ്രതിരോധങ്ങളും അതിജീവിച്ചാണ് വയനാട് ടൗൺഷിപ്പിന്റെ ആദ്യ ഘട നിർമ്മാണം പൂർത്തിയാക്കിയതെന്ന് പട്ടിക ജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഒന്നാം ഘട്ടം എന്നതു പോലെ അവശേഷിക്കുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം തുടർന്നും ഉണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പുതിയ വില്ലേജിലും ടൗൺഷിപ്പ് ഉയരും
*ഗുണഭോക്താക്കൾക്ക് പട്ടയം കൈമാറി
കൽപറ്റ: മേപ്പാടി പുതിയ വില്ലേജിൽ ചൂരൽമലയിലെ 13 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ടൗൺഷിപ്പ് ഉയരും. വെള്ളരിമല വില്ലേജിലെ സർവെ നമ്പർ 126 ൽ ഉൾപ്പെട്ട 5 ഹെക്ടർ ഭൂമിയിലാണ് ഏൽസ്റ്റണിലേതിന് സമാനമായ ടൗൺഷിപ്പ് പൂർത്തീകരിക്കുന്നത്. ഏറാട്ടുകുണ്ട്, പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉന്നതികളിലെ 13 കുടുംബങ്ങൾക്ക് ഭൂമിയുടെ കൈവശ രേഖ കൈമാറി. ഏൽസ്റ്റണിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഞ്ചിരിമട്ടം ഉന്നതിയിലെ ചണ്ണയ്ക്ക് രേഖ കൈമാറി. ഓരോ കുടുംബത്തിനും 10 സെന്റ് ഭൂമിയുടെ രേഖയാണ് നൽകിയത്. പുതിയ വില്ലേജിൽ ഒരുങ്ങുന്ന ടൗൺഷിപ്പിൽ 13 കുടുംബങ്ങളിലെ 57 പേർക്കാണ് തണലൊരുങ്ങുന്നത്. പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉന്നതികളിലെ കുടുംബങ്ങൾ സർക്കാറിന്റെ 2- ബി പട്ടികയിൽ ഉൾപ്പെട്ടവരാണ്. ദുരന്തബാധിത മേഖലയിലെ നോ ഗോ സോൺ മേഖലയിലൂടെ മാത്രം സഞ്ചാരപാതയുള്ളത് കൊണ്ടാണ് സർക്കാർ ഉന്നതിക്കാരെ പുതിയ വില്ലേജിലേക്ക് പുനരധിവസിപ്പിക്കുന്നത്. ഏറാട്ടുകുണ്ട് റെഡ് സോൺ പരിധിയിൽ ഉൾപ്പെട്ടതിനാൽ കാലവർഷങ്ങളിൽ താത്ക്കാലിക പുനരധിവാസം ആവശ്യമുള്ളതിനാലാണ് മേഖലയിലെ കുടുംബങ്ങളെ ടൗൺഷിപ്പിലേക്ക് പരിഗണിച്ചത്. ടൗൺഷിപ്പിന്റെ നിർമ്മാണ ചുമതല ഊരാളുങ്കളിനാണ്.

ഇതാ, വാഗ്ദാനം ചെയ്ത വയനാട്
കൽപറ്റ: 2024 ജൂലൈ 30 ന് പുലർച്ചെ പുഞ്ചിരിമട്ടത്തെ മലഞ്ചെരിവിൽ 1750 അടി മുകളിൽ പൊട്ടിയ ഉരുൾ ഉലച്ച വയനാട് എന്ന മണ്ണിന് 579 ദിവസങ്ങൾക്ക് ശേഷം പുനർജനി. 298 ജീവനുകൾ നഷ്ടപ്പെട്ട് ഒന്നാകെ ഛിന്നഭിന്നമായ ഒരു ജനതയ്ക്ക് ലോകമെമ്പാടുമുള്ള മലയാളികൾ നൽകിയ വാഗ്ദത്തത്തിന്റെ പൂർത്തീകരണത്തിനായിരുന്നു ഞായറാഴ്ച കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് നിറഞ്ഞ മനസ്സോടെ സാക്ഷ്യം വഹിച്ചത്.
പ്രകൃതി ദുരന്തത്തിൽ ഉലഞ്ഞുപോയ നാടിനെ തിരികെയേൽപ്പിക്കാൻ ഓരോ മലയാളിയും കൂടെ നിന്നു. ഹാനിയുടെയും നൈസ മോളുടെയും വത്സലയുടെയും ശ്രുതിയുടെയും മാധവിയുടെയും ശെൽവരാജിന്റെയും ഉള്ളുലയ്ക്കുന്ന നൊമ്പരങ്ങളെ ഹൃദയത്തിൽ ഏറ്റുവാങ്ങി.
“ഞങ്ങൾക്ക് പഴയതുപോലെ ഒന്നിച്ചു ജീവിക്കണം” എന്ന അതിജീവിതരുടെ ആവശ്യത്തെ നെഞ്ചിലേറ്റിയ സംസ്ഥാന സർക്കാർ രാജ്യത്തെ ദുരന്തനിവാരണ ചരിത്രത്തിലെ ആദ്യത്തെ സംയോജിത ടൗൺഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ദുരന്തം നടന്നു 63ാം ദിവസം കൽപറ്റ ബൈപ്പാസിന് അടുത്തുള്ള എൽസ്റ്റൺ എസ്റ്റേറ്റ് പദ്ധതിക്കായി കണ്ടെത്തി. കോടതി നടപടികൾ തടസ്സപ്പെടുത്തിയത് വേഗം കുറച്ചെങ്കിലും കഴിഞ്ഞ വർഷം മാർച്ച് 27 ന് ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 410 വീടുകൾ ടൗൺഷിപ്പിൽ ഉയരുമെന്ന് പ്രഖ്യാപിച്ചു. ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ, അംഗനവാടി, മാർക്കറ്റ്, കളിസ്ഥലം, റോഡുകൾ, പാലം, സ്മാരകം എന്നിങ്ങനെ പദ്ധതിയിൽ വിഭാവനം ചെയ്ത ഓരോ കാര്യങ്ങളും പ്രഖ്യാപിച്ചു. ഏപ്രിൽ 11 ന് സ്ഥലം ഏറ്റടുത്ത് രണ്ട് ദിവസത്തിനകം വീട് നിർമാണം തുടങ്ങി. മാതൃക വീട് പൂർത്തിയാക്കി അത് കാണാൻ ജനങ്ങളെ ക്ഷണിച്ചു. മേൽത്തരം വൈദഗ്ദ്യവും എഞ്ചിനീയറിംഗ് മേന്മയും ബ്രാൻഡഡ് വസ്തുക്കളും ഉപയോഗിച്ചുള്ള നിർമാണം കണ്ടു ആളുകൾക്ക് സ്വയം ബോധ്യപ്പെട്ടു. നിർത്താതെ പെയ്ത മഴയെയും കൂസാതെ അഭംഗുരം മുന്നോട്ട് പോയ നിർമാണ പ്രവൃത്തി, ദുരന്ത ദിനം കഴിഞ്ഞു 579 ദിനങ്ങൾ പൂർത്തിയായപ്പോൾ ആദ്യ ഘട്ടത്തിലെ 178 വീടുകൾ പൂർത്തിയായി. ഞായറാഴ്ച എൽസ്റ്റണിൽ മാതൃക ടൗൺഷിപ്പ് പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിൽ പട്ടയം സ്വീകരിച്ച ചൂരൽമല സ്വദേശി 70‑കാരി മാധവി മുഖ്യമന്ത്രിയുടെ കൈയിൽ മുത്തമിട്ട് കണ്ണീർ വാർത്തപ്പോൾ അത് ഉയിർത്ത വയനാടിന്റ നന്ദിസൂചകമായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar