നീതിന്യായ വ്യവസ്ഥയിൽ കേരളം ഒന്നാം സ്ഥാനത്ത്. നീതി നടപ്പാക്കുന്നതിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തുന്ന ഏക റാങ്കിങ് ആയ 2025ലെ ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് (ഐജെആർ) പ്രകാരമാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. ഹൈക്കോടതി ജഡ്ജിമാരുടെയും ജീവനക്കാരുടെയും ഏറ്റവും കുറഞ്ഞ ഒഴിവുകൾ കേരളത്തിലാണെന്ന് ഐജെആർ 2025 ചൂണ്ടിക്കാട്ടുന്നു. ജയിലുകളുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് കേരളം. അതേസമയം വലിയ ഇടത്തരം സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒരു കോടിയിൽ കൂടുതൽ ജനസംഖ്യയുള്ളവയിൽ മൊത്തത്തിൽ നാലാമതാണ് കേരളത്തിന്റെ സ്ഥാനം. 2022ൽ നടന്ന റാങ്കിങിൽ ആറാം സ്ഥാനത്തായിരുന്ന കേരളം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.
കർണാടക ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ആന്ധ്രാപ്രദേശ് അഞ്ചില്‍ നിന്നും രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. തെലങ്കാന (2022 റാങ്കിങ്: മൂന്ന്) മൂന്നാം സ്ഥാനം നിലനിർത്തി. ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള ഏഴ് ചെറിയ സംസ്ഥാനങ്ങളിൽ സിക്കിം (2022: ഒന്ന്) ഒന്നാം സ്ഥാനത്തും ഹിമാചൽ പ്രദേശ് (2022: ആറ്), അരുണാചൽ പ്രദേശ് (2022: രണ്ട്) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തും എത്തി. കേരളത്തിൽ ജില്ലാ കോടതി ജഡ്ജിമാരിൽ പകുതിയോളം സ്ത്രീകളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പൊലീസിലെ കോൺസ്റ്റബിൾമാരിൽ 10 ശതമാനത്തിൽ താഴെ ഒഴിവുകൾ രേഖപ്പെടുത്തുന്ന സംസ്ഥാനവും കോൺസ്റ്റബിൾമാരിൽ എസ്‌സി, ഒബിസി ക്വാട്ടകൾ നിറവേറ്റുകയും എസ്‌ടികളിൽ 97 ശതമാനം ഉയർന്ന പ്രാതിനിധ്യം നൽകുകയും ചെയ്യുന്ന സംസ്ഥാനവും കേരളമാണ്. ഒന്ന് മുതൽ മൂന്ന് വർഷമായി തടവിലാക്കപ്പെട്ട വിചാരണ തടവുകാർ ഒമ്പത് ശതമാനമാണ്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കും കേരളത്തിലാണ്. അതേസമയം പൊലീസ് ഉദ്യോഗസ്ഥരിൽ മൂന്ന് ശതമാനം മാത്രമാണ് കേരളത്തില്‍ സ്ത്രീകൾ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ രാജ്യത്തെ ഏറ്റവും കുറവ് ശതമാനമാണ് കേരളത്തിൽ. ജില്ലാ കോടതികളിൽ എസ്‌ടി ജഡ്ജിമാരുടെ മോശം പ്രാതിനിധ്യവും കേരളത്തിലാണ്. രണ്ട് ശതമാനം സംവരണത്തിൽ 84 ശതമാനമാണ് നിലവിലെ ഒഴിവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.