18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 4, 2024
November 2, 2024
November 1, 2024
September 13, 2024
August 30, 2024
August 29, 2024
July 15, 2024
July 13, 2024
July 12, 2024

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്താനാവില്ലെന്ന് യുഡിഎഫും

സഭയ്ക്ക് പുറത്തെ രാഷ്ട്രീയനിലപാടുകള്‍ മാറ്റിമറച്ച് പ്രതിപക്ഷം
web desk
തിരുവനന്തപുരം
December 6, 2022 3:11 pm

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മ്മാണം നിര്‍ത്തരുതെന്ന് യുഡിഎഫ് അംഗങ്ങള്‍ നിയമസഭയില്‍. വിഴിഞ്ഞം പദ്ധതി നിർത്തണമെന്ന അഭിപ്രായമില്ലെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചര്‍ച്ചയില്‍ തുറന്നുപറഞ്ഞു. അടിയന്തരപ്രമേയം അവതരിപ്പിച്ച എം വിൻസെന്റ് എംഎൽഎയും തുറമുഖം വേണമെന്ന നയത്തില്‍ ഉറച്ചുനിന്നു. വിഴിഞ്ഞത്തെ സമരത്തിനും പ്രശ്നങ്ങള്‍ക്കും പരിഹാരം വേണമെന്നായിരുന്നു പ്രധാന ആവശ്യം. തനിക്ക് പ്രമേയം അവരിപ്പിക്കാന്‍ അനുമതി തരികയും അത് ചർച്ച ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തത് സ്വാഗതാർഹമെന്നും എം വിൻസെന്റ് പറഞ്ഞു.

സജി ചെറിയാന്‍ ആയിരുന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ ആവശ്യപ്പെട്ടു. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകിയത് യുഡിഎഫ് ഭരിക്കുമ്പോഴാണ്. അന്നും ഞങ്ങൾ തുറമുഖത്തെ സ്വാഗതം ചെയ്തു. തുറമുഖ നിർമാണം നിർത്താനാകില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഒറ്റ പ്രശ്‌നത്തിലാണ് ചര്‍ച്ച നില്‍ക്കുന്നത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്നു പറയാന്‍ കാരണങ്ങളുണ്ട്. ഏറ്റവും വലിയ പ്രധാന്യം, അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണ് വിഴിഞ്ഞം തുറമുഖം. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാകും. ദുബായ് അടക്കമുള്ള തുറമുഖങ്ങളേക്കാള്‍ സാമ്പത്തിക വരുമാനമുള്ള തുറമുഖമായി ഇത് മാറും. ദുബായില്‍ കടലില്‍ നിന്ന് മണ്ണ് മാറ്റിയാണ് കണ്ടെയിനര്‍ കൊണ്ടുപോകുന്നത്. വിഴിഞ്ഞത്ത് അതിന്റെ ആവശ്യമില്ല. അന്താരാഷ്ട്ര തലത്തില്‍ വലിയ തോതില്‍ നമുക്ക് ഗുണം ചെയ്യുന്ന പദ്ധതിയാണിത്. ലോക മാധ്യമങ്ങള്‍ പോലും വലിയ പ്രധാന്യത്തോടെ ചര്‍ച്ചചെയ്യുന്ന ഒരു തുറമുഖമാണ് വിഴിഞ്ഞം. നാടിന്റെ മുഖച്ഛായ മാറും എന്നുള്ളതുകൊണ്ടാണ് യുഡിഎഫ് ഇതിനെ എതിര്‍ക്കുന്നത്. നിങ്ങള്‍ക്ക് ആത്മാര്‍ത്ഥത ഇല്ലാഞ്ഞിട്ടല്ല. അത് ഞങ്ങളുടെ കാലത്താകണം എന്ന വൈകല്യചിന്തയുണ്ട്.

115 വര്‍ഷം മുമ്പ് വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നതാണ്. ഈ തുറമുഖം ഇവിടെ വരാതിരിക്കുന്നതിന് വലിയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണോ വേണ്ടയോ എന്നതാണ് നിങ്ങള്‍ ഇപ്പോള്‍ പറയേണ്ടത്. പദ്ധതിയുടെ ഭാഗമായി വീടും സ്ഥലവും നല്‍കി ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 2.94 ഏക്കര്‍ സ്ഥലത്ത് 194 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി. പ്രാദേശിക തര്‍ക്കത്തെ തുടര്‍ന്ന് അത് നടക്കാതെ പോയി എന്ന കാര്യം വിന്‍സെന്റിനറിയാം. അത് പ്രാദേശികമായ സാമുദായിക പ്രശ്‌നമാണ്. അത് പക്വതയോടെ ചര്‍ച്ച ചെയത് മാത്രമേ പരിഹരിക്കാന്‍ കഴിയൂ. അതിന് പരിഹാരം കണ്ടിരുന്നെങ്കില്‍ ഗോഡൗണില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് എന്നേ വീടുവച്ച് കൊടുക്കാന്‍ കഴിയുമായിരുന്നു. എന്തുകൊണ്ടാണ് അവിടുത്തെ എംഎല്‍എ എം വിന്‍സെന്റ് ആ പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈ എടുക്കാതിരുന്നതെന്നും സജി ചെറിയാന്‍ ചോദിച്ചു. ഏഴ് ആവശ്യങ്ങളില്‍ ആറും അംഗീകരിച്ച സര്‍ക്കാര്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കും. ഏഴാമത്തെ ആവശ്യത്തില്‍ ഒരുഭാഗം ഞങ്ങള്‍ അംഗീകരിച്ചു. ഈ സമരം ഒത്തുതീര്‍പ്പാക്കാന്‍ ലത്തീന്‍സഭ ഭാരവാഹികളും സമരസമിതിയും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് പാരവയ്ക്കാന്‍ വരരുതന്നാണ് യുഡിഎഫിനോടുള്ള അഭ്യര്‍ത്ഥനയെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഊഴം. പദ്ധതിക്കായി വാചാലനാവുകയായിരുന്നു ചെന്നിത്ത. 2019 ൽ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സർക്കാരാണെന്നാണ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞത്. ഏഴ് വർഷമായി പദ്ധതിക്ക് വേണ്ടി എല്‍ഡിഎഫ് സർക്കാർ ഒന്നും ചെയ്തിട്ടില്ല. എം വി രാഘവനാണ് 1992ൽ തുറമുഖ മന്ത്രിയായിരിക്കെ ഈ പദ്ധതി തുടങ്ങിയത്. മൂന്ന് തവണ ടെണ്ടർ ചെയ്തിട്ടും ആരും വന്നില്ല. പിന്നീട് വന്നത് ചൈനീസ് കമ്പനിയാണ്. കേന്ദ്ര സർക്കാർ സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചു. അവസാനമാണ് അഡാനിയുമായി കരാർ ഒപ്പിട്ടത്. ആ കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അഭിനന്ദിക്കണം. എന്നാൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ എൽഡിഎഫ് പങ്കെടുത്തില്ല. പദ്ധതിയെ എതിർത്ത് അന്ന് വി എസ് അച്യുതാനന്ദൻ പ്രസ്താവനയിറക്കിയെന്നും ചെന്നിത്തല പറഞ്ഞു.

വിഴിഞ്ഞത്ത് 475 കോടിയുടെ പാക്കേജ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് ചെന്നിത്തല ചോദിച്ചു. ഏഴ് വർഷമായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളുണ്ടോ എന്ന് മുഖ്യമന്ത്രി പറയണം. ആന്റണി രാജുവിന്റെ സഹോദരൻ വിജയൻ തീവ്രവാദി ആണോ? മന്ത്രി അബ്ദുറഹ്‌മാൻ തികഞ്ഞ മതേതര വാദിയാണെന്നും അക്രമത്തോട് യോജിപ്പില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അക്രമം ആര് നടത്തിയാലും യോജിപ്പില്ല. എന്നാൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. വിഴിഞ്ഞം പദ്ധതി നിർത്തണമെന്ന അഭിപ്രായമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. തുടര്‍ന്ന് മുഹമ്മദ് മുഹ്സിന്‍, പി കെ കുഞ്ഞാലിക്കുട്ടി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അനൂപ് ജേക്കബ്, തോമസ് കെ തോമസ്, മോന്‍സ് ജോസഫ്, വി ജോയ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി കെ കുഞ്ഞാലിക്കുട്ടിയും പദ്ധതി വേണമെന്ന നിലപാട് നിയസഭയെ അറിയിച്ചു. പദ്ധതിയുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ കുഞ്ഞാലിക്കുട്ടി അഭിനന്ദിക്കുകയും ചെയ്തു. മന്ത്രി വി അബ്ദുറഹ്മാനെതിരെയുള്ള ഫാ. തിയോഡേഷ്യസിന്റെ പരാമര്‍ശം അങ്ങേയറ്റം മോശവും അപലപനീയവുമാണ്. ഒരിക്കലും അതിനെ ന്യായീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞത്ത് യുഡിഎഫിന്റേത് വെറും പ്രഖ്യാപനം മാത്രമായിരുന്നുവെന്നാണ് മുഹമ്മദ്മുഹ്സിന്‍ പറഞ്ഞത്. ഒന്നും നടപ്പാക്കാനായില്ല. ആസൂത്രിതമായി പദ്ധതിയെ അട്ടിമറിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും മുഹ്സിന്‍ പറഞ്ഞു. പദ്ധതിയെ ഒരിക്കലും എതിര്‍ക്കില്ലെന്ന് മോന്‍സ് ജോസഫും അഭിപ്രായപ്പെട്ടു. അടിയന്തരപ്രമേയം അവതരിപ്പിച്ച എം വിന്‍സെന്റിനെയും കോണ്‍ഗ്രസിനെയും അതിരൂക്ഷമായി വിമര്‍ശിച്ചാണ് വി ജോയ് ചര്‍ച്ചയ്ക്ക് വിരാമമിട്ടത്.

സബ്മിഷന്‍ പോലും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി കൊണ്ടുവരാന്‍ വിന്‍സെന്റ് ശ്രമിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരിടപെടലും വിന്‍സെന്റ് ഈ വിഷയത്തില്‍ നടത്തിയില്ല. വിന്‍സെന്റിന് മാത്രമല്ല കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്തവുമില്ല. പദ്ധതിക്കെതിരായാണ് കോണ്‍ഗ്രസ് നേതാക്കളെല്ലാം പുറത്ത് വാദിക്കുന്നത്. അത് മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കാനാണ്. വേണ്ടിവന്നാല്‍ വിഴഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്പ്പിക്കാനും ഇടതുമുന്നണി സര്‍ക്കാരിനെ താഴെയിറക്കാനും വിമോചന സമരം വരെ നടത്തുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍ പോലും പ്രസംഗിക്കുന്നത്. അദ്ദേഹം നെഹ്രുവിനെയും തള്ളിപ്പറയുന്നു. ആര്‍എസ്എസിലേക്ക് പോകുമെന്നും പ്രഖ്യാപിക്കുന്നു. ഒരു നിലപാടുമില്ലാതെ എല്ലാവര്‍ക്കും ഒപ്പമെന്ന് തോന്നിപ്പിക്കാന്‍ എന്തൊക്കെയൊ ചെയ്യുകയാണെന്നും വി ജോയ് പറഞ്ഞു.

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസംഗത്തിനുശേഷം ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ നടക്കുന്നുണ്ടെന്നും സമരസമിതി നേതാക്കളുമായി ചര്‍ച്ചകള്‍ തുടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ച വൈകിയെന്ന ആരോപണം ശരിയല്ല. ഒരു അലംബാവവും അക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്ത മുഴുവന്‍ നടപടികളും ഇടപെടലുകളും മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. സമരമാണ് വിഷയം. സമരത്തിന് പുറത്തുനിന്ന് ബാഹ്യഇടപെടലുകള്‍ ഉണ്ടോ എന്ന് സംശയിക്കുന്നു. അത് ഇപ്പോള്‍ ഉണ്ടായ സംശയം അല്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഉണ്ടായി. അന്ന് യുഡിഎഫ് അംഗം കെ ബാബു (തൃപ്പുണ്ണിത്തുറ) ഉന്നയിച്ച പഴയ ചോദ്യം മുഖ്യമന്ത്രി വായിച്ചു. ഇപ്പോഴും അത് തുടരുന്നു. പുറമെനിന്ന് സമരം നിയന്ത്രിക്കുന്നുണ്ടോ എന്നാണ് സംശയം.

പദ്ധതി പ്രദേശത്ത് പ്രഖ്യാപിച്ച ക്ഷേമ‑വികസന പ്രവര്‍ത്തനങ്ങളെല്ലാം നടത്തി. സമരസമിതി ആവശ്യപ്പെട്ട ഏഴില്‍ ആറ് ആവശ്യങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്നത് പദ്ധതി നിര്‍ത്തണമെന്നതാണ്. അത് നടപ്പാക്കാനാവില്ല. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. അതിന്റെ ഭാഗമായാണ് സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചത്. ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരിക്കുന്നത് വിഴിഞ്ഞം തുറമുഖനിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ്. സമരവുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചഘട്ടത്തിലാണ് സമരത്തിനുനേരെ പൊലീസിന് നടപടി എടുക്കേണ്ടിവന്നത്. ആശുപത്രിയിലേക്കുള്ള ആംബുലന്‍സുകളും പരീക്ഷാസെന്ററുകളിലേക്ക് പോയ വിദ്യാര്‍ത്ഥികളെയും സമരക്കാര്‍ തടഞ്ഞിരുന്നു. അത് പൊലീസ് കൈകാര്യം ചെയ്തില്ലെങ്കില്‍ കോടതി ഉത്തരവിന് വിരുദ്ധമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സമീപനം മാതൃകാപരമായിരുന്നു. അതിരുവിട്ട് പൊലീസും സര്‍ക്കാരും യാതൊന്നും ചെയ്തിട്ടില്ല.

475 കോടി യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഒരു തുകയും വകയിരുത്താതെയാണ് യുഡിഎഫ് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചത്. ഉത്തരവ് ഇറക്കിയാല്‍ പാക്കേജാവില്ല. ഇപ്പോള്‍ യുഡിഎഫ് ഉന്നയിക്കുന്ന വാദം തെറ്റാണ്. പുനരധിവാസ പദ്ധതിപോലും ഏറെക്കുറെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. 475 കുടുംബങ്ങള്‍ക്കാണ് തിരുവനന്തപുരം ജില്ലയില്‍ വീട് നല്‍കിയത്. ശേഷിക്കുന്നവര്‍ക്കുള്ള ഫ്ലാറ്റ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

updat­ing…

Eng­lish Sam­mury: UDF also said that Vizhin­jam port con­struc­tion can­not be stopped

 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.