
ദേശീയ ശുചിത്വ റാങ്കിങ്ങിൽ തിളക്കമേറിയ നേട്ടം കൈവരിച്ച് കേരളം. ചരിത്രത്തിലാദ്യമായി രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള എട്ട് നഗരങ്ങൾ ഇടംനേടി. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷാണ് നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചത്. കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും കേരളത്തിലെ ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല. അവിടെ നിന്നാണ് കേരളം മാലിന്യസംസ്ക്കരണ രംഗത്ത് വൻ മുന്നേറ്റം നടത്തി ചരിത്രം കുറിച്ചത്. കേരളത്തിലെ ആകെയുള്ള 93 നഗരസഭകളിൽ 82 എണ്ണവും ഇക്കുറി ആയിരം റാങ്കിൽ ഇടം നേടി. ഒപ്പം, സ്പെഷ്യൽ കാറ്റഗറിയിലെ മിനിസ്റ്റീരിയൽ അവാർഡ് മട്ടന്നൂർ നഗരസഭ സ്വന്തമാക്കി. ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്തിനൊപ്പം മന്ത്രി അവാർഡ് ഏറ്റുവാങ്ങി.
വെളിയിട വിസർജ്യമുക്തമായ നഗരങ്ങൾക്കുള്ള ഏറ്റവും ഉയർന്ന റാങ്കിങ്ങായ വാട്ടർ പ്ലസ് റേറ്റിങ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെ നഗരമായി തിരുവനന്തപുരം മാറി. ഇതിന് പുറമേ 13 നഗരങ്ങൾക്ക് ഒഡിഎഫ്, 77 നഗരങ്ങൾക്ക് ഒഡിഎഫ് പ്ലസ്, മൂന്ന് നഗരങ്ങൾ ഒഡിഎഫ് പ്ലസ് പ്ലസ് റേറ്റിങ്ങും സ്വന്തമാക്കി. മാലിന്യമുക്ത നഗരങ്ങൾക്കുള്ള (ഗാര്‍ബേജ് ഫ്രീ സിറ്റി സ്റ്റാര്‍ റേറ്റിങ് ) ത്രീ സ്റ്റാർ റേറ്റിങ് മൂന്ന് നഗരങ്ങളും വൺ സ്റ്റാർ റേറ്റിങ് 20 നഗരങ്ങളും സ്വന്തമാക്കി. തിളക്കമേറിയ നേട്ടം സ്വന്തമാക്കിയ എല്ലാ നഗരസഭകളെയും ഭരണസമിതികളെയും പൗരാവലിയെയും സംസ്ഥാന സർക്കാരിന് വേണ്ടി അഭിനന്ദിക്കുന്നതായും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.